പത്തനംതിട്ട: ഉറ്റവരാലും ഉടയവരാലും ഉപേക്ഷിക്കപ്പെട്ട് കടത്തിണ്ണകളില്‍ അന്തിയുറങ്ങിയിരുന്ന സുഗതന്‍ (65) അഭയം തേടി പത്ത നംതിട്ട കളക്ടറേറ്റിലെത്തി. കളക്ടര്‍ സ്ഥലത്തില്ലാത്ത സാഹചര്യത്തില്‍ കളക്ടറെ കണ്ടേ താന്‍ മടങ്ങൂവെന്ന നിലപാടില്‍ ബാഗ് തലയിണയാക്കി ചേംബറിന് മുന്നില്‍ തറയില്‍ കിടപ്പായ ഇയാളെ ഉദ്യോഗസ്ഥര്‍ ഇടപെട്ട് അടൂര്‍ മഹാത്മ ജനസേവനകേന്ദ്രത്തിലാക്കി.
സിവില്‍ എന്‍ജിനീയറിംഗ് റാങ്കോടെ പാസായ സുഗതന്‍ ചെന്നൈയില്‍ കുടുംബ സമേതം താമസമായിരുന്നു. വസ്തുവകകള്‍ വിറ്റുപെറുക്കി നാട്ടില്‍ ഭരണിക്കാവില്‍ സ്ഥിരതാമസമാക്കിയ ഇയാള്‍ മൂന്ന് പെണ്‍മക്കളെയും വിവാഹം ചെയ്ത് അയച്ചതായും മക്കള്‍ നല്ലനിലയില്‍ കഴിയുന്നുവെന്നും പറയുന്നു. ഭാര്യയോട് പിണങ്ങി പിരിഞ്ഞ് മറ്റൊരു സ്ത്രീയോടൊപ്പം ജീവിച്ചു വന്ന ഇയാളുടെ സമ്പാദ്യങ്ങള്‍ കൈക്കലാക്കിയ രണ്ടാം ഭാര്യ അവഗണിച്ചതോടെയാണ് തെരുവിലെത്തിയതെന്ന് പറയുന്നു.
ഇയാള്‍ പറയുന്ന കാര്യങ്ങള്‍ അവ്യക്തമാണ്. വിവരമറിഞ്ഞ കളക്ടര്‍ നല്കിയ നിര്‍ദേശത്തെ തുടര്‍ന്ന് അടൂര്‍ മഹാത്മജനസേവന കേന്ദ്രം ചെയര്‍മാന്‍ രാജേഷ് തിരുവല്ല, സിഇഒ ടി.ഡി. മുരളീധരന്‍, കോ ഓര്‍ഡിനേറ്റര്‍ അനു എ. നായര്‍ എന്നിവര്‍ കളക്ടറേറ്റിലെത്തി ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ ഇയാളെ ഏറ്റെടുത്തു.