റിയോ ഡി ഷാനെറോ: ഓഗസ്റ്റില്‍ നടക്കുന്ന റിയോ ഒളിമ്പിക്‌സില്‍ ഇന്ത്യന്‍ ജിംനാസ്റ്റ് ദിപ കര്‍മാകര്‍ യോഗ്യത നേടി. ജിംനാസ്റ്റിക്‌സിന് യോഗ്യത നേടുന്ന ആദ്യ ഇന്ത്യന്‍ വനിതാ താരമെന്ന റിക്കാര്‍ഡ് ഇനി ത്രിപുരക്കാരിയായ ദിപയ്ക്കു സ്വന്തം. റിയോ ഒളിമ്പിക്‌സിനുള്ള അവസാന യോഗ്യത മത്സരത്തില്‍ മികച്ച പ്രകടനത്തോടെയാണ് ദിപ ഒളിമ്പിക്‌സിനുള്ള ടിക്കറ്റ് സ്വന്തമാക്കിയത്. വനിതകളുടെ ആര്‍ട്ടിസ്റ്റിക് വിഭാഗത്തിലാണ് ദിപ പങ്കെടുക്കുന്നത്.
യോഗ്യതാ മത്സരത്തില്‍ 52.698 പോയിന്റുകള്‍ സ്വന്തം പേരില്‍ കുറിച്ചാണ് ദിപ റിയോയിലേക്കു പറക്കുന്നത്. ആര്‍ട്ടിസ്റ്റിക് ഇനത്തില്‍ ഏറ്റവും പ്രയാസമേറിയ പ്രൊഡുനോവ അഭ്യാസത്തില്‍ ദിപ നേടിയത് 15.066 പോയിന്റുകള്‍ . മത്സരത്തില്‍ പങ്കെടുത്ത 14 പേരില്‍ ഒന്നാം സ്ഥാനം. എന്നാല്‍, അസന്തുലിത ബാറിലെ അഭ്യാസത്തില്‍ ദിപ നിറം മങ്ങി. 11.700 പോയിന്റുകളേ ദിപയ്ക്കു നേടാനായുള്ളൂ. 13-ാം സ്ഥാനമാണ് ഈ ഇനത്തില്‍ ദിപയ്ക്കു ലഭിച്ചത്. ബീം, ഫ്‌ളോര്‍ അഭ്യാസങ്ങളില്‍ ഈ ത്രിപുരക്കാരി യഥാക്രമം 13.366, 12.566 പോയിന്റുകള്‍ നേടിയതോടെയാണ് ഒളിമ്പിക്‌സ് ബര്‍ത്ത് ഉറപ്പിച്ചത്. അന്താരാഷ്ട്ര ജിംനാസ്റ്റിക്‌സ് ഫെഡറേഷന്‍ ദിപ ഒളിമ്പിക്‌സ് യോഗ്യത നേടിയതായി പ്രഖ്യാപിച്ചു. ഒളിമ്പിക്‌സിനു യോഗ്യത നേടുന്ന 79-ാം ജിംനാസ്റ്റാണ് ദിപ.
കഴിഞ്ഞ വര്‍ഷം നവംബറില്‍ നടന്ന ലോക ചാമ്പ്യന്‍ഷിപ്പില്‍ ദിപ ഒളിമ്പിക്‌സ് യോഗ്യത നേടുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും അഞ്ചാം സ്ഥാനത്തെത്താനേ കഴിഞ്ഞുള്ളൂ. അവിടെ ഒളിമ്പിക്‌സ് യോഗ്യതാ മാര്‍ക്ക് കടക്കാനായില്ല. 2014ലെ ഗ്ലാസ്‌കോ കോമണ്‍വെല്‍ത്ത് ഗെയിംസില്‍ വെങ്കലം നേടുകവഴി കോമണ്‍വെല്‍ത്തില്‍ മെഡല്‍ നേടുന്ന ആദ്യ ഇന്ത്യക്കാരിയാകുകയും ചെയ്തിരുന്നു. ലോക ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനലില്‍ പ്രവേശിക്കുന്നതും ചരിത്രത്തിലെ ആദ്യ ഇന്ത്യക്കാരിയെന്ന റിക്കാര്‍ഡുമായാണ്.
ജിംനാസ്റ്റിക്‌സില്‍ ഇന്ത്യയില്‍ നിന്ന് 11 പുരുഷ താരങ്ങളാണ് ഒളിമ്പിക്‌സില്‍ മത്സരിച്ചിട്ടുള്ളത്. 1952ല്‍ രണ്ടു പേരും 19656 ല്‍ മൂന്നു പേരും 1964 ല്‍ ആറുപേരുമാണ് മത്സരിച്ചത്. 52 വര്‍ഷത്തെ നീണ്ട ഇടവേളയ്ക്കു ശേഷമാണ് ഒരു ഇന്ത്യന്‍ താരം ഒളിമ്പിക്‌സ് യോഗ്യത നേടുന്നതെന്ന പ്രത്യേകതയും ദിപയുടെ നേട്ടത്തിനുണ്ട്.
ദിപയെ ടോപ്പില്‍ ഉള്‍പ്പെടുത്തി
ഒളിമ്പിക്‌സ് യോഗ്യത നേടിയ ദിപ കര്‍മാകറെ കേന്ദ്ര സര്‍ക്കാരിന്റെ ഒളിമ്പിക്‌സ് പരിശീലന പദ്ധതിയായ ടാര്‍ഗറ്റ് ഒളിമ്പിക് പോഡിയത്തില്‍ (ടോപ്പ്) ഉള്‍പ്പെടുത്തുമെന്ന് കേന്ദ്ര കായിക മന്ത്രാലയം അറിയിച്ചു. പരിശീലനത്തിനായി ദിപയ്ക്ക് 30 ലക്ഷം രൂപ അനുവദിക്കുമെന്നും സ്‌പോര്‍ട്‌സ് അഥോറിറ്റി ഓഫ് ഇന്ത്യ ട്വിറ്ററില്‍ അറിയിച്ചു. ഒളിമ്പിക്‌സ് മെഡല്‍ നേടാന്‍ സാധ്യതയുള്ള താരങ്ങള്‍ക്ക് പരിശീലനം നല്‍കാനായി കേന്ദ്ര കായിക മന്ത്രാലയം തയാറാക്കിയ പദ്ധതിയാണ് ടോപ്പ്.
ദിപയ്ക്ക് വിജയാശംസകളുമായി സച്ചിന്‍
ദിപ കര്‍മാകറിന്റെ നേട്ടം രാജ്യത്തെ കായിക മേഖലയ്ക്ക് വലിയ ഉണര്‍വാകുമെന്ന് ക്രിക്കറ്റ് താരം സച്ചിന്‍ തെണ്ടുല്‍ക്കര്‍. ഇന്ത്യയിലെ യുവ കായിക താരങ്ങള്‍ക്ക് വലിയ പ്രചോദനമാണ് ദിപയുടെ നേട്ടമെന്ന് അദ്ദേഹം ട്വിറ്ററില്‍ കുറിച്ച സന്ദേശത്തില്‍ വ്യക്തമാക്കി.
സച്ചിനു പുറമെ ക്രിക്കറ്റ് താരങ്ങളായ വിരേന്ദര്‍ സെവാഗ്, വി.വി.എസ്. ലക്ഷമണ്‍ എന്നിവരും ദിപയ്ക്ക് ആശംസകളുമായെത്തി. ഒളിമ്പിക്‌സിനു യോഗ്യത നേടുക വഴി ദിപ ചരിത്രം സൃഷിടിച്ചതായി ലക്ഷമണ്‍ പറഞ്ഞു. ദിപയുടെ നേട്ടത്തില്‍ രാജ്യം മുഴുവന്‍ സന്തോഷിക്കുന്നതായി സെവാഗ് കുറിച്ചു. കായിക മന്ത്രി സര്‍ബാനന്ദ് സോനോവാളും ദിപയ്ക്കു ആശംസ നേര്‍ന്നു.