വടക്കഞ്ചേരി: അഞ്ചുമൂര്‍ത്തിമംഗലം മൂന്നാഴിപറമ്പില് വീഴാറായ ഒറ്റമുറി കൂരയില്‍ കഴിയുന്ന രാജനെ സഹായിക്കുന്നതില്‍നിന്നും സാങ്കേതിക തടസങ്ങള്‍ പറഞ്ഞ് പഞ്ചായത്തും കൈയൊഴിയുന്നു. ഇനി രാജന് എന്തെങ്കിലും അത്യാഹിതം സംഭവിച്ചാല്‍ എല്ലാവരും ഓടിയെത്തി വേദനിക്കുകയും ഞെട്ടുകയും ചെയ്യും. അന്വേഷണം ആവശ്യപ്പെടുകയും കുറ്റക്കാര്‍ക്കെതിരേ നടപടിവേണമെന്നും ആവശ്യമുയരും. ഇതിനെല്ലാം എന്തെങ്കിലും സംഭവിക്കണമെന്നു മാത്രം. അതുവരെ ആരും രംഗത്തുവരില്ല. ചുമരുകള്‍ പിളര്‍ന്ന് മേല്‍ക്കൂരയില്‍ ചിതല്‍പിടിച്ച് ഓടുകള്‍ തകര്‍ന്ന കുടുസു മുറിയിലാണ് രാജന് (കൃഷ്ണദാസ്-45) കഴിയുന്നത്.
മഴ പെയ്താല്‍ ഈ കൂരയ്ക്കുള്ളില്‍ വെള്ളം നിറയും. അങ്ങനെയുള്ള ദിവസങ്ങളില്‍ രാജന് ഉറക്കമില്ല. ഇതിനുള്ളിലെ ഒരു മൂലയിലിരുന്ന് രാത്രി കഴിച്ചു കൂട്ടും. വിറക് അടുപ്പും ഇതിനുള്ളില്‍ തന്നെയായതിനാല്‍ മഴപെയ്താല്‍ ഭക്ഷണം പാകം ചെയ്യാനും കഴിയില്ല. അതിദയനീയമാണ് രാജന്റെ ജീവിതം.ഇല്ലായ്മകളോ ആവശ്യങ്ങളോ മറ്റാരോടും പറയുന്ന പ്രകൃതക്കാരനല്ല രാജന്. 2000-ല്‍ അമ്മ കാര്‍ത്ത്യായനിയമ്മ മരിച്ചതിനുശേഷം രാജന് പിന്നെ വീട്ടില്‍ തനിച്ചായി. അതിവര്‍ഷമുണ്ടായ 2007-ലാണ് വീടുതകര്ന്നുവീണത്. ശേഷിച്ച ഒറ്റമുറിയിലാണ് ഒമ്പതുവര്‍ഷമായി രാജന്റെ താമസം.
അവിവാഹിതനായ രാജന് മംഗലംപാലത്തെ ഹോട്ടലില്‍ ജോലി ചെയ്തു കിട്ടുന്ന തുച്്ഛമായ വരുമാനം കൊണ്ടാണ് ജീവിതം. ദിവസം അമ്പതുരൂപയാണ് കൂലി. കുടിവെള്ളമില്ല, കറന്റില്ല, കക്കൂസില്ല, വസ്ത്രങ്ങളില്ല, ഗ്യാസ് കണക്്ഷനില്ല, തിരിച്ചറിയല്‍ രേഖകളില്ല. മൊബൈല്‍ ഫോണ്‍ പോലെയുള്ള സൗകര്യങ്ങളും രാജന് അന്യം.രാജന്റെ ദുരിതജീവിതത്തെക്കുറിച്ച് കഴിഞ്ഞ ഏഴിന് രാഷ്ട്രദീപികയില്‍ വാര്‍ത്ത നല്‍കിയിരുന്നു. ഇതേ തുടര്‍ന്ന് സമീപവാസിയായ മഹേഷ് രാജന്റെ സഹായത്തിനായി പഞ്ചായത്തില്‍ പോയെങ്കിലും സാങ്കേതികതടസങ്ങള് പറഞ്ഞ് ഒഴിവാക്കുകയായിരുന്നുവത്രേ.
രാജന്റെ പക്കല്‍ രേഖകളൊന്നും ഇല്ലെന്നതാണ് ആനുകൂല്യങ്ങള്‍ക്കുള്ള പ്രധാനതടസം. എല്ലാറ്റിനും രേഖകള്‍ മാത്രം അടിസ്ഥാനമാക്കാതെ മനുഷ്യത്വം കൂടി പരിഗണിച്ചാല്‍ ഭക്ഷണവും വീടും നല്കാന് ആശ്രയപദ്ധതി വഴി കഴിയുമെന്ന് ചൂണ്ടിക്കാട്ടുന്നു. വേണ്ടെന്നു വയ്ക്കാനും വേണമെന്നു വയ്ക്കാനും പഞ്ചായത്തിനാകും. സ്ഥിരതാമസക്കാരനായതിനാല്‍ റേഷന്‍ കാര്‍ഡ് ഉണ്ടാക്കാനും ബുദ്ധിമുട്ടില്ലെന്നു പറയുന്നു. ജനപ്രതിനിധികള്‍ മനസുവച്ചാല്‍ ഈ നിര്‍ധനനെ രക്ഷിക്കാന്‍ യാതൊരു ബുദ്ധിമുട്ടുമുണ്ടാകില്ല.