കോട്ടക്കല്‍: വാഹനാപകടങ്ങള്‍ക്കു കുപ്രസിദ്ധിയാര്‍ജിച്ച മലപ്പുറം ജില്ലയിലെ കോട്ടയ്ക്കലിനടുത്തു ദേശീയപാത പാലച്ചിറമാട് വളവില്‍ ട്രെയ്ലര് കാറിനു മുകളിലേക്കു മറിഞ്ഞു നാലുപേര്‍ അതിദാരുണമായി മരിച്ചു. നാലു പേര്‍ക്ക് ഗുരുതര പരിക്കേറ്റു. ഇന്നു പുലര്‍ച്ചെ രണ്ടരയോടെയാണ് നാടിനെ നടുക്കിയ ദുരന്തമുണ്ടായത്. മാഹി ചൊക്ലിയില്‍ നിന്നുള്ള എട്ടംഗ സംഘം സഞ്ചരിച്ച ഇന്നോവ കാറിനു മുകളിലേക്കാണ് നിയന്ത്രണം തെറ്റിയ ട്രെയ്ലര് ലോറി പതിച്ചത്. നെടുമ്പാശേരി വിമാനത്താവളത്തിലേക്കു പോവുകയായിരുന്നു കാറിലുണ്ടായിരുന്നവര്‍. മുഹമ്മദ് പര്‍വീസ്, ഷംസീര്‍ (29), ഷംസീര്‍ (26), ഫൈസല്‍ (25) എന്നിവരാണ് മരിച്ചത്.
ഇവരില്‍ മുഹമ്മദ് പര്‍വീസിന്റെ മൃതദേഹം കോട്ടയ്ക്കല്‍ അല്‍മാസ് ആശുപത്രിയിലും മറ്റുള്ളവരുടേത് കോട്ടക്കല്‍ ആസ്റ്റര്‍ മിംസ് ഹോസ്പിറ്റലിലുമാണ്. പരിക്കേറ്റ നാലുപേരും മിംസ് ആശുപത്രി തീവ്രപരിചരണ വിഭാഗത്തിലാണ്. ഇതിലൊരാളുടെ പരിക്ക് ഗുരുതരമാണ്. ബന്ധുക്കള്‍ എത്താത്തതിനാല്‍ ഇവരുടെ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. ബന്ധുക്കളെ വിവരമറിച്ചതായി പോലീസ് പറഞ്ഞു. അപകടത്തില്‍ മരിച്ച ഒരാളെ ഗള്‍ഫിലേക്കു യാത്രയ്ക്കാന്‍ പുറപ്പെട്ടതായിരുന്നു കാറിലുണ്ടായിരുന്നവര്‍.
കാര്‍ പാലച്ചിറമാട് വളവിലെത്തിയപ്പോള്‍ പിറകിലുണ്ടായിരുന്ന ട്രെയ്ലര് നിയന്ത്രണം തെറ്റി കാറിനു പിറകിലിടിച്ച് കാബിന് വേര്‍പെട്ടു ട്രെയ്ലറിന്റെ പ്ലാറ്റ്ഫോം കാറിനു മുകളിലേക്കു പതിക്കുകയായിരുന്നു. ദുരന്തമുണ്ടായ ഉടനെ ട്രെയ്ലറിന്റെ ഡ്രൈവര്‍ രക്ഷപ്പെട്ടു. വിവരമറിഞ്ഞു പി.കെ. ഫൈസലിന്റെ നേതൃത്വത്തിലുള്ള പാലച്ചിറമാട് ‘സേവ്യേഴ്സ്’ ടീമാണ് ആദ്യമെത്തിയത്. തുടര്‍ന്നു അപകടപരിധിയില്പ്പെടുന്ന കല്പകഞ്ചേരി പോലീസും കോട്ടയ്ക്കല്‍ പോലീസും ഹൈവേ പോലീസും ഏതാനും സമയത്തിനുള്ളില്‍ തിരൂര്‍ ഫയര്‍ഫോഴ്സും അപകടസ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം നടത്തുകയായിരുന്നു.
ഭാരമേറിയ ട്രെയ്ലറിന്റെ പ്ലാറ്റ്ഫോം കാറിനു മുകളില്‍ നിന്നു നീക്കം ചെയ്തത് അതിസാഹസികമായാണ്. ഇതുവഴിയെത്തിയ മറ്റു ലോറികളില്‍ നിന്നുള്ള വടങ്ങള്‍ ഉപയോഗിച്ചു നിരവധിപേര്‍ ചേര്‍ന്നാണ് കാര്‍ നീക്കം ചെയ്തത്. തുടര്‍ന്നു കാറിന്റെ ഡോര്‍ വെട്ടിപ്പൊളിച്ചു അപകടത്തില്‍പ്പെട്ടവരെ പുറത്തെടുക്കുകയായിരുന്നു. ഏതാണ്ടു അരമണിക്കൂറിലേറെ സമയമെടുത്തു രക്ഷാപ്രവര്‍ത്തനത്തിന്.
മുംബൈയില്‍ നിന്നു കൊച്ചിയിലേക്കു അലൂമിനിയം ഷീറ്റുകളുമായി പോകുന്ന ട്രെയ്ലറാണ് അപകടമുണ്ടാക്കിയത്. ഏഴു റോളുകളടങ്ങിയ അലുമിനിയം ഷീറ്റുകളായിരുന്നു ലോറിയിലുണ്ടായിരുന്നത്. ഒരു റോളിനു ആറു ടണ്ണോളം ഭാരം വരും. മരിച്ചവരുടെ ബന്ധുക്കളെത്തിയാല്‍ ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കുമെന്നു കല്പകഞ്ചേരി എസ്ഐ വിശ്വനാഥന് പറഞ്ഞു.