വിജയ കാലം

PINAകണ്ണൂര്‍: തൊഴിലാളിയില്‍നിന്നും മുഖ്യമന്ത്രിപദത്തിലെത്തുന്ന പിണറായി വിജയന്റെ ജീവിതം സംഭവബഹുലമാണ്. ദാരിദ്ര്യത്തിന്റെയും സഹനത്തിന്റെയും കനല്‍പ്പാതകള്‍ താണ്ടിയതിനൊപ്പം എങ്ങനെ പ്രവര്‍ത്തിച്ചു മുന്നേറാം എന്ന പാഠംകൂടി അദ്ദേഹം സ്വജീവിതത്തിലൂടെ അണികള്‍ക്കു കാണിച്ചുകൊടുക്കുകയും ചെയ്യുന്നു.  പിണറായിയിലെ ചെത്തുതൊഴിലാളിയായിരുന്ന മുണ്ടയില്‍ കോരന്‍-കല്യാണി ദമ്പതികളുടെ മക്കളില്‍ ഏറ്റവും ഇളയവനായ വിജയന്‍, സ്കൂള്‍ വിദ്യാഭ്യാസ കാലം മുതലേ വിദ്യാര്‍ഥി സംഘടനാ പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്നു.

സ്കൂള്‍ പഠനത്തിനുശേഷം ഒരു വര്‍ഷം അമ്മാവന്റെ ബേക്കറിയില്‍ സഹായിയായി മൈസൂരില്‍ കഴിഞ്ഞു. പിന്നീട് നാട്ടില്‍ തിരിച്ചെത്തി നെയ്ത്തുതൊഴിലാളിയായി.  ഈ സമയത്ത് തൊഴിലാളി പ്രസ്ഥാനത്തില്‍ സജീവമായി. മുതലാളിത്ത ചൂഷണങ്ങള്‍ക്കെതിരേ തൊഴിലാളികളെ സംഘടിപ്പിക്കുന്നതിലും  അവകാശങ്ങളെക്കുറിച്ചു സഹപ്രവര്‍ത്തകരെ ബോധവത്കരിക്കുന്നതിലും മുന്നിലായിരുന്നു.

നെയ്ത്തു തൊഴിലാളിയുടെ കുപ്പായം അഴിച്ചുവച്ച് അടുത്ത വര്‍ഷം വീണ്ടും വിദ്യാര്‍ഥിയായി തലശേരി ഗവ. ബ്രണ്ണന്‍ കോളജില്‍ പ്രീ-യൂണിവേഴ്‌സിറ്റിക്കു ചേര്‍ന്നു. വിദ്യാര്‍ഥികളുടെ അവകാശങ്ങള്‍ നേടിയെടുക്കുന്നതില്‍ വിദ്യാര്‍ഥിപ്രസ്ഥാനത്തെ മുന്‍നിരയില്‍ നിന്നു നയിച്ച വിജയന്‍, വിദ്യാര്‍ഥി സംഘടനയായ കെഎസ്‌വൈഎഫിന്റെ നേതൃനിരയിലെത്തി.

തന്റേടം, ചങ്കൂറ്റം
ktmpinaraivijayan
കണ്ണൂര്‍: പലപ്പോഴായി കാറ്റിലും കോളിലും ആടിയുലഞ്ഞപ്പോഴെല്ലാം  ആര്‍ ക്കും പോറല്‍ പോലുമേല്‍പ്പിക്കാന്‍ വിട്ടുകൊടുക്കാതെ പാര്‍ട്ടിയെ തന്റേടത്തോ ടെ നയിച്ച പിണറായി വിജയന്‍ നിയമസഭയിലെത്തുന്നത് അഞ്ചാം തവണ. 1998ല്‍ പാര്‍ട്ടി സെക്രട്ടറിയായതിനെത്തുടര്‍ന്നു 16 വര്‍ഷത്തോളം തെരഞ്ഞെടുപ്പില്‍നിന്നു മാറിനിന്ന പിണറായിയെ ഇക്കുറി ധര്‍മടത്തു മത്സരിപ്പിക്കുമ്പോള്‍ തന്നെ പാര്‍ട്ടി ചില കാര്യങ്ങള്‍ നിശ്ചയിച്ചിരുന്നു.

കേരളത്തില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിക്കു രൂപം നല്‍കിയ  പാറപ്രത്തിന്റെ സ്മരണകള്‍ ഇരമ്പുന്ന മണ്ഡലത്തില്‍നിന്നുത ന്നെ ഭാവി മുഖ്യമന്ത്രി മത്സരിച്ചു വിജയിക്കണമെന്നതായിരുന്നു അത്. സിപിഎമ്മിനെ സംബന്ധിച്ചിടത്തോളം വൈകാരികമായും ഏറെ പ്രാധാന്യമുള്ള മണ്ഡലംകൂടിയാണു ധര്‍മടം. എകെജിയുടെ ജന്മസ്ഥലമായ പെരളശേരി ഈ മണ്ഡലത്തിലാണ്. ജില്ലയില്‍ ആര്‍ക്കും വിള്ളലുകളുണ്ടാക്കാന്‍ കഴിയാത്തതും കൂടുതല്‍ ഭൂരിപക്ഷം നേടാന്‍ കഴിയുന്നതുമായി മറ്റു ചെങ്കോട്ടകള്‍ ഉണ്ടെങ്കിലും കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിനു രൂപംനല്‍കിയ പ്രദേശത്തുനിന്നുള്ളയാള്‍ കേരളത്തെ നയിക്കണമെന്ന സിപിഎം സ്വപ്‌നമാണു പിണറായിയുടെ മുഖ്യമന്ത്രിസ്ഥാനത്തിലൂടെ പാര്‍ട്ടി ഇക്കുറി പൂര്‍ത്തീകരിച്ചിരിക്കുന്നത്.

മംഗളൂരു ആസ്ഥാനമായുള്ള ഗണേഷ് ബീഡിയുമായി ബന്ധപ്പെട്ട സമരവേളയിലാണ് പിണറായിയുടെ സംഘടനാ പ്രവര്‍ത്തനവും ഇച്ഛാശക്തിയും കേരളീയ സമൂഹം ആദ്യം ദര്‍ശിക്കുന്നത്. കണ്ണൂര്‍ ഉള്‍പ്പെടെയുള്ള സ്ഥലങ്ങളിലെ അസംഘടിതരായ തൊഴിലാളികളെ ഉപയോഗപ്പെടുത്തിയായിരുന്നു ഗണേഷ് ബീഡിയുടെ ഉത്പാദനം.

എന്നാല്‍, കൂലി ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ കടുത്ത തൊഴിലാളിചൂഷണ നിലപാടായിരുന്നു കമ്പനിയുടമകള്‍ സ്വീകരിച്ചു പോന്നത്. ഗണേഷ് ബീഡിക്കു ബദലായി പാര്‍ട്ടിയുടെ ആഭിമുഖ്യത്തില്‍ കണ്ണൂരില്‍ ആരംഭിച്ച ദിനേശ് ബീഡി പ്രസ്ഥാനത്തെ ഇല്ലാതാക്കാന്‍ കര്‍ണാടകത്തില്‍നിന്ന് ഗണേഷ് ബീഡിക്കമ്പനി മുതലാളിമാര്‍ എത്തിച്ച ഗുണ്ടകള്‍ ദിനേശ് ബീഡി തൊഴിലാളികളെ ആക്രമിച്ചപ്പോള്‍ പ്രതിരോധം തീര്‍ക്കാന്‍ മുന്നിട്ടിറങ്ങിയ പിണറായിക്കു വയസ് 23 മാത്രം. 1970ല്‍ 26-ാം വയസില്‍ കൂത്തുപറമ്പില്‍ നിന്നായിരുന്നു നിയമസഭയിലേക്കുള്ള കന്നി മത്സരം.

അടിയന്തരാവസ്ഥക്കാലത്ത് കൊടിയ ലോക്കപ്പ് മര്‍ദനത്തിന് ഇരയായി. രാഷ്ട്രീയ തടവുകാരനായി കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ ഒന്നരക്കൊല്ലം രാഷ്ട്രീയ തടവും അനുഭവിച്ചിട്ടുണ്ട്. അക്കാലത്ത് കൂത്തുപറമ്പ് പോലീസുകാരുടെ മര്‍ദനംമൂലം കാലിന്റെ എല്ലൊടിച്ചു. ലോക്കപ്പ് മര്‍ദനവേളയിലെ ചോര പുരണ്ട വസ്ത്രവുമായി നിയമസഭയിലെത്തിയ യുവ എംഎല്‍എ ഈ വസ്ത്രം ഉയര്‍ത്തിക്കാട്ടി നടത്തിയ പ്രസംഗം നിയമസഭാ ചരിത്രത്തിന്റെയും ഭാഗമായി.
കണ്ണൂരില്‍നിന്നു നാലാമത്തെ മുഖ്യമന്ത്രി

കണ്ണൂര്‍: പിണറായി വിജയന്‍  മുഖ്യമന്ത്രിയാകുന്നതോടെ ഇതുവരെ കണ്ണൂര്‍ സംഭാവന ചെയ്ത മുഖ്യമന്ത്രിമാരുടെ എണ്ണം നാലായി ഉയര്‍ന്നു. ഇതിനു മുമ്പ് ആര്‍. ശങ്കര്‍, കെ. കരുണാകരന്‍, ഇ.കെ. നായനാര്‍ എന്നിവരായിരുന്നു കണ്ണൂരില്‍നിന്നു മുഖ്യമന്ത്രിക്കസേരയിലെത്തിയവര്‍. കരുണാകരനും നായനാരും കണ്ണൂരിന്റെ മക്കളായിരുന്നെങ്കില്‍  ആര്‍. ശങ്കര്‍ കൊട്ടാരക്കരയില്‍നിന്നു കണ്ണൂരില്‍ വന്നു മത്സരിച്ചു മുഖ്യമന്ത്രിയാവുകയായിരുന്നു. 1962 സെപ്റ്റംബര്‍ 26 മുതല്‍ 1964 സെപ്റ്റംബര്‍ 10 വരെയായിരുന്നു ശങ്കര്‍ മുഖ്യമന്ത്രിയായത്.

1960ല്‍ പട്ടം താണുപിള്ള മുഖ്യമന്ത്രിയായി ചുമതലയേറ്റെങ്കിലും പിന്നാലെ പഞ്ചാബ് ഗവര്‍ണറായി നിയമിതനായതോടെ മുഖ്യമന്ത്രിപദം രാജിവച്ചതിനെത്തുടര്‍ന്നാണു ശങ്കര്‍ മുഖ്യമന്ത്രിയാകുന്നത്. പഴയ കണ്ണൂര്‍ മണ്ഡലത്തി ല്‍നിന്നായിരുന്നു ശങ്കര്‍ വിജയിച്ചുകയറിയത്. 1977, 81, 82, 91 വര്‍ഷങ്ങളില്‍ മുഖ്യമന്ത്രിയായ കരുണാകരന്‍ തൃശൂരിലെ മാളയെ പ്രതിനിധീകരിച്ചായിരുന്നു നിയമസഭയിലെത്തിയത്. ഇ.കെ. നായനാര്‍ ഒരു തവണ മാത്രമാണ് കണ്ണൂരിനെ പ്രതിനിധീകരിച്ച് എംഎല്‍എയായി മുഖ്യമന്ത്രിയായത്.

1980ല്‍ മലമ്പുഴയില്‍നിന്നും 1987ല്‍ തൃക്കരിപ്പൂരില്‍നിന്നുമായിരുന്നു മത്സരം. മൂന്നാമൂഴത്തില്‍ 1996ല്‍ മാത്രമാണ് നായനാര്‍ കണ്ണൂര്‍ ജില്ലയെ പ്രതിനിധീകരിച്ചത്. തലശേരി മണ്ഡലത്തില്‍നിന്നായിരുന്നു അന്നു മത്സരിച്ചു ജയിച്ചത്. ഇവരുടെയൊക്കെ പിന്‍ഗാമിയായി കണ്ണൂരുകാരനായ പിണറായി വിജയന്‍ മുഖ്യമന്ത്രിപദത്തിലെത്തുമ്പോള്‍ എല്ലാ വേളയിലും ജില്ലയില്‍നിന്നുതന്നെ മത്സരിച്ചു ജയിച്ചു മുഖ്യമന്ത്രിപദത്തിലെത്തുന്ന എംഎല്‍എ എന്ന പേര് പിണറായി വിജയനു സ്വന്തമാവുകയാണ്.

ജീവിതരേഖ

ജനനം: 1944 മാര്‍ച്ച് 21
മാതാപിതാക്കള്‍: പരേതരായ മുണ്ടയില്‍ കോരന്‍-കല്യാണി
വിദ്യാഭ്യാസം: പിണറായിയിലും പെരളശേരിയിലുമായി സ്കൂള്‍ വിദ്യാഭ്യാസം  (1961 ല്‍ പൂര്‍ത്തിയായി)തലശേരി ഗവ. ബ്രണ്ണന്‍ കോളജില്‍  ധനതത്വശാസ്ത്രത്തില്‍ ഡിഗ്രി പഠനം.
ഭാര്യ: കമല (റിട്ട. അധ്യാപിക). മക്കള്‍: വിവേക് കിരണ്‍ (അബുദാബി എച്ച്എസ്ബിസി ബാങ്ക് ഉദ്യോഗസ്ഥന്‍), വീണ (ബംഗളൂരുവില്‍ സോഫ്റ്റ്‌വെയര്‍ സ്ഥാപനം നടത്തുന്നു) മരുമക്കള്‍: ദീപപ്രകാശ് ബാബു, അഡ്വ. സുനീഷ്‌മോഹന്‍.
പേരക്കുട്ടികള്‍: വിവാന്‍ വിവേക് കിരണ്‍, ഇഷാന്‍ വിജയ്

ഔദ്യോഗിക ജീവിതം

=1962-65 കാലഘട്ടങ്ങളില്‍ കെഎസ്എഫ് ജില്ലാ പ്രസിഡന്റ്, സംസ്ഥാന പ്രസിഡന്റ്,
കെഎസ്‌വൈഎഫ് സംസ്ഥാന പ്രസിഡന്റ് സ്ഥാനങ്ങള്‍ വഹിച്ചു
=1965ല്‍ മിസ ആക്ട് പ്രകാരം ജയില്‍ശിക്ഷ
=1967ല്‍ തലശേരി സിപിഎം തലശേരി മണ്ഡലം സെക്രട്ടറി
=1970ല്‍ നിയമസഭാംഗം (കൂത്തുപറമ്പ്)
=1972 ല്‍ കണ്ണൂര്‍ ജില്ലാ സെക്രട്ടേറിയറ്റംഗം
=1977ല്‍ നിയമസഭാംഗം (കൂത്തുപറമ്പ്)
=1986ല്‍ സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി
=1996ല്‍ നിയമസഭാംഗം (പയ്യന്നൂര്‍)
=1996-98 വരെ വൈദ്യുതി സഹകരണ മന്ത്രി
=1998 സെപ്റ്റംബറില്‍ മന്ത്രിസ്ഥാനം രാജിവച്ച് സിപിഎം സംസ്ഥാന സെക്രട്ടറിയായി
(സംസ്ഥാന സെക്രട്ടറിയായിരുന്ന ചടയന്‍ ഗോവിന്ദന്റെ മരണത്തെത്തുടര്‍ന്ന്)
= 2002ല്‍ പോളിറ്റ്ബ്യൂറോ അംഗം
= 2007 മാര്‍ച്ച് 26ന് പി.ബിയില്‍നിന്നു സസ്‌പെന്‍ഷന്‍
(അച്യുതാനന്ദനുമായി ബന്ധപ്പെട്ട് പരസ്യപ്രസ്താവനകള്‍ നടത്തിയതിന്,
അച്യുതാനന്ദനെയും പുറത്താക്കി)
=2007 ഒക്ടോബറില്‍ പിബിയില്‍ തിരിച്ചെത്തി
=2007 ജനുവരി 16ന് ലാവ്‌ലിന്‍ കേസില്‍ സിബിഐ അന്വേഷണത്തിന്
ഹൈക്കോടതി ഉത്തരവ്
=2009 ജനുവരി 29ന് ലാവ്‌ലിന്‍ കേസില്‍ ഒമ്പതാം പ്രതിയായി കുറ്റപത്രം
= 2013 നവംബര്‍ അഞ്ചിന് ലാവ്‌ലിന്‍ കേസില്‍ കുറ്റവിമുക്തനായി
=2015ല്‍ ഫെബ്രുവരി 23ന് സംസ്ഥാന സെക്രട്ടറിപദം ഒഴിഞ്ഞു
= 2016 മേയ് 19ന് ധര്‍മടം മണ്ഡലത്തില്‍നിന്ന് നിയമസഭാംഗം
=2016 മേയ് 20ന് മുഖ്യമന്ത്രിയാക്കാന്‍ പാര്‍ട്ടി തീരുമാനം

Related posts