മണ്ണാര്‍ക്കാട്: പരാധീനതകളുടെ നടുവില്‍ ശിങ്കന്‍പാറ ആദിവാസി കോളനി. ഷോളയൂര്‍ ഗ്രാമപഞ്ചായത്ത് പരിധിയില്‍വരുന്ന ശിങ്കന്‍പാറ ആദിവാസി കോളനിയിലെ ഇരുപതോളം വരുന്ന കുടുംബങ്ങളാണ് ദുരിതജീവിതം നയിക്കുന്നത്.അടിസ്ഥാന സൗകര്യങ്ങളുടെ കുറവും അധികൃതരുടെ അനാസ്ഥയുമാണ് ഇതിനു പ്രധാനകാരണം. ആദിവാസികളുടെ ഉന്നമനത്തിനായി ഓരോവര്‍ഷവും കോടികളാണ് സര്‍ക്കാര്‍ ചെലവഴിക്കുന്നത്. എന്നാല്‍ ഇതൊന്നും ആദിവാസികളില്‍ എത്തുന്നില്ലത്രേ.
ആദിവാസികള്‍ക്ക് തൊഴില്‍ നല്‍കുന്നതിനായി സര്‍ക്കാര്‍ ആവിഷ്കരിച്ച പല പദ്ധതികളും കടലാസില്‍ ഒതുങ്ങി. തച്ചമ്പാറ ഗ്രാമപഞ്ചായത്തിലെ പാലക്കയത്തില്നിന്നും ഇരുപതു കിലോമീറ്റര്‍ അകലെയാണ് ആദിവാസികോളനി സ്ഥിതിചെയ്യുന്നത്. നിലവില്‍ ഇവിടേയ്ക്ക് യാത്രാസൗകര്യംപോലുമില്ല. വല്ലപ്പോഴും പോകുന്ന ഫോറസ്റ്റ് വാഹനങ്ങളോ പാലക്കയത്തുനിന്നുള്ള ടാക്സി വാഹനങ്ങളോ മാത്രമാണ് ഇവിടേയ്ക്കുള്ള ഏക ഗതാഗതമാര്‍ഗം.സാധനങ്ങള്‍ കിലോമീറ്ററുകള്‍ ചുമന്നാണ് ഇവിടേക്ക് കൊണ്ടുവരുന്നത്.
കല്ലടിക്കോട് പോലീസ് സ്റ്റേഷന് പരിധിയിലെ ഒരു പോളിംഗ് ബൂത്ത് ഇവിടെയാണ് പ്രവര്‍ത്തിക്കുന്നത്.ഇവിടേക്ക് പോളിംഗ് സാമഗ്രികള്‍ എത്തിക്കുന്നതിനും കഷ്ടപ്പാടാണ്. ഇത്തരം കാര്യങ്ങള്‍ക്കു മാത്രമാണ് അധികൃതര്‍ ഈ പ്രദേശത്തേക്ക് എത്തിനോക്കാറുള്ളൂവെന്ന് ആദിവാസികള്‍ പരാതിപ്പെട്ടു. കിലോമീറ്ററുകള്‍ താണ്ടി സ്കൂളിലേക്കു പോകേണ്ടതിനാല്‍ മിക്കവരും സ്കൂളിലേക്കും പോകാത്ത സ്ഥിതിയാണ്.