കോട്ടയം: പൊതുവിപണിയില്‍ പച്ചക്കറിക്ക് വില കൂടുമ്പോള്‍ ജനങ്ങളെ സഹായിക്കേണ്ട സര്‍ക്കാര്‍ സ്ഥാപനമായ ഹോര്‍ട്ടി കോര്‍പ്പില്‍ വിലകൂടുതലെന്നു പരാതി. പൊതുവിപണിയില്‍ വിലകുറവുള്ള പച്ചക്കറികള്‍ക്കു ഹോര്‍ട്ടികോര്‍പ്പിന്റെ ഔട്ട് ലെറ്റുകളില്‍ ഒരു രൂപ മുതല്‍ 15 രൂപവരെയാണ് വര്‍ധനവ്. ഉരുളക്കിഴങ്ങ് കിലോഗ്രാമിന് നാലു രൂപയുടെ വര്‍ധനവാണ് ഹോര്ട്ടികോര്പ്പിലുള്ളത്. പൊതു വിപണിയില്‍ നല്ല ഉരുളക്കിഴങ്ങ് 30 രൂപയ്ക്കു ലഭിക്കുമ്പോള്‍ ഹോര്‍ട്ടി കോര്‍പില്‍ 34 രൂപയാണ് വില. പൊതു വിപണിയില്‍ 30 രൂപയ്ക്കു കിട്ടുന്ന ബീന്‍സിന് ഹോര്‍ട്ടി കോര്‍പില്‍ 32 രൂപയാണ് വില.
പൊതൂ വിപണിയില്‍ കിലോഗ്രാമിന് 20 രൂപയ്ക്കും ബീന്‍സ് ലഭിക്കും. സവാള വിലയും കൂടുതലാണ്. മാത്രമല്ല മോശമായ സവാളയാണ് കഴിഞ്ഞ ദിവസം കോട്ടയം ടൗണിലെ ഹോര്‍ട്ടികോര്‍പില്‍ വിതരണം ചെയ്തത്. 16.50 രൂപയാണ് ഒരു കിലോഗ്രാം സവാളയുടെ വില. ഹോര്‍ട്ടി കോര്‍പില്‍ വിതരണം ചെയ്യുന്ന അതേ സവാളയ്ക്ക് പുറത്ത് 15 രൂപയേ വിലയുള്ളു. പൊതുവിപണിയില്‍ നിന്നും കുറഞ്ഞവിലയ്ക്ക് ഒന്നാം തരം പച്ചകറികള്‍ പൊതുജനങ്ങള്‍ക്കു ലഭിക്കുമ്പോള്‍ ഹോര്‍ട്ടി കോര്‍പ്പില്‍ നിന്നും ലഭിക്കുന്ന ചില പച്ചക്കറികള്‍ രണ്ടാം തരം ഉത്പന്നങ്ങളാണെന്നും പരാതിയുണ്ട്. ഹോര്‍ട്ടികോര്‍പ്പില്‍ നിന്നും വാങ്ങുന്ന പച്ചകറികളെല്ലാം ഒരു ദിവസം കഴിയുമ്പോള്‍ ചീയുന്നു.
കോട്ടയത്തെ ഫോര്‍ട്ടികോര്‍പ്പ് ഔട്ട് ലെറ്റില്‍ എല്ലാ ദിവസവും ചങ്ങനാശേരിയില്‍ നിന്നുമാണ് പച്ചക്കറി എത്തിക്കുന്നത്. അവിടെ നിന്നെത്തുന്ന പച്ചക്കറികള്‍ കോട്ടയത്തെ ഔട്ട്ലെറ്റില് എത്തിച്ചതിനുശേഷം സവാള പോലുള്ള പച്ചക്കറിയുടെ തൊലി കളഞ്ഞാണ് ജനങ്ങള്‍ക്കു വില്കുന്നത്. അതേ സമയം നാടന്‍ പച്ചക്കറികള്‍ കര്‍ഷകരില്‍ നിന്ന് നേരിട്ട് ശേഖരിക്കുന്നതിനാല്‍ കര്‍ഷകര്‍ക്ക് നല്ല വില നല്‍കേണ്ടി വരുന്നതാണ് ചില സാധനങ്ങള്‍ക്ക് വില വര്‍ധിക്കാന്‍ കാരണമെന്ന് ഹോര്‍ട്ടി കോര്‍പ് അധികൃതര്‍ വ്യക്തമാക്കി. ഉരുളക്കിഴങ്ങ് മൂന്നാറിലെ കര്‍ഷകരില്‍ നിന്നാണ് വാങ്ങുന്നത്. അതിനാല്‍ വില കൂടുതലാണ്. കോട്ടയത്ത് മോശമായ സവാള വിതരണം ചെയ്തതിനെക്കുറിച്ച് അന്വേഷിക്കുമെന്നും ബന്ധപ്പെട്ടവര്‍ അറിയിച്ചു.