ന്യൂഡല്‍ഹി: കോഹിനൂര്‍ രത്നം സംബന്ധിച്ച വിഷയത്തില്‍ കേന്ദ്രം മലക്കം മറിഞ്ഞു. ബ്രിട്ടനിലുള്ള കോഹിനൂര്‍ രത്നം ഇന്ത്യയിലെത്തിക്കാനുള്ള സാധ്യമായ എല്ലാ ശ്രമങ്ങളും നടത്തുമെന്നു കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു. സുപ്രീം കോടതിയില്‍ സര്‍ക്കാര്‍ പറഞ്ഞ കാര്യങ്ങള്‍ മാധ്യമങ്ങള്‍ വളച്ചൊടിക്കുകയായിരുന്നെന്നും കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു. സൗഹാര്‍ദ്ദപരമായി കോഹിനൂര്‍ തിരികെ എത്തിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും പ്രസ്താവനയില്‍ പറയുന്നു. എന്നാല്‍ കഴിഞ്ഞ ദിവസം സര്‍ക്കാര്‍ ഇതിനു ഘടകവിരുദ്ധമായാണ് സുപ്രീം കോടതിയില്‍ പറഞ്ഞത്.
രത്നം ബ്രിട്ടന് മോഷ്ടിച്ചതോ, ബലപ്രയോഗത്തിലൂടെ തട്ടിയെടുത്തതോ അല്ല. ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യ കമ്പനിക്കു മഹാരാജ രഞ്ജിത് സിംഗ് സമ്മാനമായി നല്‍കിയതാണെന്നും കേന്ദ്ര സാംസ്കാരിക മന്ത്രാലയത്തിന്റെ നിലപാടായി സോളിസിറ്റര്‍ ജനറല്‍ രഞ്ജിത് കുമാര്‍ കോടതിയില്‍ വ്യക്തമാക്കിയിരുന്നു. ഇന്ത്യയില്‍നിന്നു കടത്തിയ കോഹിനൂര്‍ രത്നം അടക്കമുള്ള വിലമതിക്കാനാവാത്ത വസ്തുക്കള്‍ തിരികെ എത്തിക്കാന്‍ നിര്‍ദേശിക്കണമെന്നാവശ്യപ്പെട്ടു നല്കിയ ഹര്‍ജി പരിശോധിക്കുന്നതിനിടെയാണ് കേന്ദ്രം ഇക്കാര്യം അറിയിച്ചത്.
ബ്രിട്ടീഷുകാരുടെ പക്കലുള്ള കോഹിനൂര്‍ രത്നവും ടിപ്പു സുല്‍ത്താന്റെ വാളും മോതിരവുമടക്കമുള്ള പുരാവസ്തുക്കള്‍ തിരിച്ചുവാങ്ങണമെന്നാവശ്യപ്പെട്ട് ഓള് ഇന്ത്യാ ഹ്യൂമന്‍ റൈറ്റ്സ് ആന്‍ഡ് സോഷ്യല്‍ ജസ്റ്റീസ് ഫ്രണ്ടാണ് സുപ്രീംകോടതിയെ സമീപിച്ചത്. ഇക്കാര്യത്തില്‍ നിലപാടറിയിക്കാന്‍ ഈ മാസം ഒന്പതിനു ചീഫ് ജസ്റ്റീസ് ടി.എസ്. ഠാക്കൂര്‍ അധ്യക്ഷനായ ബെഞ്ച് കേന്ദ്രത്തോടു നിര്‍ദേശിച്ചിരുന്നു. ഇതേത്തുടര്‍ന്നാണ് കേന്ദ്ര സാംസ്കാരിക മന്ത്രാലയം നിലപാടറിയിച്ചത്.
പഞ്ചാബിലെ ബ്രിട്ടീഷ് ഗവര്‍ണറായിരുന്ന ഡല്‍ഹൗസി പ്രഭുവാണ് 1850ല്‍ പഞ്ചാബിലെ മഹാരാജ രഞ്ജിത് സിംഗില്‍നിന്നു വിക്ടോറിയ രാജ്ഞിക്കു വേണ്ടി സമ്മാനമായി രത്നം സ്വീകരിച്ചത്. ഇതിനു വേണ്ടി ഡല്‍ഹൗസി സമ്മര്‍ദം ചെലുത്തിയിരുന്നതായും കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കി. അതേസമയം, ഇന്ത്യയുടെ വിലമതിക്കാനാവാത്ത വസ്തുക്കള്‍ തിരികെ വാങ്ങുന്ന കാര്യത്തിലുള്ള നിലപാട് കേന്ദ്ര വിദേശകാര്യ മന്ത്രാലയം അറിയിച്ചിട്ടില്ലെന്നും സോളിസിറ്റര്‍ ജനറല്‍ അറിയിച്ചു. ഇക്കാര്യത്തില്‍ ആറാഴ്ചയ്ക്കകം വിശദമായ സത്യവാങ്മൂലം നല്കാന് സുപ്രീംകോടതി സോളിസിറ്റര്‍ ജനറലിനു നിര്‍ദേശം നല്കി.