ആലപ്പുഴ: വേതന വര്‍ധനവ് അംഗീകരിച്ചതിനെത്തുടര്‍ന്ന് ഇന്നുമുതല്‍ സിഐടിയു, ബിഎംഎസ് യൂണിയനുകളുടെ നേതൃത്വത്തില്‍ തൊഴിലാളികള്‍ നടത്താനിരുന്ന സമരം പിന്‍വലിച്ചു. ഹൗസ് ബോട്ട് ജീവനക്കാരുടെ വേതനം വര്‍ധിപ്പിക്കാന്‍ ഹൗസ് ബോട്ട് ഉടമകളുടെയും തൊഴിലാളി യൂണിയനുകളുടെയും യോഗത്തില്‍ തീരുമാനമായതിനെത്തുടര്‍ന്നാണ് സമരത്തില്‍ നിന്നും തൊഴിലാളി സംഘടനകള്‍ പിന്മാറിയത്. 8500 രൂപയില്‍ നിന്ന് 10,400 രൂപയായാണ് തൊഴിലാളികളുടെ ശമ്പളം വര്‍ധിപ്പിച്ചത്.
ബാറ്റ 200 ല്‍ നിന്നും 250 ആയും വര്‍ധിപ്പിച്ചു. കഴിഞ്ഞ മാര്‍ച്ച് 30ന് മുന്‍ ശമ്പള കരാര്‍ കാലാവധി അവസാനിച്ചതിനാല്‍ മുന്‍കാല പ്രാബല്യത്തോടെ ശമ്പള വര്‍ധനവ് നടപ്പാക്കാനാണ് ധാരണയായിരിക്കുന്നത്. തെരഞ്ഞെടുപ്പിന് ശേഷം 17ന് കരാര്‍ ഒപ്പിടും. മറ്റു സേവന വ്യവസ്ഥകള്‍ അന്ന് തീരുമാനിക്കും. രണ്ടുവര്‍ഷമാണ് കരാറിന്റെ കാലാവധി. നേരത്തെ ജീവനക്കാരുടെ വേതന വര്‍ധനവ് സംബന്ധിച്ച് ജില്ലാ ലേബര്‍ ഓഫീസര്‍ തൊഴിലാളി യൂണിയനുകളുടെയും ഹൗസ് ബോട്ട് ഉടമകളുടെയും യോഗം മൂന്നുതവണ വിളിച്ചുചേര്‍ത്തെങ്കിലും തീരുമാനമായിരുന്നില്ല.
വേതന വര്‍ധനവ് നടപ്പാക്കാത്തതിനെത്തുടര്‍ന്ന് തൊഴിലാളികള്‍ പണിമുടക്ക് നോട്ടീസ് നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ ഇന്നലെ ചേര്‍ന്ന യോഗത്തിലാണ് പ്രശ്നം പരിഹരിക്കപ്പെട്ടത്. തൊഴിലാളി യൂണിയനുകള്‍ക്ക് വേണ്ടി എം.പി. സജീവ് കുമാര്‍, അനിയന് സ്വാമിചിറ എന്നിവരും ഹൗസ് ബോട്ട് ഉടമകളെ പ്രതിനീധീകരിച്ച് വി.സി സക്കറിയ, ജോസുകുട്ടി ജോസഫ്, ആര്.ആര്. ജോഷി രാജ്, കെ. ബൈജു, ടി.ജി. രഘു തുടങ്ങിയവരും ചര്‍ച്ചയില്‍ പങ്കെടുത്തു.