മുംബൈ: ശ്രീലങ്കയ്ക്കെതിരേയുള്ള ടെസ്റ്റ് പരമ്പരയിലെ ആദ്യ രണ്ടു മത്സരങ്ങളില്‍ ഇന്ത്യന്‍ ഓള് റൗണ്ടര്‍ ഹര്‍ദിക് പാണ്ഡ്യക്ക് വിശ്രമം. തുടര്‍ച്ചയായ മത്സരങ്ങളുടെ ആധിക്യം കുറയ്ക്കുന്നതിനായാണ് പാണ്ഡ്യക്കു വിശ്രമം ബിസിസിഐ അനുവദിച്ചിരിക്കുന്നത്. പേസറും ബാറ്റ്സ്മാനുമായ പാണ്ഡ്യ ജൂണില്‍ ഇംഗ്ലണ്ടില്‍ നടന്ന ചാമ്പ്യന്‍സ് ട്രോഫിക്കുശേഷം ഇന്ത്യന്‍ ടീമിന്റെ മൂന്നു ഫോര്‍മാറ്റിലും സ്ഥിരാംഗമാണ്. പാണ്ഡ്യയെ ആദ്യ രണ്ടു ടെസ്റ്റുകള്‍ക്കുള്ള ടീമില്‍ ഉള്‍പ്പെടുത്തിക്കൊണ്ടാണ് ആദ്യം ഇന്ത്യ ടീമിനെ പ്രഖ്യാപിച്ചത്. പകരമാളെ തീരുമാനിച്ചിട്ടില്ല.
പാണ്ഡ്യക്കു വിശ്രമം അനുവദിക്കുന്നതിനെക്കുറിച്ച് സെലക്ഷന് കമ്മിറ്റി ഇന്ത്യന്‍ ടീം മാനേജ്മെന്റിനോട് ആലോചിച്ചെടുത്ത തീരുമാനമാണെന്ന് ബിസിസിഐ പത്രക്കുറിപ്പില്‍ അറിയിച്ചു. മത്സരങ്ങളുടെ ആധിക്യത്താല്‍ പാണ്ഡ്യക്ക് പരിക്ക് ഉണ്ടാകാതിരിക്കാനാണ് ഈ തീരുമാനമെന്നും ബിസിസിഐ അറിയിച്ചു. ഈ സമയത്ത് പാണ്ഡ്യ ബംഗളൂരുവിലെ നാഷണല്‍ ക്രിക്കറ്റ് അക്കാഡമിയില്‍ കായികക്ഷമത ഉയര്‍ത്തുന്നതിനായി ചെലവഴിക്കും.