തെലുങ്ക് സിനിമയില്‍ അത്ര താരപരിവേഷമില്ലാത്ത നടി ഹന്‍സിക മോട്‌വാണിയാണ് ഇപ്പോള്‍ തെലുങ്ക് സിനിമാരംഗത്തെ വാര്‍ത്താ താരം. കാരണം മറ്റൊന്നുമല്ല, പുതിയൊരു തെലുങ്ക് സിനിമയില്‍ അഭിനയിക്കാന്‍ ഹന്‍സിക ആവശ്യപ്പെട്ട പ്രതിഫലമാണ് നടിയെ വാര്‍ത്തകളില്‍ ഇടംപിടിപ്പിച്ചത്. രാജ് കിരണ്‍ സംവിധാനം ചെയ്യുന്ന ലുക്കുനോഡു എന്ന സിനിമയില്‍ നായികയാവാന്‍ ഒരു കോടി രൂപയാണ് ഹന്‍സിക ആവശ്യപ്പെട്ടിരിക്കുന്നതെന്ന് ചിത്രത്തിന്റെ അണിയറക്കാര്‍ വെളിപ്പെടുത്തി. മഞ്ചു വിഷ്ണുവാണ് ചിത്രത്തിലെ നായകന്‍.
തെലുങ്ക് സിനിമകളില്‍ സ്ഥിരം അഭിനയിക്കാത്ത ഹന്‍സിക ആവശ്യപ്പെട്ട പ്രതിഫലം ചിത്രത്തിന്റെ നിര്‍മാതാക്കളെയും സിനിമാരംഗത്തുള്ളവരെയും അമ്പരപ്പിച്ചെന്നാണു റിപ്പോര്‍ട്ടുകള്‍. കാര്യം ഇതൊക്കെയാണെങ്കിലും ഈ സിനിമയിലെ വേഷത്തിന് യോജിച്ച മറ്റൊരാളെ കിട്ടാത്തതുകൊണ്ട് ഹന്‍സികയുടെ നിര്‍ബന്ധത്തിന് നിര്‍മാതാക്കള്‍ വഴങ്ങിയെന്നാണു വിവരം.വിഷ്ണുവിനൊപ്പമുള്ള ഹന്‍സികയുടെ മൂന്നാമത്തെ ചിത്രമാണിത്. ദേനികൈന റെഡ്ഡി, പാണ്ഡവുലു പാണ്ഡവുലു തുമ്മെഡാ എന്നിവയാണ് ആ സിനിമകള്‍. ഇതില്‍ ദേനികൈന റെഡി സൂപ്പര്‍ ഹിറ്റായിരുന്നു.