കോട്ടയം: വയലറ്റ്, നീല കുടകള്‍ ചൂടി ഇനി ട്രാഫിക് ഉദ്യോഗസ്ഥര്‍ ഗതാഗതം നിയന്ത്രിക്കും. കടുത്ത വേനല്‍ ചൂടില്‍ ട്രാഫിക് ജോലി ചെയ്യുന്ന പോലീസുകാര്‍ക്കും ഹോംഗാര്‍ഡിനും ആശ്വാസമേകി കേരള പോലീസ് അസോസിയേഷന് കോട്ടയം ജില്ലാ കമ്മിറ്റിയാണ് കുട വിതരണം നടത്തിയത്. ജില്ലയില്‍ ആദ്യമായാണ് പദ്ധതി നടപ്പിലാക്കുന്നത്. തൃശൂര്‍ ജില്ലയില്‍ അസോസിയേഷന്റെ നേതൃത്വത്തില്‍ നേരത്തെ കുടവിതരണം നടത്തിയിരുന്നു. കോട്ടയത്തു 15കുടകളും ചങ്ങനാശേരിയിലും പാലായിലും അഞ്ച് വീതം കുടകളുമാണ് വിതരണം ചെയ്തത്. ഒരു ഷിഫ്റ്റ് പൂര്‍ത്തിയാക്കി ഇറങ്ങുന്ന ഉദ്യോഗസ്ഥര്‍ അടുത്ത ഷിഫ്റ്റില്‍ ജോലിക്കു കയറുന്ന ഉദ്യോഗസ്ഥനു കുട കൈമാറും.
വേനല്‍ ചുട് കടുത്തതോടെ ട്രാഫിക് ഡ്യൂട്ടിക്ക് നില്ക്കുന്ന പോലീസുകാര്‍ക്കു രണ്ടു മണിക്കൂറിന്റെ ഇടവേളകളില്‍ നാരങ്ങവെള്ളമോ കുടിവെള്ളമോ നല്‍കണമെന്ന് മാര്‍ച്ച് മാസത്തില്‍ ഡിജിപി ജില്ലാ പോലീസ് ചീഫുമാര്‍ക്കു സര്‍ക്കുലര്‍ കൈമാറിയിരുന്നു. രാവിലെ 10മുതല്‍ വൈകുന്നേരം നാലു വരെയുള്ള സമയങ്ങളില്‍ രണ്ടു മണിക്കൂര്‍ ഇടവെട്ടു നാരങ്ങാവെള്ളമോ കുടിവെള്ളമോ നല്‍കണമെന്നാണ് ഡിജിപി ടി.പി. സെന്‍കുമാറിന്റെ സര്‍ക്കുലറില്‍ പറയുന്നത്. ഈ പദ്ധതിക്കു ജില്ലയില്‍ മികച്ച പ്രതികരണമാണ് ലഭിച്ചതെന്ന് പോലീസ് അധികൃതര്‍ അറിയിച്ചു.
ജില്ലയിലെ കുടവിതരണത്തിന്റെ ഒൗദ്യോഗിക ഉദ്ഘാടനം ഇന്നലെ രാവിലെ കോട്ടയം വെസ്റ്റ് എസ്ഐ ടി.എ. ബേബി നിര്‍വഹിച്ചു. ജില്ലാ പോലീസ് അസോസിയേഷന് പ്രസിഡന്റ് ജോസ് സെബാസ്റ്റിയന്, സെക്രട്ടറി ആര്. അജി, ട്രഷറാര്‍ സജി സെബാസ്റ്റിയന് ട്രാഫിക് എസ്ഐ ജോസഫ്, ട്രാഫിക് പോലീസ് ഉദ്യോഗസ്ഥരായ പ്രിന്‍സ്, സിജു എന്നിവര്‍ പങ്കെടുത്തു.