ബസില്‍നിന്നു വലിച്ചിറക്കി 16 പേരെ ഭീകരര്‍ വെടിവച്ചുകൊന്നു

ISകുണ്ടുസ്: അഫ്ഗാനിസ്ഥാനിലെ അലിയാബാദ് ജില്ലയിലെ പ്രശ്‌നബാധിത പ്രദേശമായ കുണ്ടുസില്‍ താലിബാന്‍ ഭീകരര്‍ 16 ബസ് യാത്രക്കാരെ കൊലപ്പെടുത്തുകയും നിരവധി ആളുകളെ തട്ടിക്കൊണ്ടു പോകുകയും ചെയ്തു. കഴിഞ്ഞ വര്‍ഷമാണ് ഈ മേഖലയുടെ നിയന്ത്രണം സൈന്യത്തില്‍നിന്നു ഭീകരര്‍ പിടിച്ചെടുത്തത്.

പതിനാറ് പേരെ ബസില്‍നിന്നു വലിച്ചിറക്കി വെടിവച്ചുകൊന്നതിനു പുറമെ നിരവധി പേരെ ബന്ദികളാക്കുകയും ചെയ്തു. ഏതാനും പേര്‍ രക്ഷപ്പെട്ടു. ഇപ്പോഴും മുപ്പതോളം പേര്‍ ഭീകരരുടെ കസ്റ്റഡിയിലാണെന്നു ഗവര്‍ണറുടെ വക്താവ് മഹ്മൂദ് ഡാനീഷ് പ്രസ്താവനയില്‍ അറിയിച്ചു.

എന്നാല്‍ 17 പേര്‍ കൊല്ലപ്പെട്ടതായി പോലീസ് മേധാവി ഷിര്‍ അസീസ് കമവാള്‍ അറിയിച്ചു. ഏതാണ്ട് 200 ആളുകള്‍ യാത്ര ചെയ്തിരുന്ന നാലു ബസുകളാണ് താലിബാന്‍ പിടിച്ചെടുത്തത്. യാത്രക്കാരില്‍ ആരും സൈനിക വേഷം ധരിച്ചിരുന്നില്ലെങ്കിലും ഇതില്‍ ചില മുന്‍ പോലീസ് ഉദ്യോഗസ്ഥര്‍ യാത്രക്കാരായുണ്ടായിരുന്നു.

അലിയാബാദിലെ താലിബാന്‍ നിയന്ത്രണത്തിലുള്ള സ്ഥലത്തെ മോസ്കിനു സമീപം അനധികൃത താലിബാന്‍ കോടതി പ്രവര്‍ത്തിക്കുന്നതായും പിടിയിലായവരില്‍ സര്‍ക്കാരുമായി ബന്ധപ്പെട്ട ആളുകളെ തിരിച്ചറിയാന്‍ ഇവരുടെ രേഖകള്‍ കോടതി പരിശോധിച്ചതായും പരിസര വാസികള്‍ പറഞ്ഞു.

അഫ്ഗാനിസ്ഥാന് സമീപമുള്ള ദേശീയപാതകളില്‍ ഭീകരരുടെ സാന്നിധ്യം കൂടുതലാണ് താലിബാന്‍ ഉള്‍പ്പെടെയുള്ള മറ്റ് ഭീകരസംഘടനകള്‍ യാത്രക്കാരെ വധിക്കുന്നതും മറ്റ് അതിക്രമങ്ങളും നിത്യസംഭവങ്ങളാണ്.

Related posts