ആലപ്പുഴ: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി തെരഞ്ഞെടുപ്പ് റദ്ദുചെയ്ത കീഴ്‌ക്കോടതികളുടെ ഉത്തരവ് ഹൈക്കോടതി ശരിവച്ചതായി മുന്‍ ജില്ലാ പ്രസിഡന്റ് നുജുമുദീന്‍ ആലുംമൂട്ടില്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. 2015 ജൂണ്‍ ഒമ്പതിനു ആലപ്പുഴയില്‍ നടന്ന ഏകോപന സമിതി ജില്ലാ തെരഞ്ഞെടുപ്പില്‍ തെരഞ്ഞെടുക്കപ്പെട്ട ഭാരവാഹികളെ പുറത്താക്കിയ ആലപ്പുഴ മുനിസിഫ് കോടതി, ജില്ലാ കോടതി വിധികളാണ് ഹൈക്കോടതി ശരിവച്ചത്. കേസ് സംബന്ധിച്ചു ഭാരവാഹികളെ പുറത്താക്കിയ ഉത്തരവിനെ ചോദ്യം ചെയ്തു നിലവിലെ ജില്ലാ പ്രസിഡന്റ് രാജു അപ്‌സര സമര്‍പ്പിച്ച അപ്പീല്‍ ഹൈക്കോടതി തള്ളുകയും ചെയ്തു.
സംസ്ഥാന പ്രസിഡന്റ് ടി. നസറുദീന്റെ നേതൃത്വത്തില്‍ ഏകോപന സമിതി കൊല്ലം ജില്ലാ പ്രസിഡന്റ് ദേവരാജന്‍ വരണാധികാരിയായി നടത്തിയ തെരഞ്ഞെടുപ്പ് ഭരണഘടനാ വിരുദ്ധമാണെന്നു കണ്ടെത്തിയതിനെത്തുടര്‍ന്നാണ് മൂന്നു കോടതികളും കേസ് ശരിവച്ചതെന്നു അദ്ദേഹം പറഞ്ഞു. കോടതി വിധി അനുകൂലമായതിനാല്‍ മേയ് ആദ്യവാരം കോടതി നിശ്ചയിച്ച കമ്മീഷനായ അഡ്വ. കെ.വി. ശുഭകുമാറിന്റെ നിയന്ത്രണത്തില്‍ പുതിയ ഭാരവാഹികളെ കണ്ടെത്തുന്നതിനായി തെരഞ്ഞെടുപ്പു നടത്തുമെന്നും അദ്ദേഹം പറഞ്ഞു.
ഏകോപനസമിതി മുന്‍ ജില്ലാ – താലൂക്ക് ഭാരവാഹികളായ വിജയകുമാര്‍ ചെട്ടികുളങ്ങര, വേണുഗോപാല്‍ പാണാവള്ളി, സന്തോഷ് നെടുമുടി, സക്കീര്‍ഹുസൈന്‍ മാവേലിക്കര, സുരേഷ് മുട്ടം എന്നിവരാണ് ഏകോപന സമിതി ജില്ലാ തെരഞ്ഞെടുപ്പില്‍ ക്രമക്കേടു നടന്നതായി കാട്ടി കോടതിയെ സമീപിച്ചിരുന്നത്. കോടതി വിധികള്‍ സംബന്ധിച്ചു തെറ്റായ വാര്‍ത്തകള്‍ നല്കുകയും സംസ്ഥാന നേതാക്കളെയും വ്യാപാരികളെയും തെറ്റിധരിപ്പിച്ച് ജില്ലാ കൗണ്‍സില്‍ യോഗം എന്ന രീതിയില്‍ യോഗം നടത്തിയതു സംബന്ധിച്ച് നിലവിലെ ജില്ലാ പ്രസിഡന്റിനെതിരെ കോടതിയില്‍ കേസ് ഫയല്‍ ചെയ്യുമെന്നും നുജുമുദീന്‍ ആലുംമൂട്ടില്‍ പറഞ്ഞു. പത്രസമ്മേളനത്തില്‍ തെരഞ്ഞെടുപ്പിനെതിരെ ഹര്‍ജി നല്കിയ മുന്‍ ഭാരവാഹികളും പങ്കെടുത്തു.