സിജോ പൈനാടത്ത്
കൊച്ചി: നാഷണലിസ്റ്റ് കോണ്ഗ്രസ് പാർട്ടി (എൻസിപി) ജില്ലാ ഘടകത്തിൽ ഭിന്നതയും തർക്കവും രൂക്ഷമാകുന്നു. പാർട്ടിവിരുദ്ധ പ്രവർത്തനങ്ങളുടെ പേരിൽ ജില്ലാ പ്രസിഡന്റുസ്ഥാനത്തു നിന്നു പുറത്താക്കപ്പെട്ട ടി.പി. അബ്ദുൾ അസീസ്, തന്നെ അനുകൂലിക്കുന്നവരുടെ യോഗം വിളിച്ചുകൂട്ടിയതിനു പിന്നാലെ ഇത്തരം യോഗങ്ങളിൽ പങ്കെടുക്കുന്നവർക്കെതിരെ നടപടിയുണ്ടാകുമെന്ന വാദവുമായി മറുപക്ഷം രംഗത്തെത്തി. ഇതോടെയാണു പാർട്ടിയിലെ പൊട്ടിത്തെറി മറനീക്കി പുറത്തുവന്നത്.
സംസ്ഥാന നേതൃത്വത്തിന്റെ അറിവില്ലാതെ ഏതാനും നേതാക്കളുടെ ശത്രുതയുടെ പേരിലാണ് അസീസിനെ പുറത്താക്കിയതെന്നാണ് അദ്ദേഹത്തെ അനുകൂലിക്കുന്നവരുടെ വാദം. ഇവർ കഴിഞ്ഞ ദിവസം കൊച്ചിയിൽ യോഗം വിളിച്ചുകൂട്ടിയിരുന്നു. പുറത്താക്കലിനെതിരെ പ്രതിഷേധിക്കാൻ വിളിച്ചുകൂട്ടിയ യോഗത്തിനു ശേഷം ഇവർ സംസ്ഥാന പ്രസിഡന്റിനെ കണ്ട് ഇക്കാര്യം രേഖാമൂലം അറിയിച്ചു.
ജില്ലാ ഭാരവാഹികളായ എട്ടിൽ അഞ്ചു പേരും യോഗത്തിൽ പങ്കെടുത്തുവെന്ന് അവർ അവകാശപ്പെട്ടു. 14 ബ്ലോക്ക് പ്രസിഡന്റുമാരിൽ 12 പേരും യോഗത്തിനെത്തിയെന്നും ഇവർ പറഞ്ഞു.അതേസമയം എൻസിപി നേതാക്കളുടെ യോഗമല്ല, അസീസിന്റെ സുഹൃത്തുക്കളുടെ യോഗമാണു നടന്നതെന്നു ജില്ലാ പ്രസിഡന്റിന്റെ താത്കാലിക ചുമതല സംസ്ഥാന ജനറൽ സെക്രട്ടറി വി.ജി. രവീന്ദ്രൻ പറഞ്ഞു.
അസീസ് നോമിനേറ്റു ചെയ്ത സെക്രട്ടറിമാരാണു യോഗത്തിൽ പങ്കെടുത്തത്. പാർട്ടിയുടെ തെരഞ്ഞെടുക്കപ്പെട്ട ഭാരവാഹികളോ, പോഷകസംഘടനകളുടെ പ്രതിനിധികളോ യോഗത്തിൽ ഉണ്ടായിരുന്നില്ല. ഇനി ഇത്തരം യോഗങ്ങളിൽ പങ്കെടുക്കുന്നവർക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
2017 ൽ എറണാകുളത്തു ശരദ്പവാർ പങ്കെടുത്ത എൻസിപി ന്യൂനപക്ഷ വിഭാഗം സംസ്ഥാന കണ്വൻഷൻ പരാജയപ്പെടുത്താൻ ശ്രമിച്ചതുൾപ്പടെ വിവിധ പാർട്ടി വിരുദ്ധ പ്രവർത്തനങ്ങൾ അബ്ദുൾ അസീസ് നടത്തിയതായി ദേശീയനേതൃത്വം വിലയിരുത്തിയിരുന്നു. ഇതിനെത്തുടർന്നാണ് അദ്ദേഹത്തെ നീക്കിയത്.
പുതിയ എറണാകുളം ജില്ലാ പ്രസിഡന്റിനെ നിയമിക്കാൻ സംസ്ഥാന പ്രസിഡന്റ് തോമസ് ചാണ്ടിക്ക് അധികാരമില്ലെന്ന ദേശീയ നേതൃത്വത്തിന്റെ തീരുമാനവും നേതാക്കൾക്കിടയിൽ അസ്വസ്ഥതയുണ്ടാക്കിയിട്ടുണ്ട്. ദേശീയ ജനറൽ സെക്രട്ടറി ടി.പി. പീതാംബരൻ മാസ്റ്ററെയാണ് ഇതിനു ചുമതലപ്പെടുത്തിയിട്ടുള്ളത്. അസീസിനെതിരെയുള്ള നടപടി പിൻവലിപ്പിക്കാൻ സംസ്ഥാന നേതൃത്വത്തിൽ സമ്മർദവുമായി മുന്നോട്ടുപോകാനാണ് അദ്ദേഹത്തെ അനുകൂലിക്കുന്നവരുടെ നീക്കം.