വോട്ടര്‍മാരെ ബൂത്തിലെത്തിക്കാന്‍ ജീവനക്കാരുടെ സൗഹൃദവടംവലി

alp-vadamvaliആലപ്പുഴ: അധികാര ‘വടംവലിയും’ ‘മത്സര വടംവലിയും’ പുത്തരിയല്ലാത്ത നാട്ടില്‍ വോട്ടുസന്ദേശം പകര്‍ന്ന ഉദ്യോഗസ്ഥരുടെ ‘സൗഹൃദ വടംവലി’ കൗതുകമുണര്‍ ത്തുന്നതായി. മെയ് 16ന് നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന് പരമാവധി വോട്ടര്‍മാരെ പോളിങ് ബൂത്തുകളിലെത്തിക്കുക എന്ന ലക്ഷ്യത്തോടെ പ്രവര്‍ത്തിക്കുന്ന തെരഞ്ഞെ ടുപ്പ് കമ്മിഷന്റെ  ജില്ലാ സ്വീപ് വിഭാഗവും വിവിധ വകുപ്പുകളും ചേര്‍ന്നാണ് നഗരത്തില്‍ മൂന്നിടത്ത് ഉദ്യോഗസ്ഥരുടെ സൗഹൃദ വടംവലി മത്സരം സംഘടിപ്പിച്ചത്.  വോട്ടുചെയ്യൂ, ജനാധിപത്യത്തെ ശക്തി െപ്പടുത്തൂ, നിങ്ങ ളുടെ വോട്ട് നിങ്ങളുടെ അവകാശം തുടങ്ങിയ പ്ലക്കാര്‍ഡുകളുമേന്തി ജിവനക്കാര്‍ ആവേശത്തോടെ വടംവലി മത്സരത്തില്‍ പങ്കാളികളായി.

കെ.എസ്.ആര്‍.ടി.സി. ആലപ്പുഴ ബസ് സ്റ്റാന്‍ഡിലായിരുന്നു ആദ്യമത്സരം. സ്റ്റാന്‍ഡിന് കിഴക്കുവശം താല്‍ക്കാലികമായി സജ്ജീകരിച്ച സ്ഥലത്തായിരുന്നു മത്സരം. സബ് കളക്ടര്‍ ഡി. ബാലമുരളി, സ്വീപ് വിഭാഗം നോഡല്‍ ഓഫീസര്‍ വി. സുദേശന്‍, ഡിസ്ട്രിക്ട് ട്രാന്‍സ്‌പോര്‍ട്ട് ഓഫീസര്‍ ജി. ബാലമുരളി, ഡിപ്പോ എന്‍ജിനീയര്‍ എം. താഹ തുടങ്ങിയവരുടെ സാന്നിധ്യത്തില്‍ നടന്ന മത്സരത്തില്‍ ഒരുവശത്ത്  ഡിപ്പോയിലെ ഡ്രൈവര്‍മാരും കണ്ടക്ടര്‍മാരും മറുവശത്ത് മെക്കാനിക്ക് വിഭാഗത്തിലെ ജീവനക്കാരും അണിനിരന്നു.

10 പേര്‍ വീതമുള്ള സംഘത്തില്‍ മെക്കാനിക്കല്‍ വിഭാഗത്തെ ചാര്‍ജ്മാന്‍മാരായ ആര്‍. അനില്‍കുമാറും കെ. വിനോദും നയിച്ചപ്പോള്‍ ഡ്രൈവര്‍മാരെ എ. അജിത്തും ജി. പുഷ്പകുമാറും നയിച്ചു. യാത്രക്കാരുള്‍പ്പടെ നൂറുകണക്കിന് പേര്‍ക്ക് നടുവില്‍ ആവേശം മുറ്റിനിന്ന മത്സരത്തില്‍ മെക്കാനിക്കല്‍ വിഭാഗം ജേതാക്കളായി. ജേതാക്കള്‍ക്ക് സബ്കളക്ടര്‍ വാഴക്കുല സമ്മാനമായി നല്‍കി. കളക്‌ട്രേറ്റില്‍ നടന്ന ആദ്യ മത്സരത്തില്‍ ജില്ലാ പഞ്ചായത്ത് സെക്രട്ടറി എ. നൗഷാദ് നയിച്ച ജില്ലാ പഞ്ചായത്ത് ജീവനക്കാരുടെ സംഘവും ഷൈജുവിന്റെ നേതൃത്വത്തിലുള്ള റവന്യൂ വകുപ്പിന്റെ സംഘവുമാണ് ആദ്യം പൊരുതിയത്.

റവന്യൂവകുപ്പ് ആദ്യ പോരാട്ടത്തില്‍ വിജയിച്ചപ്പോള്‍ കൃഷിവകുപ്പിന്റെ ജോയി നയിച്ച ടീമും സെയില്‍സ് ടാക്‌സിന്റെ നന്ദകുമാര്‍ നയിച്ച ടീമും തമ്മിലുള്ള രണ്ടാമത്തെ പോരാട്ടത്തില്‍ കൃഷി വകുപ്പ് വിജയികളായി. വിജയികളായ റവന്യൂവകുപ്പും കൃഷിവകുപ്പും തമ്മിലുള്ള ഫൈനല്‍ പോരാട്ടത്തില്‍ റവന്യൂ വകുപ്പ് ജേതാക്കളായി. അഡീഷണല്‍ ജില്ലാ മജിസ്‌ട്രേട്ട് ജെ. ഗിരിജ വിജയികള്‍ക്ക് സമ്മാനങ്ങള്‍ നല്‍കി.കടപ്പുറത്ത് ആയിരങ്ങളെ സാക്ഷി നിര്‍ത്തി എക്‌സൈസ് ഉദ്യോഗസ്ഥരും ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥരും തമ്മില്‍ നടന്ന വടംവലി മത്സരത്തില്‍ ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവില്‍ ഫയര്‍ ഫോഴ്‌സ് വിജയം നേടി.

വാശിയേറിയ ഒന്നാം വലിയില്‍ ഫയര്‍മാന്‍ ജോജിയുടെ നേതൃത്വത്തിലുള്ള ഫയര്‍ഫോഴ്‌സ് ടീം പിന്നാക്കം പോയെങ്കിലും തുടര്‍ന്നു നടന്ന രണ്ടുവലികളിലും  അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ എം.ജെ. കാസിമിന്റെ നേതൃത്വത്തിലുള്ള എക്‌സൈസ് ടീമിനെ പിന്നിലാക്കി വിജയം ഉറപ്പിച്ചു. വാശിയേറിയ മത്സരം കാണാന്‍ കടപ്പുറത്ത് വന്‍ ജനസഞ്ചയം എത്തിയിരുന്നു. ഇരു ചേരികളിലുമായി അണിനിരന്നവര്‍ കരഘോഷങ്ങളോടെയാണ് മത്സരത്തിന് ആവേശം പകര്‍ന്നത്.

Related posts