റിയാസ് കുട്ടമശേരി
ആലുവ: ഇടതുമുന്നണിതരംഗം ആഞ്ഞടിച്ചപ്പോഴും കോണ്‍ഗ്രസിന്റെ ആലുവയിലെ ആധിപത്യം അരക്കിട്ടുറപ്പിച്ച് അന്‍വര്‍സാദത്ത് തന്റെ രണ്ടാംവട്ട പോരാട്ടത്തില്‍ ഭൂരിപക്ഷം കൂട്ടിയാണ് വീണ്ടും ആലുവയുടെ അമരക്കാരനായത്. തൊട്ടടുത്ത എതിര്‍ സ്ഥാനാര്‍ഥി എല്‍ഡിഎഫിലെ അഡ്വ. വി. സലിമിനെ 18835 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് പരാജയപ്പെടുത്തിയത്. മണ്ഡലത്തില്‍ ശക്തമായ മത്സരം കാഴ്ചവച്ച ബിജെപി മുന്നണി 19349 വോട്ടുകള്‍ നേടി കരുത്തുകാട്ടി.
വോട്ടെണ്ണലിന്റെ ആദ്യം മുതല്‍ ലീഡ് ചെയ്ത അന്‍വര്‍ സാദത്ത് അതേ നില അവസാനംവരെ തുടര്‍ന്നു. 91 വോട്ടിന്റെ ലീഡ് നേടി എല്‍ഡിഎഫ് സ്ഥാനാര്‍ഥി സലിം പോസ്റ്റല്‍ വോട്ടില്‍ മാത്രമാണ് പിടിച്ചുനിന്നത്. ഒന്നാം റൗണ്ടില്‍ നെടുമ്പാശേരി പഞ്ചായത്തില്‍ നിന്നും 1387 വോട്ടിന്റെ ലീഡില്‍ തുടങ്ങിയ അന്‍വര്‍ സാദത്തിന്റെ മുന്നേറ്റം പതിനൊന്നാം റൗണ്ടില്‍ എടത്തലയിലെത്തി 18835 ലാണ് സമാപിച്ചത്. ആലുവ നഗരസഭയും ആറ് പഞ്ചായത്തുകളും കഴിഞ്ഞ തവണത്തേക്കാള്‍ ഭൂരിപക്ഷം നല്‍കി അന്‍വര്‍ സാദത്തിനൊപ്പമായിരുന്നു. ബൂത്തുകളില്‍ നിന്നും പാര്‍ട്ടി പ്രവര്‍ത്തകര്‍ നല്‍കിയ കണക്കുകള്‍ അട്ടിമറിച്ച് ഇരട്ടി ഭൂരിപക്ഷം കിട്ടിയത് ആലുവയിലെ മുന്നണി നേതൃത്വത്തെ ഞെട്ടിക്കുകയും ചെയ്തു.
പ്രചാരണരംഗത്തെ പൊരിഞ്ഞ പോരാട്ടം ഇരുമുമുന്നണികളെയും ആശങ്കയിലാക്കിയിരുന്നു. ആലുവയില്‍ അട്ടിമറി വിജയം എല്‍ഡിഎഫ് പ്രതീക്ഷിക്കുകയും ചെയ്തു. എന്നാല്‍ യുഡിഎഫ് വിജയം ഉറപ്പിച്ചാണ് വിധി കാത്തിരുന്നത്. അക്കൗണ്ട് തുറക്കില്ലെന്ന് ഉറപ്പുണ്ടായിരുന്നുവെങ്കിലും ബിജെപിക്ക് കണക്ക് കൂട്ടിയ നോട്ടുകള്‍ നേടാനായില്ല. മണ്ഡലത്തിലുടനീളമുണ്ടായ യുഡിഎഫ് തരംഗത്തില്‍ ഇത് നഷ്ടമായതെന്നാണ് അവരുടെ വിലയിരുത്തല്‍. അഞ്ച് വര്‍ഷം കൊണ്ട് ആലുവയില്‍ കൊണ്ടുവന്ന വികസന പ്രവര്‍ത്തനങ്ങള്‍ അന്‍വര്‍ സാദത്തിനെ തുടരാന്‍ അനുവദിക്കുകയായിരുന്നുവെന്നാണ് യുഡിഎഫിന്റെ അവകാശവാദം.
മുന്നണി സ്ഥാനാര്‍ഥികളോടൊപ്പം പ്രചരണത്തില്‍ മുന്നിട്ടുനിന്ന് വെല്‍ഫെയര്‍ പാര്‍ട്ടി, എസ്ഡിപിഐ, പിഡിപി തുടങ്ങിയ പാര്‍ട്ടികള്‍ മണ്ഡലത്തില്‍ ദയനീയ പ്രകടനമാണ് കാഴ്ചവച്ചത്. വെല്‍ഫെയര്‍ പാര്‍ട്ടി 2031 വോട്ടും എസ്ഡിപിഐ 1716 വോട്ടും നേടിയപ്പോള്‍ പിഡിപി 480ല്‍ തൃപ്തിപ്പെടുകയായിരുന്നു. എന്നാല്‍ ജനസേവ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി മത്സരിച്ച ജോസ് മാവേലി 1725 വോട്ട് നേടിയത് എല്ലാവരേയും ഞെട്ടിച്ചു. 2011-ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ നേടിയ 51030 വോട്ടില്‍നിന്നും ഇക്കുറി 50733 ലേക്ക് ചുരുങ്ങിയത് എല്‍ഡിഎഫ് നേതൃത്വത്തിന് തിരിച്ചടിയായിട്ടുണ്ട്. ബിഡിജെഎസിന്റെ കടന്നുവരവോടു കൂടി മണ്ഡലത്തില്‍ കഴിഞ്ഞ തവണ കിട്ടിയ 8264 വോട്ടില്‍നിന്നും 19349 ലേക്ക് ഉയരാന്‍ കഴിഞ്ഞതിലുള്ള സന്തോഷത്തിലാണ് ബിജെപി.
പ്രമുഖ മുന്നണി സ്ഥാനാര്‍ഥികളായി മത്സരിച്ചവരില്‍ സ്വന്തം ബൂത്തില്‍ ലീഡ് നേടാന്‍ കഴിഞ്ഞത് യുഡിഎഫിലെ അന്‍വര്‍ സാദത്തിനും ബിജെപിയുടെ ലതാ ഗംഗാധരനുമാണ്. എല്‍ഡിഎഫ് സ്ഥാനാര്‍ഥി വി. സലിം സ്വന്തം ബൂത്തില്‍ മൂന്നാം സ്ഥാനത്തായിരുന്നു. ചെങ്ങമനാട് പഞ്ചായത്ത് പറമ്പയം ബൂത്തില്‍ അന്‍വര്‍ സാദത്ത് 348 വോട്ടിന്റെ ലീഡ് നേടിയപ്പോള്‍ തൊട്ടടുത്തുള്ള ദേശം കുന്നുംപുറം ബൂത്തില്‍നിന്നും ലതാ ഗംഗാധരന് 275 വോട്ടിന്റെ ലീഡ് കിട്ടി. എന്നാല്‍ ആലുവ നഗരസഭ ലൈബ്രറി ബൂത്തില്‍ എല്‍ഡിഎഫിലെ സലിം 115 വോട്ട് നേടി മൂന്നാം സ്ഥാനത്തായിരുന്നു.
മണ്ഡലത്തില്‍ നടപ്പിലാക്കിയ വികസനങ്ങള്‍ക്ക് ജനം നല്‍കിയ അംഗീകാരമാണ് തന്റെ വിജയമെന്ന് അന്‍വര്‍ സാദത്ത് രാഷ്ട്രദീപികയോട് പറഞ്ഞു. കുപ്രചരണങ്ങളില്‍ കുടുങ്ങാതെ ജനാധിപത്യശക്തികളോടൊപ്പം നിന്ന വോട്ടര്‍മാര്‍ക്ക് നന്ദി രേഖപ്പെടുത്തിയ അദ്ദേഹം ഈ വിജയം ആലുവയുടെ വിജയമാണെന്ന് അവകാശപ്പെടുകയും ചെയ്തു. ബിജെപിയടക്കമുള്ള വര്‍ഗീയ കക്ഷികളുടെ ഒളിഞ്ഞും തെളിഞ്ഞുമുള്ള സഹായം കിട്ടിയതു കൊണ്ടാണ് യുഡിഎഫിന് വിജയിക്കാന്‍ കഴിഞ്ഞതെന്ന് എല്‍ഡിഎഫ് നിയോജകമണ്ഡലം കണ്‍വീനര്‍ കെ.എം. കുഞ്ഞുമോന്‍ പറഞ്ഞു. ഇരുമുന്നണികളും ബിജെപിയെ ഭീകരരായി ചിത്രീകരിച്ചതിനാല്‍ പാര്‍ട്ടിക്ക് ലഭിക്കേണ്ട ന്യൂനപക്ഷ വോട്ടുകള്‍ നഷ്ടപ്പെടുത്തിയതായി ബിജെപി നിയോജകമണ്ഡലം പ്രസിഡന്റ് എം.എന്‍. ഗോപി അഭിപ്രായപ്പെട്ടു.