ഒറ്റപ്പാലം, ഷൊര്‍ണൂര്‍ നിയമസഭാ മണ്ഡലങ്ങളിലെ സിപിഎം നേതാക്കള്‍ക്ക് കോടിയേരിയുടെ മുന്നറിയിപ്പ്

pkd- KODIEIBALAKRISHANANഒറ്റപ്പാലം: ഒറ്റപ്പാലം, ഷൊര്‍ണൂര്‍ നിയമസഭാ മണ്ഡലങ്ങളിലെ സിപിഎം നേതാക്കള്‍ക്ക് കോടിയേരിയുടെ മുന്നറിയിപ്പ്. സ്ഥാനാര്‍ഥി നിര്‍ണയവുമായി ബന്ധപ്പെട്ട് ഇരുമണ്ഡലങ്ങളില്‍ നിന്നുമുയര്‍ന്ന വിമതശബ്ദങ്ങള്‍ അടിയൊഴുക്കായി  മാറുമെന്ന തിരിച്ചറിവിനെ തുടര്‍ന്നാണ് കോടിയേരി ബാലകൃഷ്ണന്‍ കഴിഞ്ഞദിവസം നേരിട്ടെത്തി ഇരുമണ്ഡലങ്ങളിലെയും സിപിഎം നേതാക്കളുമായി സംസാരിച്ചത്.രണ്ടു മണ്ഡലങ്ങളിലും പാര്‍ട്ടി സ്ഥാനാര്‍ഥികള്‍ക്ക് ഭൂരിപക്ഷം കൂട്ടണമെന്നും അല്ലാത്തപക്ഷം ഇതിന്റെ ഉത്തരവാദിത്വം നേതാക്കള്‍ക്കായിരിക്കുമെന്നും മുന്നറിയിപ്പുനല്കിയ അദ്ദേഹം ഇത്തരക്കാര്‍ക്കെതിരേ കര്‍ശനനടപടിയുണ്ടാകുമെന്നും മുന്നറിയിപ്പുനല്കി.

ഒറ്റപ്പാലത്തും ഷൊര്‍ണൂരും പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കിടയില്‍ സ്ഥാനാര്‍ഥി നിര്‍ണയവുമായി ബന്ധപ്പെട്ടുണ്ടായ മാനസിക അകല്‍ച്ചയ്ക്ക് കാരണക്കാരായവര്‍ തന്നെ ഇതിനു പരിഹാരവും കാണണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി ആവശ്യപ്പെട്ടു. ഇരുമണ്ഡലങ്ങളിലും പാര്‍ട്ടി സ്ഥാനാര്‍ഥികളെ തോല്പിക്കുന്നതിനു ശ്രമം നല്കുന്നതായി ആക്ഷേപം ഉയര്‍ന്നിരുന്നു. ഇതിനിടെ പാര്‍ട്ടി സ്ഥാനാര്‍ഥികളും നേതൃത്വത്തെ ഇക്കാര്യം അറിയിച്ചതായാണ് സൂചന. ഇതിന്റെയെല്ലാം അടിസ്ഥാനത്തിലാണ് കോടിയേരി ബാലകൃഷ്ണന്‍ ഇരുമണ്ഡലങ്ങളിലും വന്ന് സ്ഥിതിഗതികള്‍  വിലയിരുത്തിയശേഷം നേതാക്കള്‍ക്കു മുന്നറയിപ്പു നല്കിയത്.

പ്രവര്‍ത്തനത്തിലെ അലസതയ്‌ക്കെതിരേ കടുത്തഭാഷയിലാണ് അദ്ദേഹം നേതൃത്വത്തെ വിമര്‍ശിച്ചതെന്നാണ് സൂചന. കഴിഞ്ഞ പാര്‍ലമെന്റ് പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ സിപിഎമ്മിന് വോട്ടു കുറഞ്ഞതിനെതിരേയും വിമര്‍ശനം ഉയര്‍ന്നു. ഇത് ബിജെപിക്ക് ഗുണകരമായെന്ന വിലയിരുത്തലാണ് സിപിഎം നടത്തിയത്. കോടിയേരിയുടെ സാന്നിധ്യത്തില്‍ ഉടനേതന്നെ ഇരുമണ്ഡലങ്ങളിലും മണ്ഡലം കമ്മിറ്റിയോഗം വിളിച്ചു ചേര്‍ക്കുന്നതിനും തീരുമാനമായി.

Related posts