ധോണിയെ മലര്‍ത്തി കോഹ്‌ലി

SP-KOHLIപൂന: അടിച്ചു തകര്‍ത്ത വിരാട് കോഹ്‌ലിക്കും ഡിവില്യേഴ്‌സിനും മുന്നില്‍ മഹേന്ദ്രസിംഗ് ധോണി ആയുധംവച്ചു കീഴടങ്ങി. ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ നിര്‍ണായക മത്സരത്തില്‍ വിരാട് കോഹ്്‌ലി നയിച്ചബാംഗളൂര്‍ റോയല്‍ റോയല്‍ ചലഞ്ചേഴ്‌സിനോട് ധോണി നയിച്ച റൈസിംഗ് പൂന സൂപ്പര്‍ ജയന്റ്‌സ് 13 റണ്‍സിനു പരാജയപ്പെട്ടു. സ്‌കോര്‍: റോയല്‍ ചലഞ്ചേഴ്‌സ് ബാംഗളൂര്‍- 20 ഓവറില്‍ മൂന്നിന് 185. പൂന സൂപ്പര്‍ ജയന്റ്‌സ് 20 ഓവറില്‍ എട്ടിന് 172.46 പന്തില്‍ 83 റണ്‍സ് നേടിയ എ.ബി. ഡിവില്യേഴ്‌സിന്റെയും 63 പന്തില്‍ 80 റണ്‍സെടുത്ത നായകന്‍ വിരാട് കോഹ്്‌ലിയുടെയും മികവിലാണ് റോയല്‍ ചലഞ്ചേഴ്‌സിന്റെ വിജയം.ഡിവില്യേഴ്‌സാണ് മാന്‍ ഓഫ് ദ മാച്ച്. പൂനയുടെ മൂന്നാമത്തെ തോല്‍വിയാണിത്.

ടോസ് നേടിയ പൂന നായകന്‍ ധോണി ഫീല്‍ഡിംഗ് തെരഞ്ഞെടുത്തു. 27 റണ്‍സെടുത്തപ്പോള്‍ റോയല്‍ ചലഞ്ചേഴ്‌സിന് ഓപ്പണര്‍ കെ.എല്‍. രാഹുലിനെ നഷ്ടമായെങ്കിലും ഡിവില്യേഴ്‌സിനൊപ്പം കോഹ്്‌ലി തകര്‍ത്തു കളിച്ചതോടെ ബാംഗളൂരിന്റെ സ്‌കോറിംഗ് ശരവേഗത്തിലായി. ഡിവില്യേഴ്‌സ് കൂടുതല്‍ അപകടകാരിയായപ്പോള്‍ കോഹ്്‌ലി മികച്ച പിന്തുണയേകി. ബൗണ്ടറികളും സിക്‌സറുകളും ഡിവില്യേഴ്‌സ് യഥേഷ്ടം പായിച്ചു. ആര്‍. അശ്വിനും രജത് ഭാട്ടിയയും മാത്രമാണ് ഭേദപ്പെട്ട രീതിയില്‍ പന്തെറിഞ്ഞത്. ഒരു ഘട്ടത്തിലും ഇരുവരെയും സമ്മര്‍ദത്തിലാക്കാന്‍ പൂന ബൗളര്‍മാര്‍ക്കായില്ല.

ഏഴു ബൗണ്ടറിയുടെയും രണ്ടു സിക്‌സറിന്റെയും അകമ്പടിയോടെയാണ് കോഹ്്‌ലി 80 റണ്‍സടിച്ചത്. ആറു ബൗണ്ടറിയും നാലു സിക്‌സും ഡിവില്യേഴ്‌സിന്റെ ഇന്നിംഗ്‌സിനു ചാരുതയായി.

പൂനയ്ക്കു വേണ്ടി തിസര പെരേര മൂന്നു വിക്കറ്റ് നേടി.

മറുപടി ബാറ്റിംഗിനിറങ്ങിയ പൂനയുടെ തുടക്കം തകര്‍ച്ചയോടെയായിരുന്നു. സ്‌കോര്‍ബോര്‍ഡില്‍ 18 റണ്‍സ് മാത്രമുള്ളപ്പോള്‍ രണ്ടു വിക്കറ്റ് നഷ്ടപ്പെട്ടപ്പോള്‍ കെവിന്‍ പീറ്റേഴ്‌സന്‍ റിട്ടയേഡ് ഹര്‍ട്ടായത് പൂനയ്ക്കു കൂനിന്മേല്‍ കുരുവായി. ഇന്‍ഫോം ബാറ്റ്‌സ്മാന്‍ ഫാഫ് ഡുപ്ലസിയെ കെയ്ന്‍ റിച്ചാര്‍ഡ്‌സണ്‍ പുറത്താക്കിയപ്പോള്‍ സ്റ്റീവന്‍ സ്മിത്ത് റണ്ണൗട്ടായി. പിന്നീട് ക്രീസില്‍ ഒത്തുചേര്‍ന്ന ഓപ്പണര്‍ അജിങ്ക്യ രഹാനെയും നായകന്‍ ധോണിയും ചേര്‍ന്ന് പൂനയെ കരകയറ്റുമെന്നു തോന്നിപ്പിച്ചു. സാവധാനം തുടങ്ങിയ ഇരുവരും പതിയെ മേല്‍ക്കൈ നേടി. എന്നാല്‍, 91 റണ്‍സ് കൂട്ടിച്ചേര്‍ത്ത ശേഷം രഹാനെ (60) പുറത്തായതു തിരിച്ചടിയായി. 46 പന്തില്‍ എട്ടു ബൗണ്ടറികളുടെ അകമ്പടിയോടെയായിരുന്നു രഹാനെയുടെ ക്ലാസിക് ഇന്നിംഗ്‌സ്. തബ്രിയാസ് ഷംസിയുടെ പന്തില്‍ രഹാനെയെ സ്റ്റംപ് ചെയ്യുകയായിരുന്നു. പിന്നീടു ക്രീസിലെത്തിയ തിസര പെരേരയ്‌ക്കൊപ്പം ധോണി പൊരുതിയെങ്കിലും വിജയിക്കാന്‍ അതു പോരായിരുന്നു. ധോണി 38 പന്തില്‍ 41 റണ്‍സെടുത്തു. ബാംഗളൂരിനുവേണ്ടി കെയ്ന്‍ റിച്ചാര്‍ഡ്‌സണ്‍ മൂന്നു വിക്കറ്റ് നേടി.

ഇന്ത്യന്‍ പ്രീമിയര്‍ ലീഗ്- പോയിന്റ് നില

ടീം, കളി, ജയം, തോല്‍വി, സമനില, പോയിന്റ്

കോല്‍ക്കത്ത 4-3-1-0-6
ഗുജറാത്ത് ലയണ്‍സ് 4-3-1-0-6
ബാംഗളൂര്‍ 4-2-2-0-4
ഡല്‍ഹി 3-2-1-0-4
ഹൈദരാബാദ് 4-2-2-0-4
മുംബൈ 5-2-3-0-4
പൂന 4-1-3-0-2
പഞ്ചാബ് 4-1-3-0-2

ടോപ് 5 ബാറ്റ്‌സ്മാന്‍

(മത്സരം, റണ്‍സ്, ഉയര്‍ന്ന സ്‌കോര്‍)

കോഹ്്‌ലി 4-267-80
ഡിവില്യേഴ്‌സ് 4-249-83
വാര്‍ണര്‍ 4-235-90
ഗൗതം ഗംഭീര്‍ 4-226-90*
ആരോണ്‍ ഫിഞ്ച് 3-191-74

ടോപ് 5 ബൗളര്‍

താരം, മത്സരം, വിക്കറ്റ്, മികച്ചപ്രകടനം

ഭുവനേശ്വര്‍ കുമാര്‍ 4-7-4/29
മക്ക്ലനേഗന്‍ 5-7-4/21
മുരുഗന്‍ അശ്വിന്‍ 4-6-3/36
ഡ്വയ്ന്‍ ബ്രാവോ 4-6-4/22
അമിത് മിശ്ര 3-5-4/11
ആന്ദ്രെ റസല്‍ 4-5-3/24
ക്വിന്റണ്‍ ഡി കോക്ക് 3-184-108
ഡുപ്ലസി 3-170-69.

Related posts