മാഹി: കമ്യൂണിസം കൈവിട്ട സിപിഎം അവസരവാദ രാഷ്ട്രീയത്തിലേക്ക് മാറിയിരിക്കുകയാണെന്നും ദേശീയ രാഷ്ട്രീയത്തില്‍ സിപിഎമ്മിന്റെ പ്രസക്തി നഷ്ടപ്പെട്ടിരിക്കുകയാണെന്നും കെപിസിസി അധ്യക്ഷന്‍ വി.എം. സുധീരന്‍. യുഡിഎഫ് കോടിയേരി മണ്ഡലം തെരഞ്ഞെടുപ്പ് പര്യടനത്തിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
സിപിഎമ്മിനോടൊപ്പമുണ്ടായിരുന്ന കക്ഷികളൊക്കെയും ഇപ്പോള്‍ കൂടെയില്ല. സിപിഐയും സിപിഎമ്മിനെ കൈവിടുന്ന കാലം വിദൂരമല്ലെന്നും അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസിന്റെ മുഖ്യശത്രു ബിജെപിയാണ്. ആര്‍എസ്എസിനെ എന്നും എതിര്‍ത്ത പാരമ്പര്യമാണ് കോണ്‍ഗ്രസിനുള്ളത്. കേരളത്തിലെ ജനങ്ങള്‍ ഐക്യജനാധിപത്യമുന്നണിയോടൊപ്പമാണ്. ജനങ്ങള്‍ തുടര്‍ഭരണം ആഗ്രഹിക്കുന്നു. തലശേരിയില്‍ ഇത്തവണ അത്ഭുതം സംഭവിക്കുമെന്നും എ.പി. അബ്ദുള്ളക്കുട്ടി അട്ടിമറി വിജയം നേടുമെന്നും സുധീരന്‍ പറഞ്ഞു.
പുതുച്ചേരിയില്‍ കോണ്‍ഗ്രസ് തരംഗമാണെന്നും വലിയ ഭൂരിപക്ഷത്തോടെ യുപിഎ സഖ്യം അധികാരത്തില്‍ വരുമെന്നും വി.എം. സുധീരന്‍ അവകാശപ്പെട്ടു. മാഹിയില്‍ വത്സരാജ് അല്ലാത്ത ഒരാളെ ജനങ്ങള്‍ക്ക് ചിന്തിക്കാന്‍പോലും കഴിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഫോര്‍വേര്‍ഡ് ബ്ലോക്ക് ജനറല്‍ സെക്രട്ടറി ജി. ദേവരാജ്, വി.എന്‍. ജയരാജ്, വി. രാധാകൃഷ്ണന്‍, വി.സി. പ്രസാദ്, തലശേരി മണ്ഡലം സ്ഥാനാര്‍ഥി എ.പി. അബ്ദുള്ളക്കുട്ടി, മാഹി മണ്ഡലം സ്ഥാനാര്‍ഥി ഇ. വത്സരാജ്, അഡ്വ. സി.ടി. സജിത്ത്, എ.വി. ശ്രീധരന്‍, പി. അബ്ദുള്‍ റഹിമാന്‍, ഖാലിദ്, ബഷീര്‍ ചെറിയാണ്ടി എന്നിവര്‍ പ്രസംഗിച്ചു.