ആലപ്പുഴ: നഗരത്തിലെ ഹോട്ടലുകളുടെ ശുചിത്വം ഉറപ്പാക്കാന്‍ നടപടികളുമായി ആലപ്പുഴ നഗരസഭ. ഹോട്ടലുകളില്‍ മൂന്നുമാസത്തിലൊരിക്കല്‍ പരിശോധന കര്‍ശനമായി നടത്താനും ഹോട്ടല്‍ ജീവനക്കാര്‍ക്ക് ഫോട്ടോ പതിച്ച ഹെല്‍ത്തകാര്‍ഡ് നിര്‍ബന്ധമാക്കാനും നഗരസഭ വിളിച്ചുചേര്‍ത്ത യോഗത്തില്‍ തീരുമാനമായി. മൂന്നുമാസത്തിലൊരിക്കല്‍ നഗരസഭ ആരോഗ്യവിഭാഗം ഹോട്ടല്‍ പരിശോധിച്ച് സാക്ഷ്യപത്രം നല്‍കും. ഈ സാക്ഷ്യപത്രമില്ലാതെ ഹോട്ടലുകള്‍ പ്രവര്‍ത്തിക്കാന്‍ അനുവദിക്കില്ലെന്ന് നഗരസഭ ചെയര്‍മാന്‍ തോമസ് ജോസഫ് പറഞ്ഞു.
മികച്ച ശുചിത്വ പ്രവര്‍ത്തനങ്ങള്‍ കാഴ്ച വയ്ക്കുന്ന ഹോട്ടലുകള്‍ക്ക് ഗ്രേഡിംഗ് നടത്തി പുരസ്ക്കാരം നല്‍കും. പ്ലാസ്റ്റിക് കിറ്റുകള്‍ ഒഴിവാക്കി തുണി സഞ്ചികള്‍ ഉപയോഗിക്കുന്ന ഹോട്ടലുകള്‍ക്ക് നഗരസഭ ചെയര്‍മാന്റെ പ്രത്യേക പുരസ്ക്കാരവും ലഭിക്കും. രാവിലെ ഹോട്ടലുകളില്‍ പരിശോധനയ്‌ക്കെത്തുമ്പോള്‍ കഴിഞ്ഞദിവസത്തെ ഭക്ഷണം വില്‍പ്പനയ്ക്ക് വച്ചിട്ടുണ്ടെങ്കില്‍ അത് പഴകിയ ഭക്ഷണമാണെന്ന നിഗമനത്തില്‍ നടപടിയെടുക്കുമെന്നും അധികൃതര്‍ യോഗത്തില്‍ വ്യക്തമാക്കി. പഴകിയതും എണ്ണ നിറഞ്ഞതുമായ പാത്രങ്ങള്‍ ഉപയോഗിക്കരുത്.
ഹോട്ടലുകളുടെ മുന്‍വശത്തെ ശുചിത്വം അടുക്കളയിലും അനുബന്ധ സ്ഥലങ്ങളിലും ഉറപ്പാക്കണമെന്നും ആരോഗ്യ സ്ഥിരം സമിതി ചെയര്‍മാന്‍ ബി. മെഹബൂബ് പറഞ്ഞു. നഗരസഭ വൈസ് ചെയര്‍പേഴ്‌സണ്‍ ബീന കൊച്ചുവാവ, നഗരസഭാംഗങ്ങളായ എ.എ. റസാഖ്, വി.എന്‍. വിജയകുമാര്‍, ആര്‍.ആര്‍. ജോഷി രാജ്, ഷീലാ മോഹന്‍, നഗരസഭാ സെക്രട്ടറി ആര്‍.എസ്. അനു, ആരോഗ്യവിഭാഗം ഉദ്യോഗസ്ഥര്‍, ഹോട്ടലുടമ ഭാരവാഹികള്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.