തലശേരി: കുട്ടിമാക്കൂല്‍ ഊരാങ്കോട്ട് സിപിഎം ബ്രാഞ്ച് കമ്മിറ്റി ഓഫീസ് ഉള്‍പ്പെടെ പ്രവര്‍ത്തിക്കുന്ന വായനശാല കെട്ടിടത്തില്‍ ബോംബ് സ്‌ഫോടനമുണ്ടായ സംഭവത്തില്‍ കൂടുതല്‍പേര്‍ നിരീക്ഷണത്തില്‍. സ്‌ഫോടനവുമായി ബന്ധപ്പെട്ട് ഇന്നലെ അറസ്റ്റിലായ സിപിഎം ഊരാങ്കോട് ബ്രാഞ്ച് സെക്രട്ടറി മഹേഷ് നിവാസില്‍ ബാലനെ (77) 14 ദിവസത്തേക്ക് റിമാന്‍ഡു ചെയ്തു. ബാലനെ പോലീസ് ചോദ്യംചെയ്തതിന്റെ അടിസ്ഥാനത്തിലാണ് സ്‌ഫോടനുവമായി ബന്ധപ്പെട്ട ചിലരെക്കുറിച്ച് സൂചന ലഭിച്ചത്്.
കഴിഞ്ഞ ആറിന് രാത്രി പത്തരയോടെയാണു സിപിഎം ബ്രാഞ്ച് കമ്മിറ്റി ഓഫീസ് പ്രവര്‍ത്തിക്കുന്ന പാട്യം ഗോപാലന്‍ സ്മാരക വായനശാല കെട്ടിടത്തിന്റെ മുകള്‍നിലയില്‍ സ്‌ഫോടനം നടന്നത്. കെട്ടിടത്തില്‍ സൂക്ഷിച്ചിരുന്ന സ്‌ഫോടകവസ്തു ശേഖരം പൊട്ടിത്തെറിച്ചാണു സ്‌ഫോടനം നടന്നതെന്ന് അന്വേഷണത്തില്‍ വ്യക്തമായതായി പോലീസ് പറഞ്ഞു. സ്‌ഫോടനം നടന്ന കെട്ടിടത്തിന്റെ ഉടമസ്ഥാവകാശം ബ്രാഞ്ച് സെക്രട്ടറി എന്ന നിലയില്‍ ബാലന്റെ പേരിലാണ്. കനത്ത മഴയെതുടര്‍ന്ന് കെട്ടിടത്തിനുള്ളില്‍ ഈര്‍പ്പംകെട്ടിയുണ്ടായ സമ്മര്‍ദമാണ് സ്‌ഫോടനത്തിനു കാരണമെന്ന് ഫോറന്‍സിക് സംഘം കണ്ടെത്തിയിരുന്നു.
ബോംബ് നിര്‍മാണത്തിനുപയോഗിക്കുന്ന സാധനങ്ങളാണ് പൊട്ടിത്തെറിച്ചത്. സ്‌ഫോടനത്തില്‍ കെട്ടിടത്തിന്റെ കോണ്‍ക്രീറ്റ് അടര്‍ന്നു വീഴുകയും വാതിലുകളും ഫര്‍ണിച്ചറുകളും തകരുകയും ചെയ്തിരുന്നു. എക്‌സ്‌പ്ലോസീവ് സബ്‌സ്റ്റന്റ് ആക്ട് പ്രകാരം പോലീസ് സ്വമേധയായാണു കേസെടുത്തത്. സ്‌ഫോടനത്തില്‍ മൂന്നു പേര്‍ക്കു പരിക്കേറ്റതായി പ്രചരണമുണ്ടായിരുന്നെങ്കിലും ഇതിനു സ്ഥിരീകരണം ലഭിച്ചിരുന്നില്ല.