ആയൂര്‍: കഴിഞ്ഞദിവസങ്ങളിലുണ്ടായ കാറ്റലും മഴയിലും ആയൂര്‍, ചടയമംഗലം മേഖലകളില്‍ വ്യാപകകൃഷിനാശം. മഴയോടൊപ്പമുണ്ടായ ശക്തമായ മിന്നലേറ്റ് പ്രദേശവാസികളായ നിരവധിപേര്‍ക്ക് പരിക്കേറ്റു.ഇട്ടിവ ഗ്രാമപഞ്ചായത്തിലെ കീഴുതോണി, ത്‌ലാങ്ങോട് ഏലാകളിലെ വാഴകൃഷികളാണ് നശിച്ചത്. ചടയമംഗലം പഞ്ചായത്തിലെ കള്ളിക്കാട് കോളനിഭാഗത്തും വ്യാപകമായ കൃഷിനാശമുണ്ടായി. ചടയമംഗലം കള്ളിക്കാട്ടില്‍ കുന്നുംപുറത്ത് വീട്ടില്‍ ശിവാനന്ദന്റെ വീട് ഭാഗികമായി തകര്‍ന്നു. ശിവാനന്ദന്റെ ഭാര്യ അനില(30), കുന്നുംപുറത്ത് വീട്ടില്‍ കുമാരിയുടെ മകന്‍ വിഷ്ണു(23) എന്നിവരുള്‍പ്പെടെ പ്രദേശവാസികളായ ആറോളം പേര്‍ക്കാണ് മിന്നലില്‍ പരിക്കേറ്റത്.
ശക്തമായ മിന്നലില്‍ പ്രദേശത്തെ നിരവധി വീടുകളിലെ ഇലക്ടോണിക് ഉപകരണങ്ങള്‍ക്കും, വയറിംഗിനും നാശമുണ്ടായി. കീഴുതോണി നിസാം മന്‍സിലില്‍ നിസാമുദ്ദീന്റെ നൂറോളം വാഴകള്‍ കാറ്റില്‍ ഒടിഞ്ഞുവീണു. അക്കോണം പുതുവലില്‍ പുത്തന്‍വീട്ടില്‍ അബ്ദുള്‍സലാമിന്റെ കുലച്ചതും കുലയ്ക്കാറായതുമായ 200-ഓളം ഏത്തവാഴകളും, കീഴുതോണി കാഞ്ഞിരത്തുംമൂട്ടില്‍ ഷൗക്കത്തിന്റെ അമ്പതോളം വാഴകളും ശക്തമായ കാറ്റില്‍ നിലംപൊത്തി. മൈലാടുംപാറ ക്ഷേത്രത്തിന് സമീപം സലാഹുദ്ദീന്റെ നിരവധി റബര്‍ മരങ്ങള്‍ കാറ്റില്‍ നിലംപൊത്തി.കനത്തകാറ്റില്‍ കീഴുതോണി കാഞ്ഞിരത്തുംമൂട്ടില്‍ സലീമിന്റെ വീടിന്റെ പിന്‍ഭാഗം തകര്‍ന്നു.
കീഴുതോണി, ഇട്ടിവ, വയ്യാനം, ആനപ്പാറ ഭാഗങ്ങളില്‍ നിരവധി തെങ്ങുകളും ഫലവൃക്ഷങ്ങളും കടപുഴകിയപ്പോള്‍ പ്രദേശത്തെ നിരവധി റബര്‍ മരങ്ങളാണ് ഒടിഞ്ഞു വീണത്.ആയൂര്‍, ചടയമംഗലം ഇലക്ട്രിക് സെക്ഷന്റെ പരിധിയില്‍ കാറ്റിലും മഴയിലും നിരവധി വൈദ്യുത തൂണുകള്‍ നിലംപൊത്തി. ഇലക്ട്രിക് കമ്പികള്‍ക്കു മുകളില്‍ മരംവീണതുമൂലം മിക്കയിടത്തും വൈദ്യുതബന്ധം താറുമാറായി. ചടയമംഗലം അട്ടിയില്‍, കടന്നൂര്‍, ഇടയ്‌ക്കോട് ഭാഗങ്ങളിലായി പത്തോളം വൈദ്യുത തൂണുകളാണ് തകര്‍ന്നത്.
ആയൂര്‍ പെരിങ്ങള്ളൂര്‍, വയ്യാനം, മഞ്ഞപ്പാറ, കാട്ടുവാമുക്ക്, പുതുപ്പടപ്പ്, ജവഹര്‍ സ്കൂള്‍ ഭാഗങ്ങളിളിലും വൈദ്യുത തൂണുകള്‍ തകര്‍ന്നതുമൂലം വൈദ്യുതബന്ധം നിലച്ചിരുന്നു. ആയൂരിനും അഞ്ചലിനുമിടയിലുള്ള 66 കെവി ലൈനില്‍ കഴിഞ്ഞദിവസം രാത്രി മരം വീണതുമൂലം വൈദ്യുതി നിലച്ചു.