നേമം: തമിഴ് സിനിമയിൽ നായകനാക്കാമെന്ന് പറഞ്ഞ് ഇരുപത്തിരണ്ട് ലക്ഷം രൂപ തട്ടിയെടുത്ത കേസിലെ പ്രതിയെ പോലീസ് അറസ്റ്റുചെയ്തു. നേമം ശാന്തിവിള കുരുമി പരമേശ്വരം വീട്ടിൽ വാടകയ്ക്ക് താമസിക്കുന്ന ആർ.കെ. മേനോൻ എന്നറിയപ്പെടുന്ന രാധാകൃഷ്ണ മേനോ(58) നെയാണ് അറസ്റ്റുചെയ്തത്.
ചെന്നൈ രാമപുരം നടേശൻ നഗറിൽ താമസിക്കുന്ന ശിവയുടെ പരാതിയെ തുടർന്നാണ് നേമം പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തിയത്. ആലപ്പുഴ തണ്ണീർമുക്കം സ്വദേശിയായ രാധാകൃഷ്ണ മേനോൻ ശിവയെ സിനിമയിൽ നായകനാക്കാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് ചെന്നൈയിലുള്ള ആർ.കെ. ഫിലിംസിന്റെ ഓഫീസിലും തിരുവനന്തപുരത്തും വെച്ച് പല തവണകളായാണ് പണം വാങ്ങിയതെന്ന് പോലീസ് പറഞ്ഞു.
സിനിമയിൽ അവസരം ലഭിക്കാതെ വന്നതോടെ പണം തിരികെ ചോദിച്ചപ്പോൾ കരാർ എഴുതികൊടുത്ത ശേഷം പ്രതി മുങ്ങുകയായിരുന്നു.ആർ.കെ. ഫിലിംസ് എന്ന പേരിൽ നിരവധി സ്ഥാപനം ചെന്നൈയിലും എറണാകുളത്തും നടത്തിയിരുന്ന പ്രതി സ്ഥാപനത്തിന്റെ മറവിലാണ് തട്ടിപ്പുകൾ നടത്തിയിരുന്നത്.
2008 മുതൽ നിരവധി പേർ തട്ടിപ്പിനിരയായിട്ടുണ്ട്. അന്വേഷണം നടക്കുന്നതറിഞ്ഞ് മൊബൈൽ ഫോണ് നന്പറുകൾ മാറ്റി മാറ്റി ഉപയോഗിച്ചിരുന്ന പ്രതിയെ ടവർ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.