കഞ്ചാവിനെച്ചൊല്ലി തര്‍ക്കം: മധ്യവയസ്കനു പരിക്ക്; കൊണ്ടോട്ടിയില്‍ കഞ്ചാവ് വില്‍പ്പന സംഘങ്ങളേറെ

KKD-kanjavകൊണ്ടോട്ടി: കൊണ്ടോട്ടി അങ്ങാടിയും പരിസരവും  കഞ്ചാവ് വില്‍പ്പനക്കാരുടെ പിടിയിലമരുന്നു. കൊണ്ടോട്ടി അങ്ങാടിയിലെ ആളൊഴിഞ്ഞ കെട്ടിടങ്ങളും ഇടുങ്ങിയ വഴികളിലുമാണ് കഞ്ചാവ് വില്‍പ്പന പൊടിപെടിക്കുന്നത്. കഴിഞ്ഞ ദിവസം കഞ്ചാവ് നല്‍കുന്നതിനെച്ചൊല്ലിയുളള തര്‍ക്കത്തില്‍ മധ്യവയസ്കനെ യുവാവ് കുത്തിപ്പരിക്കേല്‍പ്പിച്ചിരുന്നു.

അരിമ്പ്ര സ്വദേശി മൊയ്തീന്‍ കുട്ടി(50)യാണ് പരിക്കേറ്റ് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികില്‍സയിലുളളത്. സംഭവവുമായി ബന്ധപ്പെട്ട് നമ്പോലംകുന്ന് സ്വദേശി ജോബിഷിനെ (27)പോലീസ് അറസ്റ്റ് ചെയ്തു.  അങ്ങാടിയിലെ നഗരസഭയുടെ കെട്ടിടത്തിനു സമീപമാണ് കഞ്ചാവു വില്‍പ്പനക്കാരുടെ പ്രധാന താവളം.

സന്ധ്യമയങ്ങിയാല്‍ ഇവരുടെ വിളയാട്ടമാണ്. രാത്രി ഏഴു മണിയോടെ യാത്രക്കാരും കുറയുന്നതിനാല്‍ ഇവര്‍ക്ക് കച്ചവടം സജീവമാകും. കഞ്ചാവിന്റെ ആവശ്യക്കാരായി അന്യസംസ്ഥാന തൊഴിലാളികളും ഏറെയാണ്. മൂന്നു വര്‍ഷം മുമ്പാണ് ഇവിടെ  അമിതലഹരി ഉപയോഗിച്ച്  യുവാവ് മരണപ്പെട്ടത്. പെരിന്തല്‍മണ്ണ, കോഴിക്കോട് ഭാഗങ്ങളില്‍ നിന്നെത്തുന്ന കഞ്ചാവ്, ആവശ്യക്കാര്‍ക്ക് എത്തിച്ചു നല്‍കാന്‍ ഇടനിലക്കാരേറെയുണ്ട്.

രാപ്പകലില്ലാതെ കൊണ്ടോട്ടിയില്‍ കഞ്ചാവ് വില്‍ക്കപ്പെടുന്നുണ്ടെന്നു പരാതിയുയര്‍ന്നിട്ടുണ്ട്. യുവാക്കളും മധ്യവയസ്കരുമാണ് കഞ്ചാവ് തേടിയെത്തുന്നവരിലേറെയും. കഞ്ചാവ് പ്രത്യേക ഇടങ്ങളില്‍ ഒളിപ്പിച്ച് പണം വാങ്ങുന്ന രീതിയാണ് നടക്കുന്നത്. കഞ്ചാവ് സംഘങ്ങള്‍ക്കെതിരേ  പോലീസും നഗരസഭയും നടപടികളെടുക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

Related posts