ആലപ്പുഴ: നഗരസഭ ആരോഗ്യവിഭാഗം ഹോട്ടലുകളില്‍ നടത്തുന്ന പരിശോധന തുടരുന്നു. ഇന്നലെ നടത്തിയ പരിശോധനകളില്‍ വിവിധ ഹോട്ടലുകളില്‍ നിന്നും പഴകിയ ഭക്ഷണ സാധനങ്ങള്‍ പിടികൂടി. നഗരസഭ ആരോഗ്യവിഭാഗം നോര്‍ത്ത് സെക്ഷന്റെ നേതൃത്വത്തില്‍ കൊമ്മാടി, കൈചൂണ്ടി, തുമ്പോളി, തുടങ്ങിയയിടങ്ങളിലെ ആറോളം ഹോട്ടലുകളില്‍ നടത്തിയ പരിശോധനയിലാണ് പഴകിയ ഭക്ഷണ സാധനങ്ങള്‍ പിടിച്ചെടുത്തത്.
കൊമ്മാടിയിലെ പ്രമുഖ ഹോട്ടലില്‍ നിന്നും ഭക്ഷണ സാധനത്തില്‍ ചേര്‍ക്കുന്നതിനുള്ള കാലാവധി പിന്നിട്ട കൃത്രിമ നിറം കണ്ടെത്തി. 2012 വരെ ഉപയോഗിക്കാന്‍ അനുമതിയുള്ള കൃത്രിമ നിറമാണ് ഇവിടെ നിന്നും പിടിച്ചെടുത്തത്. തുമ്പോളി ജംഗ്ഷന് സമീപത്തെ ഹോട്ടലില്‍ നിന്നും പഴകിയ ചപ്പാത്തിയും പുളിശേരിയുമടങ്ങുന്ന ഭക്ഷ്യ സാധനങ്ങളും കണ്ടെടുത്തു. കൈചൂണ്ടി മുക്കിന് സമീപത്തെ മത്സ്യവില്പന ശാലകളില്‍ നിന്നും 30 കിലോയോളം ചീഞ്ഞ മത്സ്യങ്ങളും പിടിച്ചെടുത്തു.
രൂക്ഷ ഗന്ധം വമിക്കുന്ന നിലയിലായിരുന്നു മത്സ്യങ്ങള്‍ സൂക്ഷിച്ചിരുന്നത്. നഗരസഭ ഹെല്‍ത്ത് ഓഫീസര്‍ റാബിയ, ഉദ്യോഗസ്ഥരായ ആലീസ് ജോയി, പ്രശാന്ത്, അനില്‍കുമാര്‍ തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന. കഴിഞ്ഞ ദിവസങ്ങളില്‍ നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ ആരോഗ്യ വിഭാഗം നടത്തിയ പരിശോധനകളില്‍ ഹോട്ടലുകളില്‍ നിന്നും പഴകിയ ഭക്ഷണ സാധനങ്ങള്‍ പിടികൂടി നശിപ്പിച്ചിരുന്നു.