പാലക്കാട്: പിടിച്ചുകെട്ടാനാരുമില്ലാത്തതിനാല്‍ ജില്ലയില്‍ തെരുവുനായ്ക്കള്‍ ലക്കും ലഗാനുമില്ലാതെ വിലസുന്നു. ഇതോടെ കണ്ണില്‍കണ്ടവരെ കടിച്ചു മുറിവേല്‍പ്പിച്ചും വാഹനങ്ങള്‍ക്കിടയില്‍ചാടി അപകടംവരുത്തുകയുമാണ് നായ്ക്കളുടെ ഹോബി.വാഹനങ്ങള്‍ക്കിടയിലേക്കുചാടി പലപ്പോഴുമുണ്ടാകുന്ന അപകടങ്ങളില്‍ യാത്രികര്‍ക്ക് ജീവന്‍വരെ നഷ്ടപ്പെട്ടിട്ടുണ്ട്. പക്ഷേ ഇത്തരം ഗുരുതരമായ സ്ഥിതിവിശേഷങ്ങള്‍ നിലനില്‍ക്കുമ്പോഴും അധികൃതര്‍ മൗനംപാലിക്കുകയാണ്. അക്രമാസക്തരായ തെരുവുനായ്ക്കളുടെ ആക്രമണത്തില്‍ രോഗബാധയേറ്റുള്ള മരണങ്ങളും സംഭവിക്കുന്നുണ്ട്. കഴിഞ്ഞ ഒരുവര്‍ഷത്തിനിടെ മാത്രം ജില്ലയില്‍ തെരുവുനായ്ക്കള്‍ കുറുകെ ചാടിയുണ്ടായ അപകടത്തില്‍ ഒരേസമയം നാലു പേരാണ് മരിച്ചത്.
ഇരുചക്ര മുച്ചക്ര വാഹനയാത്രികരാണ് കൂടുതലായും ഇത്തരം ദുരന്തങ്ങള്‍ക്കു ഇരയാകുന്നത്. നായ കുറുകെ ചാടിയതുമൂലം ഒറ്റപ്പാലത്തു ഓട്ടോ നിയന്ത്രണം വിട്ട് മറിഞ്ഞ് അടുത്തിടെ ഡ്രൈവര്‍ മരിച്ചിരുന്നു. കോട്ടായിക്കു സമീപം 21 വയസ്സുള്ള ങഇഅ വിദ്യാര്‍ത്ഥിയും ഇത്തരത്തില്‍ മരിച്ചു. ഇതിനുപുറമെ ആലത്തൂര്‍, ചിറ്റൂര്‍, മന്തക്കാട്, കല്ലേക്കുളങ്ങര എന്നിവിടങ്ങളിലുണ്ടായ അപകടങ്ങളിലും നിരവധിപേര്‍ ഇരയായി. 2012-ലെ ജന്തുസെന്‍സസ് പ്രകാരം സംസ്ഥാനത്താകെ 2,68,994 ഓളം തെരുവുനായ്ക്കളാണുള്ളതെന്നിരിക്കെ പ്രതിവര്‍ഷം തെരുവുനായ്ക്കളുടെ എണ്ണത്തില്‍ പത്തിരട്ടിയോളം വര്‍ധനയുണ്ടാവുന്നുമുണ്ട്. ഈവര്‍ധനവാണ് അപകടത്തിന്റെ പ്രധാന കാരണം.
അതേസമയം തെരുവുനായ്ക്കളെ എങ്ങനെ നിയന്ത്രിക്കണം എന്നകാര്യത്തില്‍ ഭരണതലങ്ങളില്‍ ഇപ്പോഴും ം തര്‍ക്കങ്ങള്‍ തുടരുകയാണ്. തെരുവുനായ്ക്കളെ പിടികൂടി ഒഴിഞ്ഞ മേഖലയില്‍ കൂടൊരുക്കി താമസിപ്പിക്കണമെന്നതും വന്ധ്യംകരണമുള്‍പ്പടെയുള്ള വിദഗ്ദ നിര്‍ദേശങ്ങള്‍ സര്‍ക്കാരിന്റെ പരിഗണനയിലുണ്ട്. വാഹനാപകടങ്ങള്‍ക്കു പുറമെ വളര്‍ത്തു മൃഗങ്ങളും പിഞ്ചുകുഞ്ഞുങ്ങള്‍ വരെ ഇവയുടെ ആക്രമണത്തിന് ഇരയാകുന്നുണ്ട്.
അലനല്ലൂര്‍ മേഖലയില്‍ ഗര്‍ഭിണിയായ ആടുകളടക്കം പത്തിലധികം വളര്‍ത്തുമൃഗങ്ങളെയാണ് നായ്ക്കള്‍ അടുത്തിടെ കടിച്ചുകൊന്നത്. പ്രഭാത സവാരിക്കിറങ്ങുന്നവരും പത്ര – പാല്‍ വിതരണത്തിനു പോകുന്നവരും മദ്രസ വിദ്യാര്‍ത്ഥികളും തെരുവുനായ്ക്കളുടെ അക്രമണത്തിന്റെ പ്രധാന ഇരകളാണ്. 2011-ല്‍ ജില്ലാ മൃഗാശുപത്രിയില്‍ ഏറെ കൊട്ടിഘോഷിച്ച്് നടപ്പിലാക്കിയ വന്ധ്യംകരണം പദ്ധതിക്ക് അകാലചരമം വന്നതാണ് ജില്ലയില്‍ തെരുവുനായ്ക്കളുടെ വര്‍ദ്ധനയ്ക്ക് കാരണമായത് .മുന്‍കാലങ്ങളില്‍ നഗരസഭ പരിധിയില്‍ മുന്‍സിപ്പില്‍ ജീവനക്കാരായ നായ പിടുത്തക്കാരുണ്ടായിരുന്നു. പിന്നീട് ഈ തസ്തിക എടുത്തുകളഞ്ഞതാണ് നായ്ക്കളെ കൊല്ലുന്നത് സംബന്ധിച്ച കാര്യത്തില്‍ നടപടിയാകാതിരിക്കുന്നത്.
മൃഗാശുപത്രിയില്‍ വന്ധ്യംകരിക്കാന്‍ കൊണ്ടുവന്ന നായ്ക്കള്‍ക്ക് ആശുപത്രിയധികൃതര്‍ നാല്പതു രൂപ നല്‍കിയിരുന്നെങ്കിലും ദൂരപ്രദേശങ്ങളില്‍ നിന്നും വരുന്നവര്‍ക്ക് ഇതുമായി ഒത്തുപോകാന്‍ കഴിയാതായതും പദ്ധതി താളം തെറ്റിച്ചു്. എന്നാല്‍ വഴിയോരങ്ങളില്‍ അലക്ഷ്യമായി വലിച്ചെറിയുന്ന മാലിന്യങ്ങളും മറ്റും ഭക്ഷിക്കാനെത്തുന്ന തെരുവുനായ്ക്കളാണ് ഏറെയും ഭീഷണി. തെരുവുനായ്ക്കളെ കൊല്ലുന്നതു സംബന്ധിച്ച കോടതി ഉത്തരവും ഇവയ്ക്ക് അുനുഗ്രഹമായമട്ടാണ്. മൃഗസംരക്ഷണവകുപ്പും തദ്ദേശ സ്ഥാപനങ്ങളും സഹകരിച്ച് നടപ്പാക്കുന്ന തെരുവുനായ നിയന്ത്രണ പദ്ധതിക്ക് ജില്ലാ ആസൂത്രണ സമിതി യോഗത്തില്‍ തീരുമാനമായിരുന്നു.
ജില്ലാ മൃഗസംരക്ഷണ വകുപ്പിന്റെ 1.3 കോടി രൂപ വരുന്ന പദ്ധതിക്ക് അനുമതി ലഭിച്ചാല്‍ കഴിഞ്ഞ കേരളപ്പിറവിദിനം മുതല്‍ തെരുവുനായ്ക്കളുടെ വന്ധ്യംകരണം തുടങ്ങനാണ് ലക്ഷ്യമിട്ടിരുന്നത്. എന്നാല്‍ തെരുവുനായ നിയന്ത്രണം തദ്ദേശസ്ഥാപനങ്ങളുടെ ചുമതലയിലാണ് ഉള്‍പ്പെടുത്തിട്ടുള്ളതെങ്കിലും ഗ്രാമ ബ്ലോക്ക് പഞ്ചായത്തുകളുടെയും ജില്ലാ പഞ്ചായത്തിന്റെയും സംയുക്ത സഹകരണം വേണം. ജില്ലാ പഞ്ചായത്തിന് ആദ്യം ഫണ്ടുകൈമാറുന്ന പഞ്ചായത്തുകള്‍ക്കാണ് പദ്ധതി പ്രഥമഘട്ടത്തില്‍ മുന്‍ഗണന നല്‍കിയിട്ടുള്ളത്.
2012ലെ സെന്‍സസ് പ്രകാരം ജില്ലയില്‍ 69000 തെരുവുനായ്ക്കളുണ്ടെന്നാണ് കണക്ക്. ഇതിനാല്‍ എല്ലാ സ്ഥലങ്ങളിലും തെരുവുനായ്ക്കളുടെ ശല്യമുള്ളതിനാല്‍ പദ്ധതി വിജയിക്കുമെന്നാണ് വിലയിരുത്തുന്നത്. ഇതില്‍ 2500 പെണ്‍പട്ടികളുണ്ടെന്നുമാണ് കണക്ക്. മാസം 200 – 250 പട്ടികളെ വീതം വന്ധ്യംകരിച്ചാല്‍ തന്നെ ജില്ലയില്‍ മുഴുവന്‍ വന്ധ്യംകരണം നടത്താന്‍ ഒരു വര്‍ഷം വേണ്ടിവരും. പദ്ധതികളൊക്കെ കടലാസിലൊതുക്കാതെ എത്രയും പ്രായോഗികമാക്കണമെന്നാണ് ജനങ്ങളുടെ ആവശ്യം.