ആലപ്പുഴ: വാഹനങ്ങളില്‍ സ്വന്തം ഇഷ്ടപ്രകാരം രൂപമാറ്റം വരുത്തുന്നത് ഹൈക്കോടതി നിരോധിച്ചിട്ടുണ്ടെങ്കിലും നിരോധനം നടപ്പാക്കാന്‍ പോലീസ് കാര്യക്ഷമായി ഇടപെടാത്തതു മൂലം ന്യൂ ജെന്‍ വാഹനങ്ങള്‍ നിരത്തുകളില്‍ ചീറിപായുന്നു.ഓട്ടോമോട്ടീവ് റിസര്‍ച്ച് ഇന്ത്യയുടെ അംഗീകാരത്തോടെ നിര്‍മാതാക്കള്‍ പുറത്തിറക്കുന്ന വാഹനങ്ങളുടെ ഒരു ഭാഗത്തിലും മാറ്റം വരുത്തരുതെന്നതാണ് നിയമം. ഇത്തരത്തില്‍ മാറ്റം വരുത്തുന്ന വാഹനങ്ങള്‍ക്കെതിരെ കേസെടുക്കണമെന്ന് മാസങ്ങള്‍ക്ക് മുമ്പ് കേരള ഹൈക്കോടതി ഉത്തരവിട്ടിരുന്നു. എന്നാല്‍ ഈ വിധി നടപ്പാക്കാന്‍ ഗതാഗത ചുമതലയുള്ള ഉദ്യോഗസ്ഥരാരും തന്നെ തയാറായിട്ടില്ല.
മോട്ടോര്‍ വാഹന വകുപ്പും പോലീസും വാഹന പരിശോധനകള്‍ നടത്തുമ്പോള്‍ ഇത്തരം വാഹനങ്ങളെ കണ്ടില്ലെന്ന് നടിക്കുകയാണ് ചെയ്യുന്നത്. ബൈക്കുകളുടെ സൈലന്‍സര്‍ ഹെഡ്‌ലൈറ്റ്, ഹാന്‍ഡില്‍ എന്നിവയിലാണ് പ്രധാനമായും യൂവജനങ്ങള്‍ മാറ്റം വരുത്തുന്നത്. വാഹനത്തിന്റെ നിറവും സ്റ്റിക്കറും വരെ മാറ്റുന്നവരുമുണ്ട്. ഗിയറില്ലാത്ത വാഹനങ്ങളാണ്് ഇപ്പോഴത്തെ ന്യൂജെന്‍ ട്രന്‍ഡ്. ഹൈക്കോടതി വിധി വന്നതിന്റെ പശ്ചാത്തലത്തില്‍ രൂപ മാറ്റം വരുത്തിയ വാഹനങ്ങള്‍ ആദ്യം പിടികൂടി താക്കീത് ചെയ്യാനും തുടര്‍ന്ന് കേസെടുക്കാനുമായിരുന്നു മോട്ടോര്‍ വാഹന വകുപ്പിന്റെയും പോലീസിന്റെയും തീരുമാനമെങ്കിലും ഇത് പിന്നീട് നടപ്പായില്ല. നിരത്തുകളില്‍ അമിത വേഗതയിലാണ് ഇത്തരം ന്യൂ ജെന്‍ വാഹനങ്ങള്‍ സഞ്ചരിക്കുന്നത്.
ഹെല്‍മെറ്റില്ലാതെയും രണ്ടിലധികം യാത്രക്കാരെ കയറ്റിയും നഗരത്തിലടക്കം ചീറിപായുന്ന ഇവ കാല്‍നടയാത്രക്കാര്‍ക്ക് ഭീഷണിയാണ്. സീബ്രാ ലൈനുകളില്‍ റോഡ് ക്രോസ് ചെയ്യുന്നവരെ പോലും ഇടിച്ചിട്ടാണ് ഇത്തരം വാഹനങ്ങളുടെ പാച്ചില്‍. കഴിഞ്ഞദിവസം ജില്ലാ കോടതിയ്ക്ക് മുന്നിലെ സീബ്രാ ലൈനില്‍ ഇത്തരത്തില്‍ ഒരു ഇരുചക്രവാഹനം കുടുംബത്തോടെ റോഡ് മുറിച്ചു കടന്ന ഗൃഹനാഥനെ തട്ടിയിരുന്നു. അപകടം കണ്ട് മറ്റ് യാത്രക്കാര്‍ ബഹളമുണ്ടാക്കിയെങ്കിലും വാഹനം ഓടിച്ചിരുന്ന യുവാവ് തിരിഞ്ഞുപോലും നോക്കാതെ രക്ഷപ്പെടുകയായിരുന്നു. നഗരത്തിന്റെ മിക്കിലും മൂലയിലും പാലത്തിന്റെ ഓരത്തുമെല്ലാം ഹെല്‍മെറ്റ് പിടിക്കുന്നതിനായി ട്രാഫിക് പോലീസ് ആലപ്പുഴ നഗരത്തില്‍ അമിത ആവേശം കാട്ടുമ്പോഴും ഇത്തരം വാഹനങ്ങള്‍ നിരത്തുകളില്‍ നിര്‍ബാധം ചീറിപായുകയാണ്.