കോഴിക്കോട്: കേന്ദ സഹമന്ത്രി വി. മുരളീധരനെ അപായപ്പെടുത്തുമെന്ന് ഭീഷണി ഫോണ്‍ കോളുമായി ബന്ധപ്പെട്ട് സെന്‍ട്രല്‍ എക്സൈസ് ഇന്‍സ്പെക്ടറുടെ കോള്‍ ഡീറ്റെയില്‍ റിപ്പോര്‍ട്ട് (സിഡിആര്‍ ) പരിശോധിക്കുന്നു. ഇന്‍സ്പെക്ടര്‍ ഉപയോഗിക്കുന്ന മൊബൈല്‍ നമ്പറില്‍ നിന്നാണ് സിറ്റി പോലീസ് മേധാവിക്ക് ഭീഷണി കോള്‍ ലഭിച്ചത്. സംഭവത്തില്‍ സെന്‍ട്രല്‍ എക്സൈസ് ഇന്‍സ്പെക്ടര്‍ക്ക് പങ്കില്ലെന്നാണ് പോലീസ് പ്രാഥമിക നിഗമനം.
ഇദ്ദേഹത്തിന്റെ മൊബൈല്‍ നമ്പറിലേക്ക് നിരവധി തവണ ഭീഷണികോളുകള്‍ വന്നിട്ടുണ്ട്. കൂടാതെ ഇദ്ദേഹത്തിന്റെ നമ്പറില്‍ നിന്ന് ഫോണ്‍കോളുകള്‍ ഇദ്ദേഹമറിയാതെ പുറത്തേക്ക് പോവുകയും ചെയ്തിട്ടുണ്ട്. നേരത്തെ തന്നെ ഇത്തരത്തിലുള്ള പരാതി സെന്‍ട്രല്‍ എക്സൈസ് ഉദ്യോഗസ്ഥന് നല്ലളം പോലീസിന് നല്‍കിയിരുന്നു. ഈ സാഹചര്യത്തിലാണ് ഫോണ്‍കോള്‍ ഡീറ്റെയില്‍സ് പരിശോധിക്കാന്‍ തീരുമാനിച്ചത്.
പ്രത്യേക സംവിധാനത്തിലൂടെ ഒരാളുടെ മൊബൈല്‍ നമ്പര്‍ ഉപയോഗിച്ച് മറ്റൊരാള്‍ക്ക് ഫോണ്‍ ചെയ്യാനാവുമെന്നാണ് പറയുന്നത്. ഇതിന്റെ സാങ്കേതിക വശങ്ങള് കൂടി സൈബര്‍സെല്‍ പരിശോധിക്കുന്നുണ്ട്. സെന്‍ട്രല്‍ എക്സൈസ് ഉദ്യോഗസ്ഥന്റെ മൊബൈല്‍ നമ്പര്‍ ആരാണ് ഉപയോഗിച്ചതെന്നും മന്ത്രിയെ അപായപ്പെടുത്തുമെന്ന് ഭീഷണിഫോണ്‍ ചെയ്തതാരെന്നും കണ്ടെത്താന്‍ ഇതുവഴി സാധിക്കും.
ചൊവ്വാഴ്ച രാത്രിയാണ് 36 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള ഭീഷണി ഫോണ്‍ കോള്‍ സിറ്റി പോലീസ് കമ്മീഷണര്‍ എ.വി. ജോര്‍ജിന് ലഭിച്ചത്. തന്റെ മൊബൈല്‍ നമ്പര്‍ മറ്റാരോ ദുരുപയോഗം ചെയ്തതാണെന്ന് ചോദ്യം ചെയ്യലില്‍ സെന്‍ട്രല്‍ എക്സൈസ് ഉദ്യോഗസ്ഥന് മൊഴി നല്‍കിയിട്ടുണ്ട്. അതേസമയം സംഭവത്തില്‍ നല്ലളം പോലീസ് കേസെടുത്തിട്ടുണ്ട്. സ്വന്തം നമ്പറില്‍ നിന്ന് ഒരാള്‍ പോലീസ് മേധാവിക്ക് സ്വമേധയാ ഫോണ്‍ ചെയ്ത് ഭീഷണി മുഴക്കില്ലെന്നാണ് പോലീസ് കരുതുന്നത്.
അതേസമയം, മന്ത്രി വി. മുരളീധരനെതിരായ വധഭീഷണിക്കേസിന്റെ അന്വേഷണം സംസ്ഥാന സര്‍ക്കാര്‍ എന്‍ഐഎക്ക് കൈമാറണമെന്ന് ബിജെപി ജില്ല നേതൃയോഗം ആവശ്യപ്പെട്ടു. ജില്ലയിലെ ബിജെപി, സംഘപരിവാര്‍ ഓഫിസുകള്‍ക്കും നേതാക്കന്മാര്ക്കുമെതിരെ ബോബു ഭീഷണിയും വധഭീഷണിയും മുഴക്കുന്നത് ഈയടുത്ത കാലത്ത് വ്യാപകമായിരിക്കുകയാണ്. കോഴിക്കോട് സ്വദേശി കേന്ദ്രമന്ത്രിക്കെതിരായി മുഴക്കിയ വധഭീഷണി അധികൃതര്‍ നിസാരമായി കാണരുതെന്നും ബിജെപി ആവശ്യപ്പെട്ടു.