കണ്ണൂര്‍: നിയമസഭാ തെരഞ്ഞെടുപ്പില്‍ സുരക്ഷയ്ക്കായി ഇത്തവണ കണ്ണൂര്‍ ജില്ലയില്‍ വിന്യസിക്കുന്നത് കേന്ദ്രസേനയടക്കം നാലായിരത്തോളം സുരക്ഷാ ഉദ്യോഗസ്ഥരെ. നേരത്തെ 20 കമ്പനി കേന്ദ്രസേനയെയാണ് അനുവദിച്ചിരുന്നത്. അധികമായി മൂന്നു കമ്പനി കേന്ദ്രസേനയെക്കൂടി ആവശ്യപ്പെട്ടിട്ടുണ്ട്. ഇതോടെ ജില്ലയില്‍ സുരക്ഷയൊരുക്കുന്ന കേന്ദ്രസേനാംഗങ്ങളുടെ എണ്ണം 1656 വരും. ലോക്കല്‍, സായുധ പോലീസ് അടക്കം സുരക്ഷയ്ക്കായി നാലായിരത്തോളം സേനാംഗങ്ങളുണ്ടാകും.
ഇതുവരെ 18 കമ്പനി കേന്ദ്രസേനയെ ജില്ലയിലെ വിവിധ മണ്ഡലങ്ങളില്‍ വിന്യസിച്ചുകഴിഞ്ഞു. ഇന്നലെ മാത്രം ആറു കമ്പനി കേന്ദ്രസേനയാണ് കണ്ണൂരിലെത്തിയത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് ഇത്തവണ കേന്ദ്രസേനയുടെ എണ്ണത്തില്‍ വലിയ വര്‍ധനവാണുള്ളത്. 2011ല്‍ വെറും അഞ്ചു കമ്പനി കേന്ദ്രസേന എത്തിയ സ്ഥാനത്താണ് ഇത്തവണ 23 കമ്പനി കേന്ദ്രസേന കണ്ണൂരിലെത്തിക്കുന്നത്. 2014ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ 11 കമ്പനിയായിരുന്നു ജില്ലയിലെത്തിയത്. ബിഎസ്എഫ്, സിആര്‍പിഎഫ്, ഐടിബിപി, സിഐഎസ്എഫ് എന്നീ സേനാവിഭാഗങ്ങളില്‍ നിന്നുള്ള സൈനികരാണ് കണ്ണൂരിലെത്തുന്നത്.
പ്രശ്ന സാധ്യതാ ബൂത്തുകളിലും പട്രോളിംഗ് വാഹനങ്ങളിലും കേന്ദ്രസേനയുണ്ടാകും. ജില്ലാ പോലീസ് മേധാവിയാണ് കേന്ദ്രസേനയുടെ നിയന്ത്രണം ഏകോപിപ്പിക്കുന്നത്. ജില്ലയില്‍ സംഘര്‍ഷ സാധ്യത കൂടുതലുള്ള കൂത്തുപറമ്പ്, മട്ടന്നൂര്‍, അഴീക്കോട്, പയ്യന്നൂര്‍, ഇരിക്കൂര്‍, തലശേരി, പേരാവൂര്‍ എന്നിവിടങ്ങളില്‍ കേന്ദ്രസേനയുടെ സാന്നിധ്യം കൂടുതലുണ്ടാകും. കഴിഞ്ഞ ദിവസങ്ങളില്‍ ജില്ലയിലെത്തിയ കേന്ദ്രസേന വിവിധ ഭാഗങ്ങളില്‍ പോലിസിനൊപ്പം റൂട്ട് മാര്‍ച്ചും നടത്തി. ഇന്നു രാവിലെ കണ്ണൂര്‍ നഗരത്തിലും റൂട്ട് മാര്‍ച്ച് നടന്നു.