ന്യൂഡല്‍ഹി: ഐപിഎല്‍ ഫൈനലില്‍ ബാംഗ്ലൂരിന്റെ എതിരാളികളെ ഇന്നറിയാം.ഇന്ന് രാത്രി എട്ടിന് ഫിറോസ്ഷാ കോട്ലയില് സണ്‍റൈസേഴ്സ് ഹൈദരാബാദും നവാഗതരായ ഗുജറാത്ത് ലയണ്‍സും തങ്ങളുടെ ആദ്യ ഐപിഎല്‍ ഫൈനല്‍ ലക്ഷ്യമിട്ട് കളിക്കാനിറങ്ങും. ഇരുടീമുകളും രണ്ടും കല്പ്പിച്ചു കളത്തിലിറങ്ങുമ്പോള്‍ മത്സരത്തിന് അക്ഷരാര്‍ഥത്തില്‍ സെമിഫൈനലിന്റെ ചൂടും ചൂരും കൈവരുന്നു. ആദ്യ ക്വാളിഫയറില്‍ കൈയെത്തും ദൂരത്തിരുന്ന കളി കൈവിട്ട ഗുജറാത്തിന് ഈ മത്സരം ജയിക്കേണ്ടത് അഭിമാനപ്രശ്നമാണ്.
ഈ സീസണിലെ കണക്കിലെ കളികളില്‍ സണ്‍റൈസേഴ്സിനാണ് മുന്‍തൂക്കം. ഗ്രൂപ്പുഘട്ടത്തില്‍ ഗുജറാത്തിനെതിരായ രണ്ടു മത്സരങ്ങളും വിജയിച്ച അവര്‍ എലിമിനേറ്റര്‍ മത്സരത്തില്‍ ശക്തരായ കോല്‍കൊത്തയെ തോല്‍പ്പിച്ചാണ് ക്വാളിഫയറിന് അര്‍ഹത നേടിയത്.ഫിറോസ്ഷാ കോട്ലയിലെ വേഗം കുറഞ്ഞ പിച്ചില്‍ ബാറ്റിംഗ് ദുഷ്കരമാകാനാണ് സാധ്യത.
ഇരുടീമുകളും ബാറ്റിംഗ് പരിശീലനത്തിനാണ് കൂടുതല്‍ പ്രാധാന്യം നല്‍കിയത്. ഓപ്പണര്‍മാരായ ശിക്കാര്‍ ധവാനും ഡേവിഡ് വാര്‍ണറും ഫോമിലാണെങ്കിലും മറ്റു ബാറ്റ്സ്മാര്‍ അത്ര മികച്ച പ്രകടനമല്ല പുറത്തെടുക്കുന്നത്. യുവരാജ് സിംഗിന്റെ പ്രകടനമാണ് കഴിഞ്ഞകളിയില്‍ സ്കോര്‍ 162ല്‍ എത്തിച്ചത്.ഓപ്പണര്‍മാരല്ലാതെ ഒരു ബാറ്റ്സ്മാന് മികച്ച സ്കോര്‍ കണെ്ടത്തുന്നത് സീസണില്‍ രണ്ടാം തവണ മാത്രമായിരുന്നു എന്നത് ടീമിന്റെ അവസ്ഥ വ്യക്തമാക്കുന്നു.
ആദ്യ ക്വാളിഫയറില്‍ വിജയത്തിനരികില്‍ നിന്നാണ്് 79 റണ്‍സെടുത്ത ഡിവില്യേഴ്സിന്റെ കടന്നാക്രമണത്തില്‍ ലയണ്‍സ് മത്സരം ബാംഗ്ലൂരിന് അടിയറവയ്ക്കുകയായിരുന്നു. ചിന്നസ്വാമി സ്റ്റേഡിയത്തിലെ അതിവേഗ പിച്ചില്‍ നിന്നും കോട്ലയിലെ വേഗത കുറഞ്ഞ പിച്ചിലേക്കു കളിമാറുന്നത് ലയണ്‍സിന് തലവേദനയാകും. സ്പിന്നര്‍മാരായ രവീന്ദ്ര ജഡേജയും ശദാബ് ജകാതിയും ബാംഗ്ലൂരിനെതിരേ അത്ര ഫലം കണ്ടില്ല. എന്നാല്‍, മികച്ചരീതിയില്‍ പന്തെറിഞ്ഞ ധവാല്‍ കുല്‍ക്കര്‍ണി ഉള്‍പ്പെടെയുള്ള പേസര്‍മാര്‍ അവസരത്തിനൊത്തുയരുന്നത് ക്യാപ്റ്റന്‍ റെയ്നയ്ക്ക് ആശ്വാസമാവും.
ബ്രണ്ടന്‍ മക്കല്ലത്തിനൊപ്പം ആരോണ്‍ ഫിഞ്ചിനെ ഓപ്പണര്‍ സ്ഥാനത്ത് പ്രതിഷ്ഠിച്ചത് കഴിഞ്ഞ മത്സരത്തില്‍ ഫലം കണ്ടില്ലെങ്കിലും വിനാശകരമായ ഈ സഖ്യം തന്നെയായിരിക്കും ഓപ്പണിംഗ് സ്ഥാനത്ത്. മധ്യനിരയിലേക്കിറങ്ങിയ ഡ്വയ്ന്‍ സ്മിത്ത് കഴിഞ്ഞ കളിയില്‍ തകര്‍പ്പന്‍ പ്രകടനം പുറത്തെടുക്കുകയും ചെയ്തു.ക്യാപ്റ്റന്‍ സുരേഷ് റെയ്നയും തരക്കേടില്ലാത്ത പ്രകടനം കാഴ്ചവയ്ക്കുന്നുണ്ട്. ആദ്യ ക്വാളിഫയറില്‍ മൂന്ന് ഓവറില്‍ 45 റണ്‍സ് വഴങ്ങിയ ശദാബ് ജകാതിയെ പുറത്തിരുത്തി പകരം വെറ്ററന്‍ സ്പിന്നര്‍ പ്രവീണ്‍ താംബെയോ ചൈനാമാന്‍ ബൗളര്‍ ശിവില്‍ കൗശിക്കിനെയോ കളിപ്പിച്ചേക്കും.
മറുവശത്ത് 15 കളികളില്‍ നിന്ന് 686 റണ്‍സ് നേടിയ ക്യാപ്റ്റന്‍ ഡേവിഡ് വാര്‍ണറിലാണ് സണ്‍റൈസേഴ്സിന്റെ ബാറ്റിംഗ് പ്രതീക്ഷ. ശിക്കാര്‍ ധവാനും പ്രതീക്ഷക്കൊത്ത പ്രകടനം കാഴ്ച വയ്ക്കുന്നുന്നുണെ്ടങ്കിലും മറ്റു ബാറ്റ്സ്മാന്മാര് പരാജയപ്പെടുന്നത് സണ്‍റൈസേഴ്സിനെ അലോസരപ്പെടുത്തുന്നുണ്ട്.
കഴിഞ്ഞ കളിയിലെ യുവരാജ് സിംഗിന്റെ പ്രകടനം ടീമിന്റെ ആത്മവിശ്വാസം ഉയര്‍ത്തിയിട്ടുണ്ട്. ഓള്‍റൗണ്ടര്‍ മോയിസസ് ഹെന്റ്രിക്കസും ഭേദപ്പെട്ട പ്രകടനം കാഴ്ച വയ്ക്കുന്നുണ്ട്. ബൗളിംഗ് വിഭാഗത്തില്‍ ആശങ്കകള്‍ക്ക് വകയില്ല. എലിമിനേറ്റര്‍ മത്സരത്തില്‍ 162 റണ്‍സ് പിന്തുടര്‍ന്ന കോല്‍കൊത്തയെ 22 റണ്‍സകലെ വീഴ്ത്തിയത് ബൗളിംഗ് മികവിന് മകുടോദാഹരണമാണ്.
ടൂര്‍ണമെന്റില്‍ ഇതുവരെ 21 വിക്കറ്റു വീഴ്ത്തിയ ഇന്ത്യന്‍ താരം ഭുവനേശ്വര്‍ നയിക്കുന്ന ബൗളിംഗ് നിര മികച്ച പ്രകടനമാണ് പുറത്തെടുക്കുന്നത്. ബംഗ്ലാദേശ് സെന്സേഷന് മുസ്താഫിസുര്‍ റഹ്മാനും യുവതാരം ബരീന്ദര്‍ സ്രാനും ഭുവനേശ്വറിന് ഉറച്ച പിന്തുണ നല്കുന്നു. ദീപക് ഹൂഡയേയും ബെന്‍ കട്ടിംഗിനേയും പോലുള്ള വമ്പനടിക്കാര്‍ ബാറ്റിംഗിന് മുതല്‍ക്കൂട്ടാണ്. കരണ്‍ ശര്‍മയോ ബിപുല്‍ ശര്‍മയോ ആയിരിക്കും സ്പിന്നറുടെ ചുമതല നിര്‍വഹിക്കുക.
ആദ്യ ഫൈനല്‍ ലക്ഷ്യമിടുന്ന ഇരുടീമുകളുടേയും ലക്ഷ്യം കന്നിക്കിരീടമാണ്. ഫൈനലില്‍ കാത്തിരിക്കുന്നതാവട്ടെ ആരും ഭയക്കുന്ന വിരാട് കോഹ്ലിയുടെ ബാംഗ്ലൂരും. കഴിഞ്ഞ കളിയില്‍ നിശബ്ദമായ കോഹ്ലിയുടെ ബാറ്റ് ആര്‍ക്കെതിരെയാണ് അടുത്തതായി ശബ്ദിക്കുകയെന്ന് ഇന്നത്തെക്കളിയോടെയറിയാം.
രണ്ടാം ക്വാളിഫയര്‍; ഹൈദരാബാദ്- ഗുജറാത്ത് (രാത്രി എട്ടിന്).