വടക്കഞ്ചേരി: വടക്കഞ്ചേരി-മണ്ണുത്തി ആറുവരി പാതയില്‍ പന്നിയങ്കര മുതല്‍ വാണിയമ്പാറ വരെയുള്ള നാലുകിലോമീറ്റര്‍ ഭാഗത്ത് സര്‍വീസ് റോഡും ഡ്രെയിനേജും വേണമെന്ന പ്രദേശവാസികളുടെ ശക്തമായ ആവശ്യത്തെ തുടര്‍ന്ന് നാഷണല്‍ ഹൈവേ അഥോറിറ്റി ഓഫ് ഇന്ത്യയുടെ അസിസ്റ്റന്റ് പ്രോജക്ട് മാനേജര്‍ (ടെക്‌നിക്കല്‍) ഇന്നു സ്ഥലം സന്ദര്‍ശിക്കുമെന്നാണ് കെഎംസി കരാര്‍ കമ്പനി പ്രോജക്ട് മാനേജര്‍ സതീശ് ചന്ദ്രറെഡി അറിയിച്ചിട്ടുള്ളത്.
നാലുകിലോമീറ്ററില്‍ സര്‍വീസ് റോഡ് വേണമെന്നാവശ്യപ്പെട്ട് നൂറുകണക്കിന് നാട്ടുകാര്‍ ഒപ്പിട്ട ഭീമഹര്‍ജി ഇന്നലെ രാവിലെ പ്രോജക്ട് മാനേജരായ റെഡിക്ക് നല്കിയിരുന്നു. തുടര്‍ന്നു നാട്ടുകാരുമായി നടത്തിയ ചര്‍ച്ചയിലാണ് അടിയന്തിരമായി നാഷണല്‍ ഹൈവേ അഥോറിറ്റിയുടെ പ്രതിനിധി സ്ഥലം പരിശോധിക്കാന്‍ തയാറായിട്ടുള്ളത്. നാട്ടുകാരുടെ ആവശ്യം സംബന്ധിച്ച് ബുധനാഴ്ച തന്നെ അഥോറിറ്റിയെ വിവരം ധരിപ്പിച്ചിട്ടുണ്ടെന്നും അഥോറിറ്റിയുടെ അനുമതി ലഭിച്ചാല്‍ റോഡ് നിര്‍മിക്കാനാകുമെന്നും പ്രോജക്ട് മാനേജര്‍ പറഞ്ഞു.
ഒരുമണിക്കൂര്‍പോലും പണികള്‍ തടസപ്പെടുന്നത് കമ്പനിക്ക് വലിയ നഷ്ടം വരുത്തിവയ്ക്കുമെന്നതിനാല്‍ പ്രശ്‌നങ്ങള്‍ എത്രയുംവേഗം പരിഹരിക്കാനാണ് കമ്പനിയും ശ്രമിക്കുന്നത്. പന്തലാംപാടം മേരിമാതാ ഹൈസ്കൂളിലെ റിട്ടയേഡ് ഹെഡ്മാസ്റ്റര്‍ പി.ജെ.ജോസ്, വാര്‍ഡ് മെംബര്‍ എ.ജോസ് എന്നിവരുടെ നേതൃത്വത്തില്‍ രാജു, വി.ഗംഗാധരന്‍, ശെല്‍വകുമാര്‍, ജോര്‍ജ് തുടങ്ങിയവരാണ് ഇന്നലെ കെഎംസി കമ്പനിയുടെ പ്രോജക്ട് മാനേജരെ കണ്ട് ചര്‍ച്ച നടത്തിയത്.കളക്ടര്‍, ദേശീയപാത അഥോറിറ്റി തുടങ്ങിയവര്‍ക്കും നാട്ടുകാര്‍ ഭീമഹര്‍ജി നല്കിയിട്ടുണ്ട്.
ദേശീയപാതയില്‍നിന്നും ഉള്‍പ്രദേശങ്ങളിലേക്ക് നിരവധി റോഡുകളുള്ള പന്നിയങ്കര മുതല്‍ വാണിയമ്പാറ വരെയുള്ള ഭാഗത്ത് സര്‍വീസ് റോഡ് നിര്‍മിക്കണമെന്നാവശ്യപ്പെട്ട് ബുധനാഴ്ച കരാര്‍ കമ്പനിയുടെ ശങ്കരംകണ്ണംതോട്ടിലുള്ള ഓഫീസിനു മുന്നില്‍ നാട്ടുകാര്‍ ഉപരോധസമരം നടത്തിയിരുന്നു.സമരത്തെ തുടര്‍ന്നു ഈ ഭാഗത്തെ പണികള്‍ താത്കാലികമായി നിര്‍ത്തിവയ്ക്കുകയും ചെയ്തു. ഇതോടെയാണ് കരാര്‍ കമ്പനി ചൂടുപിടിച്ച് പ്രശ്‌നത്തിന് പരിഹാരം കാണാന്‍ തയാറായിട്ടുള്ളത്.
സര്‍വീസ് റോഡുകളും യു ടേണ്‍ സംവിധാനങ്ങളും സംബന്ധിച്ച് പ്രദേശവാസികളുടെ കൂടി അഭിപ്രായം തേടാത്തതാണ് ഇപ്പോഴത്തെ പ്രശ്‌നത്തിന് കാരണമായത്. റോഡുനിര്‍മാണം സംബന്ധിച്ച് നാട്ടുകാരിലുള്ള സംശയങ്ങള്‍ തീര്‍ക്കാന്‍ നടപടിവേണമെന്ന ആവശ്യം ശക്തമാണ്.