പരവൂർ: നവംബറിൽ മാത്രം തിരികെയെതിയത് 74 കോടിയുടെ നിരോധിച്ച 2,000 രൂപയുടെ നോട്ടുകൾ. റിസർവ് ബാങ്ക് ഒഫ് ഇന്ത്യ കഴിഞ്ഞ ദിവസം പുറത്തിറക്കിയ കണക്കിലാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്.നവംബർ 30 -ലെ കണക്ക് അനുസരിച്ച് ഇനി തിരികെ എത്താനുള്ളത് 5,743 കോടി രൂപയുടെ 2000 ന്റെ കറൻസികളാണ്.
ഒക്ടോബർ 31 ലെ കണക്കുകൾ പ്രകാരം 5,817 കോടി രൂപയുടെ നോട്ടുകളാണ് തിരികെ എത്താൻ ഉണ്ടായിരുന്നത്. ഇതാണ് കഴിഞ്ഞ ഒരു മാസത്തിനുള്ളിൽ 5,743 കോടി രൂപയായി കുറഞ്ഞത്.
2023 മേയിലാണ് റിസർവ് ബാങ്ക് ഒഫ് ഇന്ത്യ 2000 രൂപയുടെ നോട്ടുകൾ പ്രചാരത്തിൽ നിന്ന് പിൻവലിച്ചത്. അതിനു ശേഷം രാജ്യത്തെ ബാങ്കുകളിൽ ഈ നോട്ടുകൾ നിക്ഷേപിക്കുന്നതിനും മാറ്റിയെടുക്കുന്നതിനും 2023 ഒക്ടോബർ ഏഴുവരെ അവസരവും നൽകിയിരുന്നു.
2023 ഒക്ടോബർ ഒമ്പത് മുതൽ ഈ നോട്ടുകൾ റിസർവ് ബാങ്കിന്റെ രാജ്യത്തെ 19 ഇഷ്യൂ ഓഫീസുകളിൽ വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും അവരുടെ ബാങ്ക് അക്കൗണ്ടുകളിൽ നിക്ഷേപിക്കാനും അവസരം നൽകിയിട്ടുണ്ട്. അത് ഇപ്പോഴും തുടരുകയാണ്.
ഇത് കൂടാതെ വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും 2,000 രൂപയുടെ നോട്ടുകൾ പോസ്റ്റ് ഓഫീസുകൾ വഴി റിസർവ് ബാങ്കിന്റെ ഇഷ്യൂ ഓഫീസുകളിലേക്ക് തപാലിൽ അയച്ചു കൊടുക്കാനും സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്.
ഇങ്ങനെ അയയ്ക്കുന്ന തുക അവരുടെ ബാങ്ക് അക്കൗണ്ടുകളിൽ നിക്ഷേപിക്കും.2023 മേയ് 19 ന് റിസർവ് ബാങ്ക് ഒഫ് ഇന്ത്യ 2,000 രൂപ നോട്ടുകൾ പിൻവലിച്ചപ്പോൾ രാജ്യത്താകെ പ്രചാരത്തിൽ ഉണ്ടായിരുന്നത് 3.56 ലക്ഷം കോടി രൂപയുടെ കറൻസികളാണ്.
- എസ്.ആർ. സുധീർ കുമാർ

