സ്വന്തം ലേഖകൻ
കോഴിക്കോട് : കേരള തീരത്ത് ഐഎസ് തീവ്രവാദികള്‍ എത്താനുള്ള സാധ്യത കണക്കിലെടുത്ത് അതീവ ജാഗ്രത പുലര്‍ത്തുന്നതിനിടെ തീരദേശ പോലീസിന്റെ ആശയ വിനിമയ സംവിധാനം നിലച്ചു. പൊതുജനങ്ങള്‍ക്കും കടലില്‍ പോകുന്ന മത്സ്യത്തൊഴിലാളികള്‍ക്കും പോലീസുമായി ബന്ധപ്പെടാനുള്ള സ്റ്റേഷനിലെ ഫോണാണ് തകരാറിലായത്. ഇതോടെ വിവരങ്ങള്‍ കൈമാറാനുള്ള സാധ്യതും അടഞ്ഞു.
ജില്ലയിലെ ഏറ്റവും പ്രധാനപ്പെട്ട കോസ്റ്റല്‍ പോലീസ് സ്റ്റേഷനായ ബേപ്പൂര്‍ സ്റ്റേഷനിലെ ലാന്റ് ഫോണാണ് നിലച്ചത്. ഫോണ്‍ തകരാറിലായിട്ട് ആഴ്ചകളായി. അതിനിടെ ബിഎസ്എന്‍എല്‍ അധികൃതര്‍ റിപ്പയറിംഗിനായി എത്തിയിരുന്നുവെന്നും ചില സാങ്കേതിക കാരണങ്ങളാല്‍ ഫോണ്‍ റിപ്പയര്‍ ചെയ്യാനാവാതെ അവര്‍ മടങ്ങുകയായിരുന്നുവെന്നുമാണ് സ്റ്റേഷനില്‍നിന്നും ലഭിക്കുന്ന വിവരം.
അതേസമയം അതിജാഗ്രത പുലര്‍ത്തുന്ന വേളയിലും അവശ്യം വേണ്ട സംവിധാനങ്ങളോ സൗകര്യങ്ങളോ ഒരുക്കുന്നതില്‍ അധികൃതര്‍ പൂര്‍ണമായും നിസംഗത പാലിക്കുകയാണെന്ന ആരോപണവും ഉയര്‍ന്നിട്ടുണ്ട്.
രണ്ട് മീന്‍പിടിത്ത ബോട്ടുകളില്‍ ഐഎസ് തീവ്രവാദികളെന്നു സംശയിക്കുന്നവര്‍ ശ്രീലങ്കയില്‍നിന്നു ലക്ഷദ്വീപിലെ മിനിക്കോയ് ലക്ഷ്യമാക്കി പുറപ്പെട്ടിട്ടുണ്ടെന്നാണ് കേന്ദ്രരഹസ്യാന്വേഷണ വിഭാഗത്തിന്റെ മുന്നറിയിപ്പ്. ഈ സാഹചര്യത്തില്‍ കേരള തീരങ്ങളില്‍ പരിശോധന കര്‍ശനമാക്കാന്‍ നിര്‍ദേശവും നല്‍കിയിരുന്നു.
കടലില്‍ പോകുന്ന മത്സ്യത്തൊഴിലാളികളുംതീരദേശത്തുള്ളവരും സംശയാസ്പദമായ സാഹചര്യത്തില്‍ എന്തെങ്കിലും ശ്രദ്ധയില്‍പ്പെട്ടാന്‍ കോസ്റ്റല്‍ പോലീസിനെ വിവരം അറിയക്കമെന്ന് മുന്നറിയിപ്പ് നല്‍കിയിരുന്നു.
ഇതോടെ തീരദേശ പോലീസിന്റെ ലാന്റ് ഫോണ്‍ നമ്പറാണ് പലരും സൂക്ഷിച്ചിരിക്കുന്നത്. എന്നാല്‍ എന്തെങ്കിലും വിവരം കൈമാറാനായി സ്റ്റേഷനിലേക്ക് വിളിച്ചാല്‍ കിട്ടില്ല. ഫോണ്‍ തുടര്‍ച്ചയായി റിംഗ് ചെയ്യുമെന്നല്ലാതെ സ്റ്റേഷനിലുള്ളവര്‍ക്ക് ഫോണ്‍ കോള്‍ വരുന്നുണ്ടോയെന്ന് മനസിലാക്കാന്‍ സാധിക്കില്ല.
സ്റ്റേഷനിലെഎസ്ഐയുടേയോ സിഐയുടേയും മൊബൈല്‍ നമ്പറില്‍ ബന്ധപ്പെട്ട് വിവരങ്ങള്‍ കൈമാറാനാണ് പോലീസ് ഇപ്പോള്‍ പറയുന്നത്. അസൗകര്യങ്ങള്‍ക്ക് നടുവിലുള്ള കോസ്റ്റല്‍ പോലീസിന് കൂടുതല്‍ സൗകര്യങ്ങള്‍ ഒരുക്കാൻ ഇനിയും ആഭ്യന്തരവകുപ്പ് തയാറായിട്ടില്ല.
ജില്ലയിലെ മൂന്ന് കോസ്റ്റല്‍ സ്റ്റേഷനുകളിലും ഓരോ ഇന്റര്‍സെപ്റ്റര്‍ ബോട്ട് അനുവദിച്ചിട്ടുണ്ടെങ്കില്‍ ഇവയൊന്നും ഇപ്പോള്‍ കടലിലിറക്കാറില്ല. ഇപ്പോള്‍ മറൈന്‍ എന്‍ഫോഴ്സ്മെന്റിന്റെ സഹായത്തോടെയാണ് കടലില്‍ പരിശോധന നടത്തുന്നത്.