മുഖ്യമന്ത്രി: പിണറായിക്കായി ചരടുവലി ശക്തം; വിഎസിനു പദവി വാഗ്ദാനം; മനസുതുറക്കാതെ വിഎസ്; കാരാട്ടും എസ്ആര്‍പിയും പിണറായിക്കൊപ്പം

VSഎം.ജെ ശ്രീജിത്ത്

തിരുവനന്തപുരം:  മുഖ്യമന്ത്രി സ്ഥാനത്തേക്കു പിണറായി വിജയനെ കൊണ്ടുവരാനുള്ള അണിയറ നീക്കങ്ങള്‍ ശക്തമായി. അതേസമയം, പ്രചാരണം നയിച്ച വി.എസ്.അച്യുതാനന്ദനെ പിണക്കരുതെന്ന് അഭിപ്രായത്തിനും പാര്‍ട്ടിയില്‍ ശക്തിയേറി. വിഎസിനെ അനുനയിപ്പിക്കാനുള്ള തന്ത്രങ്ങളെ ക്കുറിച്ചു പാര്‍ട്ടിയില്‍ ആലോചന തുടങ്ങി. ചില പദവികള്‍ വാഗ്ദാനം ചെയ്തു വിഎസിനെ അനുനയിപ്പിക്കാമെന്ന പ്രതീക്ഷയിലാണ് സംസ്ഥാന നേതൃത്വം. സിപിഎം സംസ്ഥാന സമിതിയും എംഎല്‍എമാരില്‍ ബഹുഭൂരിപക്ഷവും പിണറായി മുഖ്യമന്ത്രി ആകണമെന്ന അഭിപ്രായം ഉള്ളവരാണ്.

അതേസമയം, ജനറല്‍ സെക്രട്ടറി യെച്ചൂരിയും സംസ്ഥാനത്ത് ഒരു വിഭാഗം നേതാക്കളും വി.എസ്. അച്യുതാനന്ദനെ പിണക്കാതെ വിഷയം കൈകാര്യം ചെയ്യണമെന്ന നിലപാടിലാണ്. മാത്രമല്ല, പ്രചാരണത്തിനു നേതൃത്വം നല്‍കിയ വി.എസിനെ ഒഴിവാക്കിയാല്‍ കാര്യം കഴിഞ്ഞപ്പോള്‍ കറിവേപ്പില പോലെ ഉപേക്ഷിച്ചെന്ന ആരോപണവും ഉയരുമെന്ന് അവര്‍ ഭയക്കുന്നു. പ്രചാരണവേളയില്‍ത്തന്നെ തെരഞ്ഞെടുപ്പു കഴിഞ്ഞാല്‍ വിഎസിനെ തഴയുമെന്ന പ്രചാരണം യുഡിഎഫ് കേന്ദ്രങ്ങള്‍ നടത്തിയിരുന്നു.

ഇതിനിടെ, സിപിഎം നേതാവ് പി.കെ.ഗുരുദാസന്‍ വിഎസിനെ പിന്തുണച്ചു രംഗത്തെത്തി. മുഖ്യമന്ത്രിയാകാന്‍ വി.എസിന് അയോഗ്യത യില്ലെന്ന് അദ്ദേഹം മാധ്യമങ്ങളോടു പറഞ്ഞു. മുഖ്യമന്ത്രിയെയും മന്ത്രിമാരെയും തീരുമാനിക്കുന്നതിന് ഇന്നു സംസ്ഥാന സെക്രട്ടറിയേറ്റ് ചേരും. ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയും മുന്‍ ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ടും പങ്കെടുക്കും. പിണറായി വിജയനെ മുഖ്യമന്ത്രിയാക്കണമെന്ന ആവശ്യം സംസ്ഥാന സെക്രട്ടറിയേറ്റില്‍ ഉയരും. സംസ്ഥാന സെക്രട്ടറിയേറ്റിലും സംസ്ഥാന സമിതിയിലും പിണറായി പക്ഷത്തിനാണു മൃഗീയ ഭൂരിപക്ഷം. അതുകൊണ്ടു തന്നെ പിണറായി മുഖ്യമന്ത്രിയാകണമെന്ന ആവശ്യം അംഗീകരിക്കപ്പെടാനാണു സാധ്യത. എന്നാല്‍ വി.എസ് അച്യുതാനന്ദന് എന്തു പദവി കൊടുക്കുമെന്ന കാര്യത്തില്‍ അനിശ്ചിതത്വം തുടരുകയാണ്.
വിഎസിന് എന്തു കൊടുക്കും?

പിണറായിയെ മുഖ്യമന്ത്രിയാക്കിയാല്‍ വി.എസിനെ തഴഞ്ഞുവെന്ന പ്രതീതി ഉണ്ടാകാന്‍ സാധ്യതയുണ്ട്. വി.എസിനെ തഴയുമെന്ന ആരോപണം കോണ്‍ഗ്രസ് തെരഞ്ഞെടുപ്പിനു മുമ്പ് ഉന്നയിച്ചിരുന്നതാണ്. മുന്നണിയെ വിജയിപ്പിക്കാന്‍ ഓടി നടന്ന വി.എസിനു മാന്യമായ സ്ഥാനം നല്‍കണമെന്ന അഭിപ്രായം പാര്‍ട്ടിയിലും മുന്നണിയിലുമുണ്ട്. ആദ്യത്തെ രണ്ടു വര്‍ഷം വി.എസിനെ മുഖ്യമന്ത്രിയാക്കുകയും പിണറായിക്ക് ഉപമുഖ്യമന്ത്രിസ്ഥാനവും ആഭ്യന്തരവകുപ്പും നല്‍കി പ്രശ്‌നം പരിഹരിക്കണമെന്ന ആലോചനയുമുണ്ട്.

പിണറായിയെ മുഖ്യമന്ത്രിയാക്കുകയും വി.എസിനെ കാബിനറ്റ് റാങ്കോടെ മുന്നണിയുടെയോ നിയമസഭാ കക്ഷിയുടെ അധ്യക്ഷപദമോ നല്‍കണമെന്ന ആലോചനയും നടക്കുന്നുണ്ട്. ഇതിനു പുറമേ പാര്‍ട്ടി പോളിറ്റ് ബ്യൂറോയിലേക്കു വി.എസിനെ തിരികെ എടുക്കുകയും പാര്‍ട്ടിയുടെ അന്വേഷണ കമ്മീഷനെ മരവിപ്പിക്കുകയും വി.സിനെതിരെ അച്ചടക്ക നടപടികളൊന്നുമുണ്ടാകില്ലെന്ന ഉറപ്പും നല്‍കുകയും ചെയ്യും. ഇതിനു വി.എസിന്റെ സമ്മതമാണ് പ്രധാനം. അദ്ദേഹം ഇതിനു തയാറായാല്‍ വി.എസിനെക്കൊണ്ടു പിണറായിയെ മുഖ്യമന്ത്രിസ്ഥാനത്തേക്കു നിര്‍ദേശിപ്പിക്കും. ഇങ്ങനെ ചെയ്യുന്നതോടെ പാര്‍ട്ടിയിലും വി.എസിനും തര്‍ക്കമില്ലെന്ന ധാരണ നല്‍കാന്‍ കഴിയുമെന്നും പ്രതീക്ഷിക്കുന്നു.

കാരാട്ടും എസ്ആര്‍പിയും പിണറായിക്കൊപ്പം

കേന്ദ്ര നേതൃത്വത്തില്‍ കാരാട്ടിനും രാമചന്ദ്രന്‍ പിള്ളയ്ക്കും പിണറായി മുഖ്യമന്ത്രിയാ കണമെന്നാണു താത്പര്യം. യെച്ചൂരിക്കു കുറച്ചു കാലമെങ്കിലും വി.എസിനെ മുഖ്യമന്ത്രിയാ ക്കണമെന്നുമുണ്ട്. എന്നാല്‍, ഇക്കാര്യത്തില്‍ തര്‍ക്കമുണ്ടാക്കി വിവാദമായി വളര്‍ത്തരുതെന്ന നിലപാടും അദ്ദേഹത്തിനുണ്ട്. സംസ്ഥാന നേതൃത്വം ശക്തമായ വിജയം നേടിയ സാഹചര്യത്തില്‍ അക്കാര്യത്തില്‍ ഇവരെ നിര്‍ബന്ധിക്കാനും യച്ചൂരിക്കു കഴിയില്ല.

ഇന്നു ഇരുകൂട്ടരുമായും കാരാട്ടും യെച്ചൂരിയും സംസാരിക്കും. വി.എസിന്റെ അഭിപ്രായം കേള്‍ക്കാതെ ഏകപക്ഷിയമായ തീരുമാനം ഉണ്ടാകില്ല. വലിയ വിജയം ലഭിച്ചിട്ട് അതിന്റെ ശോഭ കെടുത്തുന്ന തര്‍ക്കമുണ്ടാകാതെ മുഖ്യമന്ത്രിയെ തീരുമാനിക്കണമെന്ന നിലപാടാണ് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനുള്ളത്.

മന്ത്രിമാരാകാന്‍ ഇവര്‍

മുഖ്യമന്ത്രിയെ കൂടാതെ മന്ത്രിമാരെയും ഇന്നത്തെ സെക്രട്ടറിയേറ്റ് യോഗം തീരുമാനിക്കും. തോമസ് ഐസക്, ജി സുധാകരന്‍, കെ.കെ ഷൈലജ, ഇ.പി ജയരാജന്‍, കടകംപള്ളി സുരേന്ദ്രന്‍, എ.കെ ബാലന്‍, എം.എം മണി, എസ് ശര്‍മ, ശ്രീരാമകൃഷ്ണന്‍, ടി.പി രാമകൃഷണന്‍, എ.സി മൊയ്തീന്‍, കെ.ടി. ജലീല്‍, സുരേഷ് കുറുപ്പ്, രാജു എബ്രഹാം എന്നിവരെ മന്ത്രിസ്ഥാനത്തേക്കു പരിഗണിക്കു ന്നുണ്ട്.

Related posts