എടത്വ: പ്രധാനമന്ത്രി നരേന്ദ്രമോദിയെ കാത്ത് കുട്ടനാട്. ഒരുക്കങ്ങള്‍ അന്തിമഘട്ടത്തിലേക്ക്. കുട്ടനാട് എന്‍ഡിഎ സ്ഥാനാര്‍ഥി സുഭാഷ് വാസുവിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി എത്തുന്ന പ്രധാനമന്ത്രി നാളെ 12.30ന് പച്ചയില്‍ എത്തും. പച്ച-ചെക്കിടിക്കാട് ലൂര്‍ദ് മാതാ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ മൈതാനിയില്‍ ഒരുക്കിയിട്ടുള്ള വേദിയിലാണ് മോദി പ്രസംഗിക്കുന്നത്. പ്രസംഗിക്കുന്ന വേദിയും ഹെലികോപ്റ്റര്‍ വന്നിറങ്ങാനുള്ള ഹെലിപ്പാഡിന്റെയും നിര്‍മാണം ഏതാണ്ട് പൂര്‍ത്തിയായി കഴിഞ്ഞു. രണ്ടുലക്ഷത്തോളം പേരെ ഉള്‍കൊള്ളാന്‍ പറ്റുന്ന തരത്തിലാണ് വേദി തയാറാക്കുന്നത്.
പച്ച-ചെക്കിടിക്കാട് ലൂര്‍ദ് മാതാ ഹയര്‍സെക്കന്‍ഡറി സ്കൂളിന്റെ എതിര്‍വശത്തുള്ള സ്വകാര്യ വ്യക്തിയുടെ വസ്തുവിലാണ് ഹെലിപ്പാഡ് തയാറാക്കിയിരിക്കുന്നത്. ഇവിടെ ഉണ്ടായിരുന്ന ഓഡിറ്റോറിയവും ചെറിയ ഷെഡ്ഡുകളും ഇന്നലെയോടെ നീക്കം ചെയ്തു. പ്രധാനമന്ത്രിക്ക് ഒപ്പം മറ്റു നേതാക്കന്മാര് എത്തുന്ന ഹെലികോപ്റ്റര്‍ താഴുന്നതിനായി എടത്വ ഹോളി എയ്ഞ്ചല്‍സ് സ്കൂള്‍ ഗ്രൗണ്ടും തയാറാക്കിയിട്ടുണ്ട്. പ്രധാനമന്ത്രി ഇറങ്ങുന്ന സ്ഥലത്തെ റോഡുകളും കുറ്റമറ്റതാക്കിയിട്ടുണ്ട്.
വേദി കളക്ടര്‍ ആര്. ഗിരിജ, ഡപ്യൂട്ടി കളക്ടര്‍, എസ്പിജി ഉദ്യോഗസ്ഥര്‍, ആലപ്പുഴ എസ്പി അശോക് കുമാര്‍, ചെങ്ങന്നൂര്‍ ഡിവൈഎസ്പി ശിവസുദന്‍പിള്ള എന്നിവര്‍ സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തി. ഇന്നലെ മുതല്‍ സ്കൂളും, പരിസര പ്രദേശങ്ങളും പോലീസിന്റെ നിയന്ത്രണത്തിലാണ്. നിരവധി തവണ ഹെലികോപ്റ്റര്‍ നിരീക്ഷണ പറക്കല്‍ നടത്തി. പ്രധാനമന്ത്രിയെ കൂടാതെ കേന്ദ്രമന്ത്രിമാരായ രാജ് പ്രതാപ് റുഡ്ഡിയും ജയപ്രകാശ് നഡ്ഡയും പച്ചയിലെത്തുന്നുണ്ട്.
രണ്ടു കേന്ദ്രമന്ത്രിമാരും എടത്വ ഹോളി എയ്ഞ്ചല്‍സ് ഇംഗ്ലീഷ് മീഡിയം സ്കൂള്‍ ഗ്രൗണ്ടില്‍ ഹെലികോപ്റ്ററില്‍ ഇറങ്ങിയ ശേഷം റോഡ് മാര്‍ഗമാണ് പച്ചയില്‍ എത്തുന്നത്. ബിജെപി. സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്, എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്, സ്ഥാനാര്‍ഥി സുഭാഷ് വാസു എന്നിവര്‍ സംസാരിക്കും. ബിജെപി മുന്‍ സംസ്ഥാന പ്രസിഡന്റ് വി. മുരളീധരന്, എം.ടി. രമേശ്, ബിജെപി ജില്ലാ പ്രസിഡന്റ് കെ. സോമന്, ബിഡിജെഎസ് ജില്ല പ്രസിഡന്റ് സുരേഷ് ബാബു, ജില്ലയിലെ എന്‍ഡിഎ സ്ഥാനാര്‍ഥികള്‍, കെ.എസ്. രാജന്, കെ. ജയകുമാര്‍, ടി.കെ. അരവിന്ദാക്ഷന്, എം.ആര്. സജീവ് എന്നിവരും യോഗത്തില്‍ പങ്കെടുക്കും.