കണ്ണൂര്‍: പെരുമ്പാവൂരിലെ നിയമവിദ്യാര്‍ഥിനിയായ ജിഷ (29) യുടെ കൊലപാതകം ഐജിയുടെ നേതൃത്വത്തിലുള്ള പ്രത്യേകസംഘം അന്വേഷിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ഒരിക്കലും നടക്കാന്‍ പാടില്ലാത്ത സംഭവമാണ് നടന്നത്. ആഭ്യന്തരമന്ത്രി സ്ഥലം ഉടന്‍തന്നെ സന്ദര്‍ശിക്കും. കുറ്റക്കാരെ ഉടന്‍ നിയമനത്തിനു മുന്നില്‍ കൊണ്ടുവരുമെന്നും അദ്ദേഹം പറഞ്ഞു. കണ്ണൂരില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
വരുന്ന നിയമസഭാ തെരഞ്ഞെടുപ്പ് ഫലം രാഷ്ട്രീയ അക്രമത്തിനെതിരേയുള്ള വിധിയെഴുത്ത് കൂടിയായിരിക്കും. രാഷ്ട്രീയ പ്രതിയോഗികളെ ആക്രമിക്കുന്നതും ബോംബ് നിര്‍മിക്കുന്നതും ഒരു രാഷ്ട്രീയ പാര്‍ട്ടിക്കും ചേര്‍ന്നതല്ല. കേരളത്തില്‍ സിപിഎമ്മും ബിജെപിയും ബോംബും ആയുധങ്ങളും ശേഖരിച്ച് രാഷ്ട്രീയപകപ്പോക്കല് നടത്താറുണ്ട്. നാദാപുരത്തെ ബോംബ് നിര്‍മാണത്തിനിടെ സിപിഎം പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടത് എല്ലാവരുടെയും കണ്ണുതുറപ്പിക്കേണ്ടതാണ്. ഇതിനെതിരേയുള്ള വിധിയെഴുത്ത് കൂടിയാകും തെരഞ്ഞെടുപ്പ് ഫലം.
രാഷ്ട്രീയ പോരാട്ടം ജനാധിപത്യരീതിയിലായിരിക്കണം. ഏറ്റവും കൂടുതല്‍ ക്ഷേമപ്രവര്‍ത്തനങ്ങള്‍ നടത്തിയവരെ ജനങ്ങള്‍ അവര്‍ അംഗീകരിക്കും. സ്വതന്ത്രമായും സമാധാനപരമായും ജീവിക്കാനുള്ള സാഹചര്യമൊരുക്കുകയാണ് രാഷ്ട്രീയപ്രവര്‍ത്തകര്‍ ചെയ്യേണ്ടതെന്നും മുഖ്യമന്ത്രി പറഞ്ഞു.
ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല ജിഷയുടെ വീട് സന്ദര്‍ശിക്കും
കൊച്ചി: ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല ഇന്ന് ഉച്ചകഴിഞ്ഞ് പെരുമ്പാവൂരില്‍ കൊലചെയ്യപ്പെട്ട ജിഷയുടെ വീട് സന്ദര്‍ശിക്കും. ഉച്ചയ്ക്ക് ഒന്നരയോടെ പെരുമ്പാവൂരിലെത്തുന്ന അദ്ദേഹം ആശുപത്രിയില്‍ കഴിയുന്ന ജിഷയുടെ അമ്മയെയും സന്ദര്‍ശിക്കും. സംഭവത്തിന്റെ അന്വേഷണപുരോഗതി മന്ത്രി വിലയിരുത്തും.