മങ്കൊമ്പ്: വിനോദസഞ്ചാരികളുമായി വന്ന ഹൗസ്ബോട്ടിടിച്ച് നെല്ലുമായിവന്ന വള്ളം മുങ്ങി. അപകടത്തെത്തുടര്‍ന്നു സപ്ലൈകോ സംഭരിച്ച 125 ക്വിന്റല്‍ നെല്ല് നനഞ്ഞുനശിച്ചു. പകുതിയോളം ചാക്കുകള്‍ മുങ്ങിയെടുത്തെങ്കിലും നെല്ല് ഉപയോഗശൂന്യമായി. വള്ളത്തിലുണ്ടായിരുന്ന തൊഴിലാളികള്‍ രണ്ടുപേരും നീന്തി രക്ഷപ്പെട്ടു. പള്ളാത്തുരുത്തി പാലത്തിനു കിഴക്കുവശം സെന്റ് തോമസ് പള്ളിക്കു സമീപം ഇന്നലെ ഉച്ചകഴിഞ്ഞ് 2.30 ഓടെയായിരുന്നു അപകടം.
പുന്നപ്ര പാരേക്കാട് പാടശേഖരത്തുനിന്നും സപ്ലൈകോ സംഭരിച്ച നെല്ലുമായി വന്ന വള്ളമാണ് അപകടത്തില്‍പ്പെട്ടത്. സംഭവം നടന്ന സ്ഥലത്തിനു സമീപം വിനോദസഞ്ചാരികളെ കയറ്റുന്നതിനായി കാത്തുകിടന്ന ഹൗസ്ബോട്ടാണ് അപകടത്തിനിടയാക്കിയത്. യാത്രക്കാരെ കയറ്റിയശേഷം യാത്രയാരംഭിക്കുന്നതിനായി ഹൗസ്ബോട്ട് പിന്നോട്ടെടുക്കുന്നതിനിടെ നെല്ലു കയറ്റിവന്ന വള്ളത്തില്‍ ഇടിക്കുകയായിരുന്നുവെന്ന്് ദൃക്സാക്ഷികള്‍ പറയുന്നു.
ഇരുമ്പുകൊണ്ട് നിര്‍മിച്ചിരിക്കുന്ന ഹൗസ്ബോട്ടിന്റെ ഇടിയുടെ ആഘാതത്തില്‍ വള്ളത്തിന്റെ മധ്യഭാഗം തകരുകയും വെള്ളം കയറി മുങ്ങുകയുമായിരുന്നു. സമീപത്തുണ്ടായിരുന്ന മറ്റു വള്ളങ്ങളിലെ തൊഴിലാളികളും നാട്ടുകാരും ചേര്‍ന്നു വെള്ളത്തിനടിയില്‍നിന്നും പകുതിയോളം ചാക്കുകള്‍ മുങ്ങിയെടുത്തു. വള്ളത്തില്‍ ഇടിച്ച ഹൗസ്ബോട്ട് നിര്‍ത്താതെ പോയെന്നും തൊഴിലാളികള്‍ പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് നെടുമുടി പോലീസില്‍ പരാതി നല്കി.