ഹോക്കിയുടെ മുഖശ്രീ

SP-SREEJESHHOKEYതോമസ് വര്‍ഗീസ്

ഹോക്കിയിലെ മുടിചൂടാമന്നന്മാരായിരുന്ന ഇന്ത്യ പോയകാല പ്രതാപം വീണെ്ടടുക്കാനായി റിയോ ഒളിമ്പിക്‌സിനായി യാത്രതിരിക്കുമ്പോള്‍ ഓരോ മലയാളികള്‍ക്കും ഇരട്ടിമധുരം. ഹോക്കിയുടെ രാജാവാകാന്‍ ഭാരതത്തെ നയിക്കുന്നത് പി.ആര്‍. ശ്രീജേഷ് എന്ന മലയാളിയാണെന്നത് കേരളീയന്റെ സ്വകാര്യ അഹങ്കാരം. റിയോ ഒളിമ്പിക്‌സില്‍ സുവര്‍ണനേട്ടം സ്വന്തമാക്കി ഒളിമ്പിക്‌സ് വില്ലേജില്‍ ഭാരതത്തിന്റെ ദേശീയ പതാക ഉയര്‍ത്താനായി ശ്രീജേഷും സംഘവും കഠിന പരിശ്രമത്തിലും.

ബംഗളുരുവില്‍ തുടര്‍ച്ചയായ പരിശീലനം നടത്തിയ ശ്രീജേഷ് ക്യാപ്റ്റനായുള്ള ഇന്ത്യന്‍ ഹോക്കി സംഘം കഴിഞ്ഞ ശനിയാഴ്ച സ്‌പെയിനിലേയ്ക്ക് യാത്ര പുറപ്പെട്ടു. ഒളിമ്പിക്‌സില്‍ പോരാട്ടം കടുക്കുമെന്നതിനാല്‍ മുന്നൊരുക്കങ്ങളുടെ ഭാഗമായി ചില സന്നാഹമത്സരങ്ങള്‍ക്കായാണ് ഇന്ത്യന്‍ ടീം സ്‌പെയിനിലേക്കു പോയത്.

ഹോക്കിയോട് അത്ര താത്പര്യമില്ലാത്ത മലയാളികള്‍ക്കിടയില്‍ നിന്ന് ഒരാള്‍ ഇന്ത്യന്‍ ഹോക്കി ടീമിന്റെ തലപ്പത്തെത്തിയത് തന്നെ കഠിന പ്രയത്‌നത്തിനുത്തമോദാഹരണം. പോരാട്ടം കൈമുതലാക്കിയ കായികതാരമാണ് ശ്രീജേഷ്. മത്സര ഓട്ടത്തിലും ലോംഗ് ജംപിലും കുട്ടിക്കാലത്ത് പങ്കെടുത്തിട്ടുള്ള ശ്രീജേഷിനു ഹോക്കിയിലേയ്ക്കുള്ള ചുവടുമാറ്റം ഒടുവില്‍ സമ്മാനിച്ചത് ഇന്ത്യന്‍ ഹോക്കി ക്യാപ്റ്റന്‍ പട്ടവും.

എറണാകുളം കിഴക്കമ്പലത്ത് പി.വി. രവീന്ദ്രന്റെയും ഉഷയുടേയും മകനായ ശ്രീജേഷ് പ്രാഥമിക വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത് കിഴക്കമ്പലം സെന്റ് ആന്റണീസ് ലോവര്‍ പ്രൈമറി സ്കൂളില്‍ നിന്ന്. തുടര്‍ന്ന് കിഴക്കമ്പലം സെന്റ് ജോസഫ്‌സ് സ്കൂളിലേയ്ക്ക് പഠനം മാറ്റി. കുട്ടിക്കാലത്ത് ഓട്ടത്തിലും ലോംഗ് ജംപിലും പരിശീലനം നടത്തി. തുടര്‍ന്നു വോളിബോളിലും അല്പം കൈവച്ചു.

പ്ലസ് ടു പഠനത്തിനായി തിരുവനന്തപുരം ജി.വി. രാജാ സ്‌പോര്‍ട്‌സ് സ്കൂളിലേയ്ക്ക് മാറിയതോടെയാണ് ശ്രീജേഷിന്റെ കായിക തലവര തിരുത്തിക്കുറിക്കപ്പെട്ടത്. ജയകുമാര്‍ എന്ന കായികാധ്യാപകനാണ് ശ്രീജേഷിനെ ഹോക്കിയിലേക്ക് വഴിതിരിച്ചുവിട്ടത്. വലിയ സ്വപ്നങ്ങള്‍ കാണുക എന്ന തന്റെ കായികാധ്യാപകന്റെ ആ വാക്കുകള്‍ ശ്രീജേഷ് മനസില്‍ സൂക്ഷിച്ചു. ജി.വി. രാജാ സ്‌പോര്‍ട്‌സ് സ്കൂള്‍ ഹോക്കി ടീമിന്റെ ഗോള്‍ കീപ്പറായി കായികാധ്യാപകന്‍ നിയോഗിച്ചപ്പോള്‍ സന്തോഷപൂര്‍വം സ്വീകരിച്ചു. ഹോക്കി സ്റ്റിക് കൈയിലേന്തി ഗോള്‍ വലയം സുരക്ഷിതമായി കാത്ത ശ്രീജേഷിന് കൂടുതല്‍ പ്രോത്സാഹനവുമായി രമേഷ് കോലപ്പ എന്ന കായികാധ്യാപകന്‍ കൂടി രംഗത്തെത്തിയതോടെ ശ്രീജേഷ് പിന്നിലേയ്ക്ക് നോക്കേണ്ടി വന്നിട്ടില്ല.

തുടര്‍ന്ന് ഹോക്കിയില്‍ പ്രഫഷണല്‍ പരിശീലനം നടത്തി. ബിരുദപഠനത്തിനായി കൊല്ലം ശ്രീനാരായണ കോളജിലാണ് ചേര്‍ന്നത്. ഈ കാലയളവില്‍ കേരളാ ടീമിനുവേണ്ടി ജഴ്‌സി അണിഞ്ഞ് ശ്രീജേഷിന്റെ പ്രകടന മികവിനു അംഗീകാരമായി 2004-ല്‍ ഇന്ത്യന്‍ ജൂണിയര്‍ ടീമില്‍ അംഗമായി. 2008-ല്‍ ജൂണിയര്‍ ഏഷ്യാ കപ്പ് ടൂര്‍ണമെന്റില്‍ മികച്ച ഗോള്‍കീപ്പര്‍ പദവി ഈ മലയാളിയെത്തേടിയെത്തി. തുടര്‍ന്ന് ഇന്ത്യന്‍ സീനിയര്‍ ടീമിന്റെ ഗോള്‍വലയം ശ്രീജേഷിന്റെ കൈകളിലേയ്ക്ക് ഹോക്കി ഇന്ത്യ ഏല്പിച്ചു. 2006-ല്‍ ദക്ഷിണേഷ്യന്‍ ഗെയിംസിലാണ് അഡ്രിനാല്‍ ഡിസൂസ, ഭരത് ഛേത്രി എന്നിവര്‍ക്കു പിന്‍ഗാമിയായി ശ്രീ ഇന്ത്യന്‍ സീനിയര്‍ ടീമില്‍ എത്തുന്നത്.

ചൈനയില്‍ നടന്ന ഏഷ്യന്‍ ചാമ്പ്യന്‍സ് ട്രോഫി ഫൈനലില്‍ പാക്കിസ്ഥാന്റെ രണ്ട് പെനാല്‍റ്റി സ്‌ട്രോക്കുകള്‍ തടുത്തിട്ട ശ്രീജേഷ് തന്റെ ഗോള്‍കീപ്പര്‍ പട്ടം അരക്കിട്ട് ഉറപ്പിച്ചു. 2013 ലെ ഏഷ്യാ കപ്പില്‍ മികച്ച ഗോള്‍ കീപ്പര്‍ പദവിയും ശ്രീജേഷിനെതേടിയെത്തി. ഈ ടൂര്‍ണമെന്റില്‍ ഇന്ത്യ റണ്ണേഴ്‌സ് അപ്പായിരുന്നു. 2014 കോമണ്‍വെല്‍ത്ത് വെള്ളി മെഡല്‍ നേട്ടത്തിന് അര്‍ഹരായ ഭാരത സംഘത്തില്‍ ഈ മലയാളിയുണ്ടായിരുന്നു. ലണ്ടന്‍ സമ്മര്‍ ഒളിമ്പിക്‌സ്, ഇഞ്ചിയോണ്‍ ഏഷ്യന്‍ ഗെയിംസ്, ചാമ്പ്യന്‍സ് ട്രോഫി, ഹീറോ കപ്പ് ഉള്‍പ്പെടെ നിരവധി അന്താരാഷ്ട്ര മത്സരങ്ങളില്‍ ഇന്ത്യന്‍ ഗോള്‍വലയം കാത്തത് ഈ മലയാഴിയായിരുന്നു. 2016-ല്‍ ലണ്ടനില്‍ നടന്ന ഹീറോ കപ്പ് ഫൈനലില്‍ ഓസ്‌ട്രേലിയയോട് ഇന്ത്യയ്ക്ക് മികച്ച പ്രകടനം നടത്താന്‍ സാധിച്ചത് ശ്രീജേഷിന്റെ മികവിന്റെ കൂടി പിന്‍ബലമായിരുന്നു. തുടര്‍ന്ന് 2016 ജൂലൈ 13 ന് ഇന്ത്യന്‍ ഹോക്കിയുടെ അമരക്കാരനായി സര്‍ദാര്‍ സിംഗില്‍ നിന്നും ശ്രീജേഷ് ചുമതല ഏറ്റെടുത്തു.

യുവത്വവും പരിചയ സമ്പന്നതയും ഒത്തിണങ്ങിയ ടീമാണ് റിയോയിലേക്ക് വിമാനം കയറുന്നതെന്നു ശ്രീജേഷ് പറഞ്ഞു. ലണ്ടന്‍ ഒളിമ്പിക്‌സില്‍ പങ്കെടുത്ത എട്ടുപേരാണ് ഇക്കുറി ടീമിലുള്ളത്. അവരോടൊപ്പം പുതുനിര കൂടി മൈതാനത്തിറങ്ങുമ്പോള്‍ മികച്ച പ്രകടനം നടത്താന്‍ സാധിക്കുമെന്ന ഉത്തമവിശ്വാസമുണ്ട്. ഒത്തിണക്കമാണ് ടീമിന്റെ ടീമിന്റെ കൈമുതല്‍. ഏതു വമ്പന്‍ ടീമിനെയും നേരിടാമെന്ന ആത്മവിശ്വാസം തുടര്‍ച്ചയായ മത്സരങ്ങളിലൂടെ സ്വന്തമാക്കാന്‍ സാധിച്ചതായും ശ്രീജേഷ് കൂട്ടിച്ചേര്‍ത്തു.

ക്യാപ്റ്റന്‍സി എങ്ങനെ കാണുന്നു?

ടീമിനു വിജയം സമ്മാനിക്കുക എന്നതാണ് മുഖ്യലക്ഷ്യം. ഒപ്പം ഇതൊരു വെല്ലുവിളി കൂടിയാണ്. മികച്ച പ്രകടനത്തിനായി ടീം അംഗങ്ങളെ എല്ലാവരേയും ഒത്തൊരുമിച്ചു കൊണ്ടുപോവുക. ഒപ്പം ഗോള്‍ വലയത്തിനുള്ളില്‍ മികച്ച പ്രകടനം നടത്തുക ഇതാണ് പ്രധാന ലക്ഷ്യം. സര്‍ദാര്‍ സിംഗ് ഉള്‍പ്പെടെയുള്ള മുതിര്‍ന്ന കളിക്കാരില്‍ നിന്നും ജൂണിയര്‍ കളിക്കാരില്‍ നിന്നും അഭിപ്രായങ്ങള്‍ കേട്ടാണ് ടീമിന്റെ പരിശീലനം ഉള്‍പ്പെടെയുള്ളവ നടത്തുന്നത്. ഒത്തിണക്കവും പോരാട്ടവീര്യവും അതാണ് ടീം ഇന്ത്യയുടെ കൈമുതല്‍.

Related posts