വടക്കാഞ്ചേരി: ചേലക്കര നിയോജകമണ്ഡലത്തിലെ തളി പോളിംഗ് ബൂത്തില്‍ വോട്ട് ചെയ്യാനെത്തിയ അംഗപരിമിതന് അടിസ്ഥാന സൗകര്യമൊരുക്കാതെ വോട്ടവകാശം നിഷേധിക്കാന്‍ ശ്രമം. സംഭവവുമായി ബന്ധപ്പെട്ട് മനുഷ്യാവകാശ കമ്മീഷനും ജില്ലാ കളക്ടര്‍ക്കും പരാതി നല്‍കി. വരവൂര്‍ പഞ്ചായത്തിലെ അഞ്ചാം നമ്പര്‍ ബൂത്തായ തളി സ്കൂളില്‍ വോട്ട് ചെയ്യാനെത്തിയ ഇരുകാലുകളും തളര്‍ന്ന വി.കെ.സുരേഷ് കുമാറിനാണ് അടിസ്ഥാന സൗകര്യമില്ലാത്തതിനാല്‍ ദുരിതം അനുഭവിക്കേണ്ടിവന്നത്. .
സ്വന്തം കാറില്‍ പോളിംഗ് ബൂത്തിലെത്തിയ സുരേഷിന് ബൂത്തിലേക്ക് നടന്നു പോകാന്‍ കഴിയാത്തതിനെ തുടര്‍ന്ന് വീല്‍ ചെയര്‍ സേവനം ആവശ്യപ്പെടുകയായിരുന്നു. എന്നാല്‍ ഈ സേവനം ലഭ്യമല്ലെന്നറിഞ്ഞതോടെ പ്രതിഷേധമുയര്‍ത്തി വോട്ടര്‍ തിരിച്ചുപോയി. എന്നാല്‍ തന്റെ അവകാശം ഇല്ലാതാക്കാന്‍ സുരേഷ്കുമാര്‍ തയാറായില്ല. സ്വന്തം ചെലവില്‍ വീല്‍ചെയര്‍ സംഘടിപ്പിച്ചെത്തി സുരേഷ് തന്റെ മനസാക്ഷിയുടെ അംഗീകാരം വിനിയോഗിക്കുകയും ചെയ്തു.
അംഗ പരിമിതര്‍ക്ക് എല്ലാ സൗകര്യങ്ങളും ഒരുക്കണമെന്ന തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദേശം ലംഘിച്ച ഉദ്യോഗസ്ഥര്‍ക്കെതിരെ പരാതി ഉടന്‍ നല്‍കിയെങ്കിലും അധികൃതര്‍ അത് സ്വീകരിക്കാന്‍ തയാറായില്ല. തുടര്‍ന്നാണ് സുരേഷ് കുമാര്‍ മനുഷ്യാവകാശ കമ്മീഷനും ജില്ലാ കളക്ടര്‍ക്കും പരാതി നല്‍കിയത്.