വലിയപറന്പ്: വേർപാടിന്റെ വേദന വ്യത്യസ്ത രീതിയിൽ സമൂഹത്തിന് മുന്നിൽ കാട്ടി കുരങ്ങ് കൂട്ടം.നിർത്താതെ കരഞ്ഞും കയർത്തും വാഹനം തടഞ്ഞുവെച്ചുമുള്ള മിണ്ടാപ്രാണികളുടെ വികാരപ്രകടനം കണ്ടുനിന്ന നാട്ടുകാർക്കും സഹിക്കാനായില്ല.
ഇടയിലെക്കാട് കാവിലെ നാൽപ്പതോളമുള്ള വാനര സംഘത്തിലെ ഒരു കുഞ്ഞിനാണ് ഇന്നലെ വൈകുന്നേരത്തോടെ കാവിനടുത്ത റോഡിലേക്ക് കടന്നു വരുന്നതിനിടെ മിനിലോറിയിടിച്ച് ദാരുണാന്ത്യം സംഭവിച്ചത്. തുടർന്ന് അതുവഴി വന്ന ഒരു സ്കൂട്ടർ യാത്രികൻ ചത്ത കുരങ്ങിനടുത്തേക്ക് നീങ്ങിയതോടെ കുരങ്ങു പട വാഹനം വളഞ്ഞ് ഹെൽമറ്റ് കൈക്കലാക്കി പ്രതിഷേധിച്ചു.
വാനരർക്ക് നിത്യവും ചോറൂട്ടുന്ന ചാലിൽ മാണിക്കം ചോറ്റുപാത്രവുമായി എത്തിയതോടെ അവരുടെ സങ്കടം ഇരട്ടിച്ചു. നാട്ടുകാർ ചേർന്ന് കുരങ്ങിന്റെ ശരീരം കാവിനരികിൽ തന്നെ കുഴികുത്തി മൂടി. മൃതശരീരം എടുക്കുന്പോഴും കുഴികുത്തുന്പോഴും പ്രതിഷേധശബ്ദം മുഴക്കി മരച്ചില്ലകൾ കുലുക്കിയും സങ്കട ഭാവത്തോടെ തലതാഴ്ത്തിപ്പിടിച്ചും തങ്ങളുടെ കൂടപ്പിറപ്പിനെ യാത്രയാക്കുന്ന രംഗം കണ്ടു നിന്ന നാട്ടുകാരിലും നൊന്പരമായി.
സന്ധ്യയായിട്ടും ഭൂരിഭാഗം കുരങ്ങുകളും കുഴിയുടെ നേരെയുള്ള വേലിയിൽ സങ്കടം സഹിക്കാനാകാതെ ദുഃഖത്തിലായിരുന്നു. റോഡിന്റെ തെക്കുഭാഗത്തുവെച്ച് സഞ്ചാരികൾ തീറ്റനൽകുന്നതിനിടെ റോഡ് മുറിച്ചു കടക്കുന്പോൾ ഇതിനു മുന്പും വാഹനങ്ങളുടെ മരണ പാച്ചിലിനിടയിൽ കുരങ്ങുകൾ റോഡിൽ ചതഞ്ഞരഞ്ഞ സംഭവമുണ്ടായിട്ടുണ്ട്.ഇടയിലക്കാട് നവോദയ ഗ്രന്ഥാലയത്തിന്റെ നേതൃത്വത്തിൽ ഇവിടത്തെ വാനര സംഘത്തെയും ജൈവ വൈവിധ്യത്തെയും സംരക്ഷിച്ചു വരുന്നതിൽ നേതൃത്വം വഹിക്കുന്നുണ്ട്.