കൊച്ചി: തെരഞ്ഞെടുപ്പു നടപടിക്രമങ്ങള്‍ എളുപ്പത്തിലും വേഗത്തിലുമാക്കാന്‍ ജില്ലയില്‍ വാട്സ്ആപ്പും രംഗപ്രവേശം ചെയ്യുന്നു. ഉത്തരവുകളും നടപടിക്രമങ്ങളും എളുപ്പത്തില്‍ കൈമാറാനായി വാട്സ്ആപ്പ് ഗ്രൂപ്പ് സജ്ജമാക്കുക എന്ന ആശയം ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കളക്ടര്‍ എംജി. രാജമാണിക്യമാണ് ആവിഷ്ക്കരിച്ചത്. ഇന്നലെ കളക്ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന റിട്ടേണിംഗ് ഓഫീസര്‍മാരുടെ യോഗത്തിലാണ് അദ്ദേഹം ഈ ആശയം മുന്നോട്ടുവച്ചത്. ജില്ലയിലെ 14 റിട്ടേണിംഗ് ഓഫീസര്‍മാരും ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറും തെരഞ്ഞെടുപ്പ് ഡെപ്യൂട്ടി കളക്ടറും ഗ്രൂപ്പില്‍ ആദ്യം അംഗങ്ങളായിരിക്കും. തുടര്‍ന്ന് താഴെയുള്ള ഉദ്യോഗസ്ഥരും അംഗങ്ങളാകും.
തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട എല്ലാ നിര്‍ദേശങ്ങളും ഉത്തരവുകളും നടപടിക്രമങ്ങളും ഗ്രൂപ്പിലൂടെ അറിയിക്കുമെന്ന് കളക്ടര്‍ പറഞ്ഞു. പോളിംഗ് സാധനങ്ങളുടെ വിതരണവും സ്വീകരിക്കലും ഉള്‍പ്പെടെയുള്ള നടപടിക്രമങ്ങള്‍ അനായാസമാക്കാന്‍ നടപടികള്‍ സ്വീകരിക്കുന്നതിനും കളക്ടര്‍ റിട്ടേണിംഗ് ഓഫീസര്‍മാര്‍ക്ക് നിര്‍ദേശം നല്കി. വിതരണ കേന്ദ്രങ്ങളില്‍ ഒരു നിയമസഭാ മണ്ഡലത്തെ പ്രതിനിധാനം ചെയ്ത് 150 വിതരണ ബൂത്തുകള്‍ സജ്ജമാക്കും. വിവിധ ഉദ്യോഗസ്ഥരടങ്ങുന്ന ഗ്രൂപ്പുകളുടെ നേതൃത്വത്തിലായിരിക്കും ഈ ബൂത്തുകള്‍ പ്രവര്‍ത്തിക്കുക. ഇതിന് ആവശ്യമായ ഉദ്യോഗസ്ഥരെ നിയമിക്കും.
വിതരണം ഉള്‍പ്പെടെയുള്ള കാര്യങ്ങളുടെ വിവരങ്ങള്‍ മൊബൈല്‍ ഫോണില്‍ സന്ദേശമായി കൈമാറും. ഇതില്‍ കൗണ്ടറുകളെക്കുറിച്ചുള്ള വിവരങ്ങളും ഉണ്ടാകും. ഒരു സ്ഥലത്തേക്കുള്ള വിതരണത്തിനും സ്വീകരിക്കലിനും കുറഞ്ഞത് 15-20 മിനിറ്റ് മാത്രമേ പാടുള്ളൂ. പോളിംഗ് സാധനസാമഗ്രികള്‍ ഏറ്റുവാങ്ങിയ ശേഷം അതതിടങ്ങളിലേക്ക് ഉദ്യോഗസ്ഥര്‍ക്കു പോകാന്‍ വാഹനങ്ങളും സജ്ജമാക്കും. ഈ വാഹനങ്ങള്‍ക്ക് പ്രത്യേക ലോഗ് ബുക്കും ഉണ്ടായിരിക്കും. വാഹനം തിരികെ വരുന്നതുവരെയുള്ള കാര്യങ്ങള്‍ ഇതില്‍ രേഖപ്പെടുത്തിയിരിക്കും. പോളിംഗ് സാധനങ്ങളുടെ വിതരണ കേന്ദ്രങ്ങളില്‍ ഉദ്യോഗസ്ഥര്‍ക്കു ഭക്ഷണം, കുടിവെള്ളം, മറ്റ് അത്യാവശ്യകാര്യങ്ങള്‍ എന്നിവ ലഭിക്കുന്നതിന് സൗകര്യമൊരുക്കും.
ഭക്ഷണവിതരണത്തിന്റെ ചുമതല അതത് ഇടങ്ങളിലെ കുടുംബശ്രീയെ ഏല്‍പ്പിക്കുന്നതിനും നിര്‍ദേശം നല്കി. ഇക്കാര്യങ്ങള്‍ റിട്ടേണിംഗ് ഓഫീസര്‍മാര്‍ പരിശോധിച്ച് ഉറപ്പുവരുത്തണം. യോഗത്തില്‍ തെരഞ്ഞെടുപ്പ് ഡെപ്യൂട്ടി കളക്ടര്‍ എസ്. രാജീവ്, ജൂനിയര്‍ സൂപ്രണ്ട് ഷാജി, സീനിയര്‍ ഉദ്യോഗസ്ഥന് അബ്ദുള്‍ ജബ്ബാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ആദ്യഘട്ട പരിശീലന ക്ലാസുകളില്‍ പങ്കെടുക്കാന്‍ കഴിയാത്തവര്‍ അതത് മണ്ഡങ്ങളിലെ തുടര്‍ന്നുള്ള പരിശീലന ക്ലാസുകളില്‍ നിര്‍ബന്ധമായും പങ്കെടുക്കണമെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു. പരിശീലന പരിപാടിയില്‍ നിന്നു മുന്‍കൂര്‍ അനുമതിയില്ലാതെ വിട്ടുനില്‍ക്കുന്നത് ജനപ്രാതിനിധ്യ നിയമത്തിന്റെ ലംഘനമായി കണക്കാക്കും.