വടകര: പൊള്ളുന്ന ചൂടില്‍ മനസും ശരീരവും വിയര്‍ക്കുമ്പോള്‍ കടത്തനാടന്‍ മണ്ണില്‍ തെരഞ്ഞെടുപ്പ് രംഗവും കൊഴുക്കുന്നു. നാലു പഞ്ചായത്തുകളും നഗരസഭയും ഉള്‍പെടുന്ന ഈ മണ്ഡലം വാശി മൂത്ത മത്സരത്തിനാണ് സാക്ഷ്യം വഹിക്കുന്നത്. ഇരു സോഷ്യലിസ്റ്റുകളും ബിജെപിയും ആര്‍എംപിയും മണ്ഡലത്തില്‍ ചലനം സൃഷ്ടിച്ച് മുന്നേറുകയാണ്. നാല്‍പത് ഡിഗ്രി ചൂടൊന്നും ഇവര്‍ക്കു പ്രശ്‌നമല്ല.രാവിലെ മുതല്‍ ഉച്ചവരെയും; ചൂടിന് ഇടവേള നല്‍കിയ ശേഷം വൈകുന്നേരവും തകൃതിയായ പ്രചാരണമാണ് നടക്കുന്നത്.
ആവശ്യം പോലെ ദിവസങ്ങളുള്ളതിനാല്‍ പരമാവധി വോട്ടര്‍മാരെ നേരില്‍ കാണാന്‍ തന്നെയാണ് ഓരോ സ്ഥാനാര്‍ഥിയുടെയും തീരുമാനം. 79 കാരനായ സി.കെ.നാണു നാലാം മത്സരത്തില്‍ പ്രായം മറന്നു വടകരയില്‍ കുതിക്കുമ്പോള്‍ 60 കാരനായ മനയത്ത് ചന്ദ്രന്‍ കന്നിയങ്കത്തിന്റെ ജാള്യത വിടാതെ പോരാട്ട രംഗത്ത് സജീവമാണ്. പതിവു പോലെ ബിജെപി ഇത്തവണയും വോട്ടിന്റെ കരുത്തറിയാന്‍ സ്ഥാനാര്‍ഥിയെ നിര്‍ത്തിയിട്ടുണ്ട്. മണ്ഡലം പ്രസിഡന്റ് അഡ്വ.എം.രാജേഷ്കുമാര്‍ താമരയുടെ വീര്യം കാക്കാന്‍ ബിജെപി സ്ഥാനാര്‍ഥിയായി മണ്ഡലത്തിലുടനീളം ഓടി നടക്കുന്നു.
ആര്‍എംപി നേതാവ് കെ.കെ.രമയുടെ സ്ഥാനാര്‍ഥിത്വമാണ് വടകരയെ ഇക്കുറി വേറിട്ടതാക്കുന്നത്. വള്ളിക്കാട്ടെ തെരുവോരത്ത് അമ്പത്തിയൊന്ന് വെട്ടിനാല്‍ ഇല്ലാതായ ടിപി ചന്ദ്രശേഖരന്റെ സഹധര്‍മിണി ആദ്യമായി മത്സര രംഗത്ത് ഇറങ്ങിയപ്പോള്‍ അത് ശ്രദ്ധേയ കാല്‍വെപ്പും ചര്‍ച്ചയുമായി. വിപ്ലവ ആവേശം നെഞ്ചേറ്റി പ്രചാരണം തുടങ്ങിയ രമ നാടിനെയാകെ ഇളകി മറിക്കുകയാണ്.ആശുപത്രികള്‍, കോളജുകള്‍, സര്‍ക്കാര്‍ ഓഫീസുകള്‍, വ്യാപാര സ്ഥാപനങ്ങള്‍, തീരദേശം എന്നിങ്ങനെ എല്ലായിടത്തും സ്ഥാനാര്‍ഥികള്‍ എത്തുന്നു.
റോഡ്‌ഷോയും വികസന ജാഥകളും നടന്നുകഴിഞ്ഞു. യുഡിഎഫ് സര്‍ക്കാര്‍ തുടരേണ്ടതിന്റെ ആവശ്യകത ഒരുകൂട്ടര്‍ പറയുമ്പോള്‍ എല്‍ഡിഎഫ് വിജയിക്കേണ്ടതും ഇടതു സര്‍ക്കാര്‍ വരേണ്ടതിന്റെയും കാരണങ്ങള്‍ മറുപക്ഷം നിരത്തുന്നു. ഇരുമുന്നണികളുടെ പോരായ്മകള്‍ ചൂണ്ടിക്കാട്ടിയും നരേന്ദ്ര മോദിയുടെ ഗുണഗണങ്ങള്‍ വാഴ്ത്തിയും ബിജെപി കര്‍മനിരതരാവുന്നു.
അക്രമരാഷ്ട്രീയത്തിനെതിരെ വിരല്‍ ചൂണ്ടിയും യഥാര്‍ഥ ഇടതുബദല്‍ ഉയര്‍ത്തിപ്പിടിച്ചും ആര്‍എംപിയും സജീവം. മണ്ണിലെ പ്രചാരണത്തിനു പുറമെ സോഷ്യല്‍ മീഡിയകളിലും ഇവരും ഇവരുടെ അണികളും വോട്ടര്‍മാരെ വശത്താക്കാനുള്ള പരിശ്രമത്തിലാണ്. സിപിഐ (എംഎല്‍) റെഡ് സ്റ്റാര്‍ സ്ഥാനാര്‍ഥി പി.പി.സ്റ്റാലിനും എസ്ഡിപിഐ സ്ഥാനാര്‍ഥി പി.ഹമീദും വോട്ടര്‍മാരെ കാണുകയാണ്. നാമനിര്‍ദേശ പത്രിക സമര്‍പിക്കുന്നതിനു മുമ്പു തന്നെ സ്ഥാനാര്‍ഥികള്‍ പരമാവധി വോട്ടര്‍മാരെ നേരില്‍ കണ്ടുകഴിഞ്ഞുവെന്ന പ്രത്യേകതയാണ് ഇത്തവണ.