ഹോസ്റ്റലിനായി പഠിപ്പുമുടക്കാതെ വിദ്യാര്‍ഥികളുടെ രാത്രി സമരം

tvm-samaramനേമം:  ഹോസ്റ്റല്‍ നിര്‍മാണത്തിന്   സ്ഥലം  അനുവദിക്കണമെന്നാവശ്യപ്പെട്ട് പാപ്പനംകോട് ശ്രീചിത്തിര തിരുനാള്‍ എന്‍ജിനിയറിംഗ് കോളജിലെ വിദ്യാര്‍ഥികള്‍ പഠിപ്പുമുടക്കാതെ   രാത്രി സമരത്തില്‍. ഗതാഗത വകുപ്പിന് കീഴിലുള്ള  കോളജില്‍ 20 വര്‍ഷമായി ഹോസ്റ്റല്‍ സൗകര്യമില്ല. കോളജില്‍ ഹോസ്റ്റല്‍ സൗകര്യമില്ലാത്തതിനാല്‍ മറ്റു ജില്ലകളില്‍ നിന്നും വരുന്ന വിദ്യാര്‍ഥികള്‍ സ്വകാര്യ ഹോസ്റ്റലുകളെയാണ് ആശ്രയിക്കുന്നത്.

വിദ്യാര്‍ഥികള്‍ മുന്‍ വര്‍ഷങ്ങളില്‍ പല തവണ സമരം നടത്തിയിട്ടും ആവശ്യമായ നടപടികള്‍ കോളജ് അധികൃതരുടെ ഭാഗത്ത് നിന്നും ഉണ്ടാകത്തതിനെ തുടര്‍ന്നാണ് എസ്എഫ്‌ഐയുടെ നേതൃത്വത്തില്‍ വിദ്യാര്‍ഥികള്‍ കഴിഞ്ഞ ദിവസം സമരം തുടങ്ങിയത്.   കോളജിനായി പന്ത്രണ്ട്  ഏക്കറില്‍ ഏറെ സ്ഥലം അനുവദിച്ചിരുന്നുവെങ്കിലും  നാല് ഏക്കര്‍ മാത്രമേ കെഎസ്ആര്‍ടിസി വിട്ടു നല്‍കിയിട്ടുള്ളൂവെന്ന് സമരത്തിന് നേതൃത്വം കൊടുക്കുന്ന വിദ്യാര്‍ഥി നേതാക്കള്‍ പറഞ്ഞു.

കോളജിനോട് ചേര്‍ന്നാണ് കെഎസ്ആര്‍ടിസി സെന്‍ട്രല്‍ വര്‍ക്‌സ് പ്രവര്‍ത്തിക്കുന്നത്. ഇവിടെ നിന്നും സ്ഥലം വിട്ടുകിട്ടണമെന്നാണ് വിദ്യാര്‍ഥികള്‍ ആവശ്യപ്പെടുന്നത്. കോളജില്‍  സ്റ്റേഡിയമോ മറ്റു കെട്ടിടങ്ങളോ നിര്‍മിക്കുവാന്‍  സ്ഥലപരിമിതി മൂലം കഴിയുന്നില്ല.    എല്ലാ ദിവസവും  വൈകുന്നേരമാണ് സമരം ആരംഭിക്കുന്നത്. രാത്രി സമരത്തിലേര്‍പ്പെട്ടിരിക്കുന്ന വിദ്യാര്‍ഥികള്‍ കോളജില്‍ താമസിക്കുകയാണ്.  സമരത്തിന്റെ ഭാഗമായി കഴിഞ്ഞ ദിവസം കോളജ് പ്രിന്‍സിപ്പലിനെ രാത്രി വരെ വിദ്യാര്‍ഥികള്‍ തടഞ്ഞുവച്ചിരുന്നു. ഇന്നലെ  വൈകുന്നേരം  വിദ്യാര്‍ഥികള്‍ കോളജില്‍ നിന്നും പ്രകടനമായി കൈമനം കെഎസ്ആര്‍ടിസി സെന്‍ട്രല്‍ വര്‍ക്‌സ് ഗേറ്റിനുമുന്നില്‍ പ്രതിഷേധ ധര്‍ണ നടത്തി.

Related posts