സംസ്ഥാനത്ത് ആഞ്ഞടിച്ച ഇടതു തരംഗത്തില്‍ ചുവപ്പണിഞ്ഞ് ആലപ്പുഴ

alp-chuvappuആലപ്പുഴ: സംസ്ഥാനത്ത് ആഞ്ഞടിച്ച ഇടതു തരംഗം ആലപ്പുഴയിലും പ്രതിഫലിച്ചു.  മുന്‍ തെരഞ്ഞെടുപ്പിലും എല്‍ഡിഎഫിനൊപ്പം നിലകൊണ്ട ജില്ലയില്‍ ഇത്തവണ ഒരു സീറ്റുകൂടി കൂടുതല്‍ നേടി ഇടതുപക്ഷം നില മെച്ചപ്പെടുത്തി. കൂടിയ ഭൂരിപക്ഷം അരൂരിലെ സിപിഎം സ്ഥാനാര്‍ഥി ആരിഫിനാണ്. കുറവ് കുട്ടനാട്ടില്‍ തോമസ് ചാണ്ടിക്കും. ഒമ്പതു മണ്ഡലങ്ങളില്‍ എട്ടും എല്‍ഡിഎഫ് നേടിയപ്പോള്‍ കഴിഞ്ഞ തവണ രണ്ടു സീറ്റുകള്‍ നേടിയ യുഡിഎഫിന് ഇത്തവണ ഒരെണ്ണംകൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു.  പി.സി. വിഷ്ണുനാഥ് രണ്ടുതവണ വിജയിച്ച ചെങ്ങന്നൂര്‍ ഇത്തവണ എല്‍ഡിഎഫ് പിടിച്ചെടുക്കുകയായിരുന്നു.  വോട്ടെണ്ണലിനു തുടക്കം കുറിച്ച് പോസ്റ്റല്‍ വോട്ടുകള്‍ എണ്ണാന്‍ ആരംഭിച്ചപ്പോള്‍ത്തന്നെ ജില്ലയുടെ ഇടതുചായ്‌വ് പ്രകടമായിരുന്നു.  ഹരിപ്പാട് ഒഴികെയുള്ള മണ്ഡലങ്ങളില്‍ എല്‍ഡിഎഫ് ലീഡുചെയ്യുന്ന നിലയിലാണ് വോട്ടെണ്ണല്‍ ആരംഭിച്ചത്.

ചെങ്ങന്നൂരിലും ചേര്‍ത്തലയിലുമാണ് ഹരിപ്പാടൊഴികെ യുഡിഎഫിനു ഒരുതവണയെങ്കിലും ലീഡ് ലഭിച്ചത്.  ചെങ്ങന്നൂരില്‍ അവസാന ലാപ്പ് വരെ യുഡിഎഫ് സ്ഥാനാര്‍ഥി പി.സി. വിഷ്ണുനാഥ് മുന്നിലുണ്ടായിരുന്നെങ്കിലും അവസാന റൗണ്ട് വോട്ടുകള്‍ എണ്ണാന്‍ തുടങ്ങിയതോടെ എല്‍ഡിഎഫിന്റെ കെ.കെ. രാമചന്ദ്രന്‍ നായര്‍ മുന്നിലെത്തുകയും തുടര്‍ന്നു ക്രമമായി ലീഡ് ഉയര്‍ത്തുകയുമായിരുന്നു.  അരൂര്‍, ആലപ്പുഴ, അമ്പലപ്പുഴ, കുട്ടനാട്, കായംകുളം മണ്ഡലങ്ങളില്‍ സമ്പൂര്‍ണ എല്‍ഡിഎഫ് ആധിപത്യമായിരുന്നു. വോട്ടെണ്ണലിന്റെ തുടക്കം മുതല്‍ ഉണ്ടായിരുന്നത്.  ഈ മണ്ഡലങ്ങളില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥികള്‍ ഓരോ റൗണ്ട് പിന്നിടുമ്പോഴും ക്രമമായി ലീഡ് ഉയര്‍ത്തുന്ന കാഴ്ചയായിരുന്നു.  ഹരിപ്പാട് മണ്ഡലത്തില്‍ യുഡിഎഫ് സ്ഥാനാര്‍ഥി രമേശ് ചെന്നിത്തല തുടക്കം മുതല്‍ ലീഡ് നിലനിര്‍ത്തിയിരുന്നു.  ചേര്‍ത്തലയില്‍ ലീഡ് നില മാറിമറിഞ്ഞെങ്കിലും അവസാന റൗണ്ടില്‍ തിലോത്തമന്‍ വിജയം ഉറപ്പിക്കുകയായിരുന്നു.

കുട്ടനാട്ടില്‍ ആദ്യം മുതല്‍ ലീഡ് നിലനിര്‍ത്തിയ തോമസ് ചാണ്ടിക്കു ഭൂരിപക്ഷം ഉയര്‍ത്താന്‍ സാധിച്ചില്ലെങ്കിലും എല്ലാ റൗണ്ടിലും ആധിപത്യം നിലനിര്‍ത്താന്‍ കഴിഞ്ഞിരുന്നു. ഇടയ്ക്കു ഒരുസമയത്ത് ജേക്കബ് ഏബ്രഹാം ഒന്നുമുന്നിലെത്തുകയും ചെയ്തു. മാവേലിക്കരയില്‍ വോട്ടെണ്ണലിന്റെ തുടക്കത്തില്‍ എന്‍ഡിഎ സ്ഥാനാര്‍ഥി പി.എം. വേലായുധന്‍ മുന്നിലെത്തിയെങ്കിലും പിന്നീട് ആര്‍. രാജേഷ് ലീഡ് പിടിച്ചെടുക്കുകയും ഭൂരിപക്ഷമുയര്‍ത്തുകയുമായിരുന്നു.  ചെങ്ങന്നൂരില്‍ എന്‍ഡിഎ സ്ഥാനാര്‍ഥി ശ്രീധരന്‍പിള്ളയും ഒരിടവേളയില്‍ മുന്നിലെത്തിയിരുന്നു.  ത്രികോണ മത്സരമെന്നു ശക്തമായ പ്രചരണം നടന്ന കുട്ടനാട്ടിലെ വോട്ടെണ്ണിയപ്പോള്‍ ഒന്നുരണ്ടുതവണ രണ്ടാംസ്ഥാനത്തെത്തിയതൊഴിച്ചാല്‍ ബിഡിജെഎസ് ചിത്രത്തില്‍പോലും വന്നില്ല.  വോട്ടെണ്ണല്‍ ആരംഭിച്ചു മൂന്നുമണിക്കൂര്‍ പിന്നിടുമ്പോള്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥികളില്‍ ഭൂരിഭാഗവും മികച്ച ലീഡ് നേടുകയും വിജയം ഉറപ്പിക്കുകയുമായിരുന്നു. ചേര്‍ത്തലയും കുട്ടനാടും ഒഴികെയുള്ള മണ്ഡലങ്ങളില്‍ ഭൂരിപക്ഷം ഏറെ വര്‍ധിച്ചു.

അരൂരില്‍ ആരിഫിന്റേത് റിക്കാര്‍ഡ് പ്രകടനമായി. ജില്ലയിലെ തന്നെ ഏറ്റവും മികച്ച ഭൂരിപക്ഷമാണ് ആരിഫ് ഇവിടെ നേടിയത്- 38,519 വോട്ടുകളുടെ ലീഡ്.  പ്രതീക്ഷിച്ചിരുന്നതുപോലെ ആലപ്പുഴ മണ്ഡലത്തിലും അമ്പലപ്പുഴയിലും തുടക്കം മുതല്‍ തന്നെ ഇടതുസ്ഥാനാര്‍ഥി മേല്‍ക്കൈ നേടി. ഇഞ്ചോടിഞ്ച് പോരാട്ടമെന്ന് കൊട്ടിഘോഷിക്കപ്പെട്ടിരുന്ന കായംകുളത്താകട്ടെ മുന്‍ജില്ലാ പഞ്ചായത്ത് പ്രസിഡന്റു കൂടിയായ അഡ്വ. യു. പ്രതിഭാഹരി ആദ്യഘട്ടം മുതല്‍ തന്നെ മുന്നേറിക്കൊണ്ടേയിരുന്നു. കന്നിമത്സരത്തില്‍ 11,857 വോട്ടിന്റെ ഭൂരിപക്ഷമാണ് നേടിയത്. നിലവിലെ ഇവിടുത്തെ ഭൂരിപക്ഷത്തേക്കാള്‍ കൂടുതലാണിത്. ജില്ലയില്‍ വിജയിച്ച ഏക വനിതയും ഇവര്‍ തന്നെ. എന്‍ഡിഎ സഖ്യം മൂന്നാംസ്ഥാനത്തേക്കു എല്ലായിടത്തും മൂന്നാംസ്ഥാനത്തേക്കു പോയെങ്കിലും മുന്‍ തെരഞ്ഞെടുപ്പുകളെ അപേക്ഷിച്ച്  ഏറെ വോട്ടുകള്‍ കൈയടക്കി. അരൂര്‍-27753, ചേര്‍ത്തല- 19614, ആലപ്പുഴ- 18,214, അമ്പലപ്പുഴ-22,730, കുട്ടനാട്-33044, ഹരിപ്പാട്-12985, കായംകുളം-20000, മാവേലിക്കര-30929, ചെങ്ങന്നൂര്‍-42682 എന്നിങ്ങനെയാണ് ജില്ലയിലെ മണ്ഡലങ്ങളില്‍ എ്ന്‍ഡിഎ നേടിയ വോട്ടുനില. മിക്കയിടത്തും നാലും അഞ്ചും ഇരട്ടി വോട്ടുകളാണ് ഇവര്‍ കൂടുതല്‍ നേടിയിട്ടുള്ളത്.

എല്‍ഡിഎഫിന് നാലിടത്ത് ഹാട്രിക് വിജയം
ആലപ്പുഴ: നിയമസഭാ തെരഞ്ഞെടുപ്പില്‍ ആലപ്പുഴയിലെ നാലു മണ്ഡലങ്ങളില്‍ എല്‍ഡിഎഫിന് ഹാട്രിക് വിജയം. അരൂരില്‍ എ.എം. ആരിഫും ചേര്‍ത്തലയില്‍ പി. തിലോത്തമനും അമ്പലപ്പുഴയില്‍ ജി. സുധാകരനും കുട്ടനാട്ടില്‍ തോമസ് ചാണ്ടിയുമാണ് ഹാട്രിക് വിജയം നേടിയത്. തോമസ് ഐസക് നിയമസഭയിലെത്തുന്നത് നാലാം തവണയാണെങ്കിലും ആദ്യ രണ്ടു വിജയങ്ങള്‍ മാരാരിക്കുളം മണ്ഡലത്തിലായിരുന്നു. പിന്നീട് ഈ മണ്ഡലം ഇല്ലാതായതോടെ രൂപം കൊണ്ട ആലപ്പുഴ മണ്ഡലത്തില്‍ ഐസക്കിന് ഇത് രണ്ടാം വിജയമാണ്.

Related posts