കൊച്ചി: കന്യാസ്ത്രീയുടെ പരാതിയിൽ ജലന്ധർ ബിഷപ് ഡോ. ഫ്രാങ്കോ മുളയ്ക്കൽ ചോദ്യം ചെയ്യലിന് ഹാജരായി. തുടർച്ചയായി മൂന്നാം ദിവസമാണ് ബിഷപ് ചോദ്യം ചെയ്യലിന് ഹാജരാകുന്നത്. രണ്ടു ദിവസങ്ങളിലായി 15 മണിക്കൂറോളമാണു ചോദ്യംചെയ്തത്.
ചോദ്യം ചെയ്യലിന്റെ ഭാഗമായി ലഭിച്ച വിവരങ്ങളുടെ കൂടുതൽ പരിശോധന വേണ്ടതിനാലാണ് വീണ്ടും ചോദ്യം ചെയ്യുന്നത്. അന്വേഷണ സംഘം മൂന്നായി തിരിഞ്ഞ് അന്വേഷണത്തിന്റെ ഒന്നാം ദിവസം മുതൽ ഇതുവരെ ലഭിച്ച കാര്യങ്ങളുടെ പരിശോധന പൂർത്തിയാക്കിയശേഷമായിരിക്കും തുടർ ചോദ്യം ചെയ്യൽ നടത്തുക.
കോട്ടയം ജില്ലാ പോലീസ് മേധാവി ഹരിശങ്കർ, അന്വേഷണ ഉദ്യോഗസ്ഥനായ വൈക്കം ഡിവൈഎസ്പി കെ. സുഭാഷ് എന്നിവരുടെ നേതൃത്വത്തിൽ തൃപ്പൂണിത്തുറയിലെ ക്രൈംബ്രാഞ്ച് പോലീസ് സൂപ്രണ്ടിന്റെ കാര്യാലയത്തോടനുബന്ധിച്ചുള്ള ഹൈടെക് സെല്ലിൽ തന്നെയാണ് ചോദ്യം ചെയ്യൽ നടക്കുന്നത്.
അത്യാധുനിക സംവിധാനങ്ങൾ ഉപയോഗിച്ചു മുഖഭാവമടക്കം സൂക്ഷ്മമായി നിരീക്ഷിക്കാൻ സാധിക്കുന്ന തരത്തിൽ തയാറാക്കിയ ഹൈടെക് റൂമിലാണ് ചോദ്യം ചെയ്യൽ നടക്കുന്നത്. കേസുമായി ബന്ധപ്പെട്ട് രണ്ടാംഘട്ട ചോദ്യം ചെയ്യലാണു നടന്നുവരുന്നത്.
ജലന്ധറിൽ ബിഷപ്സ് ഹൗസിലെത്തി കേരളത്തിൽ നിന്നുള്ള അന്വേഷണസംഘം ആദ്യഘട്ട ചോദ്യം ചെയ്യൽ നടത്തിയിരുന്നു. ചോദ്യം ചെയ്യലിനോട് അനുബന്ധിച്ച് തൃപ്പൂണിത്തുറ ക്രൈംബ്രാഞ്ച് പോലീസ് സൂപ്രണ്ടിന്റെ കാര്യാലയത്തിനു സമീപം വൻ സുരക്ഷാ ക്രമീകരണങ്ങളും ഒരുക്കിയിട്ടുണ്ട്.