എംഡി സ്ഥാനം ശരിയാകില്ല? സെന്‍കുമാറിന് അതൃപ്തി; അവധിയില്‍ പ്രവേശിക്കുമെന്ന് സൂചന; സ്ഥാനങ്ങള്‍ക്ക് പിന്നാലെ പോയിട്ടില്ലെന്ന് ടി.പി.സെന്‍കുമാറിന്റെ ഫേസ്ബുക്ക് പോസ്റ്റ്

SENതിരുവനന്തപുരം: ഡിജിപി സ്ഥാനത്തു നിന്നു മാറ്റിയതില്‍ ടി.പി സെന്‍കുമാറിന് അതൃപ്തി. പോലീസ് ഹൗസിംഗ് കണ്‍ട്രക്ഷന്‍ കോര്‍പറേഷന്‍ എം.ഡിയായിട്ടാണ്് സെന്‍കുമാറിനെ മാറ്റിയത്. സ്ഥലമാറ്റ ഉത്തരവ് ലഭിച്ച ശേഷം പ്രതികരിക്കാമെന്നാണ് സെന്‍കുമാറിന്റെ പ്രതികരണം. പുതിയ തസ്തിക ഏറ്റെടുക്കാതെ ദീര്‍ഘകാലം അദ്ദേഹം അവധിയില്‍ പ്രവേശിക്കാനോ കേന്ദ്ര സര്‍വീസിലേയ്ക്ക് മാറാനോ ആലോചിക്കുന്നതായി അദ്ദേഹത്തിനോട് അടുത്ത വൃത്തങ്ങള്‍ പറയുന്നു. ഇന്നു ഉച്ചയോടെ സ്ഥലമാറ്റ ഉത്തരവ് ഇറങ്ങുമെന്ന് അറിയുന്നു.

എല്‍.ഡി.ഫ് സര്‍ക്കാര്‍ അധികാരമേറ്റശേഷം പോലീസ് തലപ്പത്ത് നടത്തിയ ആദ്യ അഴിച്ചുപണിയില്‍ തന്നെ ക്രമസമാധാനച്ചുമതലയുള്ള ഡിജിപി സ്ഥാനത്തു നിന്ന് ഡിജിപി ടി.പി.സെന്‍കുമാര്‍ തെറിക്കുകയായിരുന്നു. ഫയര്‍ഫോഴ്‌സ് മേധാവി ലോക്‌നാഥ് ബെഹ്‌റയാകും പുതിയ പോലീസ് മേധാവി. എഡിജിപി ശങ്കര്‍ റെഡ്ഡിക്ക് പകരം ജേക്കബ് തോമസിനെ വിജിലന്‍സ് ഡയറക്ടറായും നിയമിച്ചു. വിരമിക്കാന്‍ ഒരുവര്‍ഷം മാത്രം ബാക്കിയിരിക്കെയാണ് ടി.പി.സെന്‍കുമാറിനെ പോലീസ് മേധാവി സ്ഥാനത്തു നിന്ന് നീക്കിയത്.

ക്രമസമാധാന ചുമതലയുള്ള ഡിജിപിയെ മാറ്റുമ്പോള്‍ അതിനുള്ള കാരണം വ്യക്തമാക്കേണ്ടതുണ്ട്. ഇക്കാര്യങ്ങളിലെ നടപടിക്രമങ്ങളെല്ലാം പൂര്‍ത്തിയാക്കിയാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ ഫയലില്‍ ഒപ്പുവെച്ചത്.  സാധാരണഗതിയില്‍ പുതിയ സര്‍ക്കാര്‍ അധികാരമേറ്റാലും ക്രമസമാധാന ചുമതലയുള്ള ഡിജിപിയെ അപൂര്‍വങ്ങളില്‍ അപൂര്‍വമായി മാത്രമെ മാറ്റാറുള്ളു.

ഇന്റലിജന്‍സ്, വിജിലന്‍സ് മേധാവി സ്ഥാനങ്ങളിലെ പുതിയ സര്‍ക്കാര്‍  കാര്യമായ മാറ്റം വരുത്താറുള്ളു.
മുമ്പ് വിജിലന്‍സ് എഡിജിപി ആയിരുന്ന കാലത്ത് ജേക്കബ് തോമസിന്റെ പല നിലപാടുകളും യുഡിഎഫ് സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കിയിരുന്നു. തുടര്‍ന്ന് അദ്ദേഹത്തെ ഫയര്‍ഫോഴ്‌സ് മേധാവിയായും അതിനുശേഷം പോലീസ് ഹൗസിംഗ് കണ്‍സ്ട്രക്ഷന്‍ കോര്‍പറേഷന്‍ എംഡി സ്ഥാനത്തേക്കും മാറ്റുകയായിരുന്നു.

സ്ഥാനങ്ങള്‍ക്ക് പിന്നാലെ പോയിട്ടില്ലെന്ന് ടി.പി.സെന്‍കുമാര്‍

തിരുവനന്തപുരം: സ്ഥാനമാനങ്ങള്‍ക്കായി താന്‍ ആരുടെയും പിന്നാലെ പോയിട്ടില്ലെന്ന് ഡിജിപി സ്ഥാനം നഷ്ടപ്പെട്ട മുതിര്‍ന്ന ഐപിഎസ് ഓഫീസര്‍ ടി.പി.സെന്‍കുമാര്‍. സ്റ്റേറ്റ് പോലീസ് ചീഫ് എന്ന തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് സെന്‍കുമാര്‍ ഇക്കാര്യം വ്യക്തമാക്കിയത്. സംസ്ഥാന പോലീസ് മേധാവി എന്ന നിലയിലുള്ള തന്റെ അവസാന ഫേസ്ബുക്ക് പോസ്റ്റായിരിക്കും ഇതെന്ന മുഖവുരയോടെയാണ് അദ്ദേഹത്തിന്റെ കുറിപ്പ്.

35 വര്‍ഷത്തെ തന്റെ സര്‍വീസില്‍ ക്രമവിരുദ്ധമായി ഒന്നും ചെയ്തിട്ടില്ലെന്നും തന്റെ ഉദ്യോഗസ്ഥരോട് നിയമം ലംഘിച്ച് ഒന്നും ചെയ്യാന്‍ ആവശ്യപ്പെട്ടിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. പൂര്‍ണ സംതൃപ്തിയോടെ തനിക്ക് ഡിജിപി പദവി ഒഴിയാം. തെളിവുകള്‍ നിര്‍മിച്ച് ഒരു നിരപരാധിയെയും തന്റെ കാലത്ത് അറസ്റ്റ് ചെയ്തിട്ടില്ലെന്നും തന്നോട് സഹകരിച്ച എല്ലാവര്‍ക്കും നന്ദിയുണ്‌ടെന്നും സെന്‍കുമാര്‍ പറഞ്ഞു.

Related posts