വടക്കഞ്ചേരി: കൃഷിഭവനുകള്‍ വഴി സംഭരിക്കുന്ന നാളികേരത്തിന്റെ വില ലഭിക്കാന്‍ മാസങ്ങളുടെ കാലതാമസം വരുന്നത് കേരകര്‍ഷകരെ ബുദ്ധിമുട്ടിലാക്കുന്നു. കഴിഞ്ഞ ഫെബ്രുവരി 20 വരെ സംഭരിച്ച നാളികേരത്തിന്റെ വില മാത്രമാണ് ഇതിനകം കര്‍ഷകര്‍ക്ക് വിതരണം ചെയ്തിട്ടുള്ളത്. സംസ്ഥാനത്തെ മുഴുവന്‍ കൃഷിഭവനുകളുടെയും സ്ഥിതിയാണിത്. കേരഫെഡില്‍നിന്നും ഫണ്ടിന്റെ വരവു വൈകുന്നതാണ് പ്രതിസന്ധിക്ക് കാരണമെന്ന് കൃഷി ഓഫീസര്‍മാര്‍ പറയുന്നു. ഓരോ കൃഷിഭവനിലും അഞ്ചുലക്ഷം രൂപമുതല്‍ 13 ലക്ഷം രൂപവരെ ഇത്തരത്തില്‍ കര്‍ഷകര്‍ക്ക് വിതരണം ചെയ്യാന്‍ കൂടിശിക—യുണ്ട്.
സ്വകാര്യ ഏജന്‍സികള്‍ നന്നേ കുറഞ്ഞ വിലയ്ക്കു നാളികേരം വാങ്ങുന്നതിനാല്‍ നാളികേരം മുഴുവന്‍ കൃഷിഭവന്റെ സംഭരണകേന്ദ്രങ്ങളിലാണ് എത്തുന്നത്. കച്ചവടക്കാര്‍ കിലോയ്ക്ക് 13 രൂപ മുതല്‍ 15 രൂപവരേയ്ക്ക് നാളികേരം വാങ്ങുമ്പോള്‍ കൃഷിഭവനുകള്‍ കിലോയ്ക്ക് 25 രൂപയ്ക്കാണ് വെള്ളത്തോടു കൂടിയ നാളികേരം സംഭരിക്കുന്നത്. ഇതിനാല്‍ പണത്തിന് അത്യാവശ്യമുള്ളവര്‍ മാത്രമേ സ്വകാര്യ ഏജന്‍സികള്‍ക്ക് നാളികേരം വില്ക്കുന്നുള്ളൂ.
നാളികേരവില ലഭിക്കാന്‍ കുറച്ചു കാലതാമസം വന്നാലും കുടിശിക തീര്‍ത്ത് മുഴുവന്‍ പണവും കൃഷിഭവനുകളില്‍നിന്നും ലഭിക്കുമെന്ന ഉറപ്പും കൃഷിഭവനുകളുടെ സംഭരണകേന്ദ്രങ്ങളില്‍ നാളികേരം വില്ക്കാന്‍ കര്‍ഷകരെ പ്രേരിപ്പിക്കുന്നു.ആഴ്ചയില്‍ ചൊവ്വ, വ്യാഴം ദിവസങ്ങളിലായി എട്ടു ടണ്‍മുതല്‍ 12 ടണ്‍വരെയാണ് കര്‍ഷകരില്‍നിന്നും കൃഷിഭവനുകള്‍ നാളികേരം സംഭരിക്കുന്നത്. ഇതുമൂലം കേരഫെഡിന്റെ വാഹനംവന്ന് കൊണ്ടുപോകുന്നതുവരെ നാളികേരം സൂക്ഷിക്കലും കൃഷിഭവനുകള്‍ക്ക് അധിക ഭാരമാകുന്നതായി പറയുന്നു. നാളികേരം സൂക്ഷിക്കാന്‍ സൗകര്യമില്ലാത്ത സ്ഥലങ്ങളില്‍ സംഭരണവും കുറയ്ക്കുന്നുണ്ട്.
ഏറ്റവും കൂടുതല്‍ നാളികേരം ഉത്പാദനം ഉണ്ടാകുന്ന സീസണാണിത്. അടുത്തമാസം ഒടുവോടെ സീസണ്‍ തീരും. കൃഷിഭവനുകളിലെല്ലാം ഓഗസ്റ്റ് മാസം വരെ നാളികേരം എടുക്കാനുള്ള ബുക്കിംഗ് ഇപ്പോള്‍ തന്നെയായി.മുമ്പൊക്കെ നാളികേരം സംഭരിക്കുന്നതിനായി കൃഷിഭവനുകളുടെ അക്കൗണ്ടില്‍ അഞ്ചുലക്ഷം രൂപ വരെ രൂപ വരെ പണം ഉണ്ടാകണമെന്ന് വ്യവസ്ഥയുണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ ഈ സ്ഥിതിയില്ല. സംഭരിച്ച നാളികേരത്തിന്റ കണക്ക് കൊടുത്താലും ഫണ്ടുവരുന്നത് വൈകുകയാണെന്ന് കൃഷിഭവന്‍ അധികൃതര്‍ പറഞ്ഞു.
അനുവദിക്കുന്ന ഫണ്ട് കൃഷിഭവനുകള്‍ക്കെല്ലാം തുല്യമായി വീതിച്ചാണ് നല്കുന്നത്. റബറിനൊപ്പം നാളികേരത്തിനും വിലയില്ലാത്തത് മലയോര കര്‍ഷകരെ ഏറെ കഷ്ടത്തിലാക്കുന്നുണ്ട്. സംഭരിക്കുന്ന നാളികേരത്തിന്റെ വില കൂടുതല്‍ വൈകിപ്പിക്കാതെ നല്കാന്‍ നടപടിയുണ്ടാകണമെന്നാണ് കേരകര്‍ഷകരുടെ ആവശ്യം.