ഇരമല്ലൂര്‍ റോഡിലെ കലുങ്ക് നിര്‍മാണം നാട്ടുകാര്‍ തടഞ്ഞു

ekm-kalunkമൂവാറ്റുപുഴ:കീച്ചേരിപ്പടി-ഇരമല്ലൂര്‍ റോഡിലെ നിരപ്പ് റേഷന്‍കടപ്പടിയിലെ കലുങ്ക് നിര്‍മാണം നാട്ടുകാര്‍ തടഞ്ഞു.നിരപ്പ് റേഷന്‍ കടപ്പടിയിലെ കൊടും വളവു നിവര്‍ത്താന്‍ നാട്ടുകാര്‍ സ്ഥലം ഏറ്റെടുത്തു നല്‍കിയിരുന്നു. എന്നാല്‍ വളവു നിവര്‍ത്താതെ റോഡിനു കുറുകെ കലുങ്ക് നിര്‍മിക്കാനുള്ള കരാറുകാരന്റെ ശ്രമമാണ് നാട്ടുകാര്‍ ഇടപെട്ട് തടഞ്ഞത്. കലുങ്ക് നിര്‍മാണത്തോടൊപ്പം റോഡിലെ വളവ് നിവര്‍ത്തുകയും ഓട നിര്‍മിക്കുകയും സമീപത്തുള്ള പഞ്ചായത്തു  കിണറിനു മുകളില്‍ സ്ലാബും സ്ഥാപിക്കണമെന്ന നാട്ടുകാരുടെ ആവശ്യം കരാറുകാരന്‍ അംഗീകരിക്കാന്‍ തയാറായില്ല.

ഇതോടെയാണ് നാട്ടുകാര്‍ സംഘടിച്ചെത്തി ഇന്നലെ റോഡു നിര്‍മാണം തടഞ്ഞത്. തുടര്‍ന്നു പൊതുമരാമത്ത് വകുപ്പ്  എക്‌സിക്യൂട്ടീവ് എന്‍ജിനിയറും ഓവര്‍ സിയറും സ്ഥലത്തെത്തി നാട്ടുകാരുമായി ചര്‍ച്ച നടത്തിയെങ്കിലും പ്രതിഷേധക്കാര്‍  പിന്‍മാറാന്‍ തയാറായില്ല. തുടര്‍ന്നു മൂവാറ്റുപുഴയില്‍ നിന്നു അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എന്‍ജിനിയറെത്തി നാട്ടുകാരുടെ ആവശ്യം അംഗീകരിക്കാമെന്ന് ഉറപ്പു നല്‍കിയതോടെയാണ് പ്രതിഷേധം അവസാനിപ്പിച്ചത്.നേരത്തെ റോഡു  നിര്‍മാണത്തിനുള്ള എസ്റ്റിമേറ്റ് എടുക്കാന്‍ എത്തിയ  അധികൃതര്‍ ഇവിടെ കലുങ്കും ഓടയും പഞ്ചായത്ത് കിണറിനു മുകളില്‍ സ്ലാബും സ്ഥാപിക്കുമെന്ന് അറിയിച്ചിരുന്നു.

Related posts