വയനാടിന്റെ കാര്ഷികപെരുമയ്ക്ക് എന്നും അലങ്കാരമായി ഉയര്ന്നുനില്ക്കുന്ന സ്ഥാപനമാണ് അമ്പലവയല്‍ കാര്‍ഷിക ഗവേഷണ കേന്ദ്രം. ഒരു ജനതയുടെ കാര്‍ഷിക സംസ്കാരത്തെ കരുപ്പിടിപ്പിക്കുന്നതില്‍ ഈ സ്ഥാപനം വഹിക്കുന്ന പങ്ക് വളരെ വലുതാണ്. ജൈവസമ്പത്തുകൊണ്ടും പ്രകൃതിരമണീയതകൊണ്ടും ലോകശ്രദ്ധ നേടിയ വയനാടിന്റെ ജൈവ കാര്‍ഷിക മേഖലയെ സമ്പുഷ്ടീകരിക്കുന്നതില്‍ മഹനീയ പരിശ്രമമാണ് അമ്പലവയല്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന പ്രാദേശിക കാര്‍ഷിക ഗവേഷണ കേന്ദ്രം നടത്തുന്നത്. പശ്ചിമഘട്ടത്തില്‍ ഉള്‍പ്പെടുന്ന വയനാട് അതീവ പാരിസ്ഥിതിക ലോലപ്രദേശമായതു കൊണ്ടുതന്നെ ഇവിടെ അവലംബിക്കേണ്ട കൃഷിരീതിയും അതീവ ശ്രദ്ധയോടുകൂടിയുള്ളതാകണമെന്ന് ഓരോ ഘട്ടത്തിലും കര്‍ഷകരെ ഇവര്‍ ഓര്‍മിപ്പിച്ചുകൊണ്ടേയിരുന്നു.
വയനാട് കൊളോണിയല്‍ സ്കീമിന്റെ ഭാഗമായി 1946ല്‍ മദ്രാസ് പ്രസിഡന്‍സിയുടെ കീഴിലാണ് അമ്പലവയലില്‍ കാര്‍ഷിക വകുപ്പ് എന്ന സ്ഥാപനം ആരംഭിച്ചത്. കേരള സംസ്ഥാന രൂപീകരണത്തിനുശേഷം കേന്ദ്ര ഹോര്‍ട്ടികള്‍ച്ചര്‍ ഡിപ്പാര്‍ട്ട്മെന്റ്് ആയി 1966ല്‍ ഇത് ഉയര്‍ത്തപ്പെട്ടു. പിന്നീട് 1983ല്‍ പ്രാദേശിക കാര്‍ഷിക ഗവേഷണ കേന്ദ്രമായി മാറി. നാളിന്നുവരെ മലയോര മേഖലയിലെ കാര്‍ഷിക വികസനത്തിന് ഉതകുന്നതരത്തിലുള്ള പ്രവര്‍ത്തനങ്ങളാണ് കാഴ്ചവച്ചത്. 87 ഹെക്ടറില്‍ വ്യാപിച്ചുകിടക്കുന്ന അമ്പലവയല്‍ കാര്‍ഷിക ഗവേഷണ കേന്ദ്രത്തില്‍ 15 ബ്ലോക്കുകളിലായി ജൈവ കാര്‍ഷിക ഉത്പന്നങ്ങള്‍ ഉത്പാദിപ്പിക്കുന്നുണ്ട്. ഗവേഷണ സ്ഥാപനത്തിനപ്പുറം വയനാടിന്റെ കാര്‍ഷിക സംസ്കൃതിയെ അതിന്റെ തനിമയോടെ നിലനിര്‍ത്താനുള്ള ശ്രമവും ഈ സ്ഥാപനം നടത്തുന്നു. ഇതിന്റെ ഭാഗമായി കാര്‍ഷിക ഗവേഷണ കേന്ദ്രത്തിന്റെ കീഴില്‍ സ്ത്രീകള്‍ക്ക് മാത്രമായി സ്വയംസഹായസംഘങ്ങളും രൂപികരിച്ചു.
60 ഓളം സ്ത്രീകള്‍ ഇന്നിവിടെ ജോലി ചെയ്യുന്നുണ്ട്. നന്മയുടെ കാര്‍ഷിക പാഠങ്ങള്‍ ഇവിടെയെത്തുന്ന വിനോദസഞ്ചാരികളേയും കര്‍ഷകരേയും ചൊല്ലിപ്പഠിപ്പിക്കുന്നതില് ഇവര്‍ക്കും വലിയൊരു സ്ഥാനമുണ്ട്. 87 ഹെക്ടറില്‍ 15 ബ്ലോക്കുകളിലായി സുഗന്ധവിളകളും, പച്ചക്കറികളും, പഴവര്‍ഗങ്ങളും നാട്ടുനനച്ച് വളര്‍ത്തുന്നത് ഇവരാണ്. ഇതിന്റെ വിപണനവും ഇവര്‍ തന്നെ നടത്തുന്നു. ഇതില്‍ നിന്നുള്ള ആദായം തന്നെയാണ് ഇവരുടെ ജീവിതോപാധിയും. കാര്‍ഷിക ഗവേഷണ കേന്ദ്രത്തിനോട് ചേര്‍ന്നുതന്നെ വിപണന കേന്ദ്രങ്ങളുമുണ്ട്. ഇവിടെ ഉത്പാദിപ്പിക്കുന്ന കാര്‍ഷിക വിളകള്‍ തന്നെയാണ് ഇവിടെവച്ചു വില്‍ക്കുന്നത്. അതിനോടൊപ്പം തന്നെ ഉത്പന്നങ്ങള്‍ സംസ്കരിച്ചെടുത്ത് പലതരത്തിലുള്ള അച്ചാറുകളും സ്ക്വാഷുകളുമുണ്ടാക്കി വില്‍ക്കുന്നു. 150ലേറെ സ്വാദൂറുന്ന, ഗുണമേന്മയുള്ള വിവിധയിനം അച്ചാറുകളും സ്ക്വാഷുകളും ജാമുകളും, സുഗന്ധവ്യഞ്ജനങ്ങളും ദിവസേന ഈ കൗണ്ടറുകള്‍ വഴി വിറ്റുപോകുന്നുണ്ട്.
വയനാടിന്റെ വിനോദസഞ്ചാര മേഖലയില്‍ അമ്പലവയലിനെന്നും പ്രഥമ സ്ഥാനമുണ്ട്. ആദിമ മനുഷ്യന്റെ ചരിത്രം കോറിയിട്ട എടക്കല്‍ ഗുഹ സന്ദര്‍ശിക്കാനെത്തുന്നവര്‍ കാര്‍ഷിക ഗവേഷണ കേന്ദ്രവും അവരുടെ വിനോദസഞ്ചാര ഭൂപടത്തില്‍ കോറിയിടുന്നു. തദ്ദേശീയരായ സഞ്ചാരികളെ ആകര്‍ഷിക്കുവാനും പുതിയൊരു കാര്‍ഷിക സംസ്കാരം അവരിലേക്ക് വളര്‍ത്താനുമായി 2014 ല്‍ “പൂപ്പൊലി’യെന്ന പേരില്‍ പുഷ്പോത്സവത്തിന് തുടക്കം കുറിച്ചു. മൂന്നാമത്തെ പൂപ്പൊലി ഫെബ്രുവരി നാലിന് കൊടിയിറങ്ങുമ്പോള്‍ പുത്തനൊരു കാര്‍ഷികരീതി നമ്മുടെ മണ്ണിലും ഫലവത്താക്കാന്‍ കഴിയുമെന്ന് കര്‍ഷകരെ പഠിപ്പിക്കുവാന്‍ കാര്‍ഷിക ഗവേഷണ കേന്ദ്രത്തിനും കാര്‍ഷിക വിജ്ഞാന കേന്ദ്രത്തിനും കഴിഞ്ഞു.
പുഷ്പകൃഷിയിലൂടെ നമ്മുടെ തൊട്ടടുത്ത സംസ്ഥാനങ്ങള്‍ ലാഭം കൊയ്യുമ്പോള്‍ നമ്മുടെ കര്‍ഷകര്‍ക്കും പുഷ്പകൃഷിയുടെ സാധ്യതകള്‍ തുറന്നിട്ടുകൊടുക്കുകയാണ് ഈ സ്ഥാപനങ്ങള്‍. പുതിയ തലമുറ പുഷ്പകൃഷിയോട് കാണിക്കുന്ന താത്പര്യത്തിനു പുറകിലും ഇവരുടെ ശ്രമഫലംതന്നെയാണ്. കാര്‍ഷിക ടൂറിസത്തിന്റെ ഈറ്റില്ലമായി അമ്പലവയല്‍ കാര്‍ഷിക ഗവേഷണ കേന്ദ്രത്തെ വിശേഷിപ്പിക്കാം. ദിവസവും വിദേശികളും സ്വദേശിയരുമായി നിരവധി സഞ്ചാരികളാണ് കാര്‍ഷിക ഗവേഷണ കേന്ദ്രം സന്ദര്‍ശിക്കാനെത്തുന്നത്. ഇതുവഴി കാര്‍ഷിക ടൂറിസത്തിന് ഏറെ സാധ്യതയുള്ള പ്രദേശമായി മാറാന്‍ വയനാടിന് കഴിയും.
അമ്പലവയല്‍ കാര്‍ഷിക ഗവേഷണകേന്ദ്രത്തിനോട് ചേര്‍ന്നുതന്നെയാണ് കാര്‍ഷിക വിജ്ഞാനകേന്ദ്രവും. കാര്ഷകര്ക്കാവശ്യമുള്ള ഗുണമേന്മയുള്ള വിത്തുകളും നടീല്‍ വസ്തുക്കളും കര്‍ഷകനു സജ്ജീകരിച്ചു നല്‍കുന്നത് ഇവിടെനിന്നാണ്. കാര്ഷികവൃത്തിയിലുണ്ടാകുന്ന എല്ലാത്തരം സംശയങ്ങളും ദുരീകരിച്ചുനല്കുന്നതും ഇവര്‍ തന്നെ. മണ്ണറിഞ്ഞ് വളം പ്രയോഗിക്കുക എന്ന ചൊല്ല് ബലപ്പെടുത്തുന്ന തരത്തിലാണ് കാര്‍ഷിക വിജ്ഞാന കേന്ദ്രത്തിന്റെ പ്രവര്‍ത്തനവും. മലയോരമേഖലയില്‍ കര്‍ഷകര്‍ക്കായി ക്ലാസുകളും ട്രെയിനിംഗും നടത്തിവരുന്നു.
കാര്‍ഷിക ഗവേഷണ കേന്ദ്രത്തിന്റെ ഉപദേശക സമിതിയായി ആത്മ വിജ്ഞാനവ്യാപനകേന്ദ്രവും നിലകൊള്ളുന്നുണ്ട്. ഓരോ മാസവും ചെയ്യേണ്ട കര്‍ഷിക വികസന പ്രവര്‍ത്തനങ്ങള്‍ എന്തൊക്കെയാണെന്ന് ചാര്‍ട്ട് ചെയ്യുന്നതും ആത്മ വിജ്ഞാന കേന്ദ്രവുമായുള്ള സംയുക്ത പ്രവര്‍ത്തനത്തിലൂടെയാണ്. ഓര്‍മയായ പല തനത് നാടന്‍ വിത്തുകളുടെ അമൂല്യ ശേഖരവും ഇവിടെയുണ്ട്. അതില്‍തന്നെ നെല്ലാണ് പ്രധാനം. കുടാതെ ഇഞ്ചി, മഞ്ഞള്‍, ഏലം, കുരുമുളക് എന്നിവയുടെ അപൂര്‍വ ജനിതകശേഖരവും ഇവിടെ സൂക്ഷിക്കുന്നുണ്ട്.
കര്ഷകന് മണ്ണറിഞ്ഞുള്ള വളപ്രയോഗത്തിന് മണ്ണ് പരിശോധന കേന്ദ്രവും ഇതിനോടൊപ്പം പ്രവര്‍ത്തിക്കുന്നു. രാസവളപ്രയോഗം വയനാടിന്റെ ജൈവമണ്ഡലത്തിന് സാരമായ ആഘാതങ്ങള്‍ ഏല്‍പ്പിച്ചിട്ടുണ്ടെങ്കിലും ദീര്‍ഘവീക്ഷണത്തോടെയുള്ള പ്രവര്‍ത്തനങ്ങള്‍കൊണ്ട് ഇത് മാറ്റിയെടുക്കാന്‍ കഴിയുമെന്ന വിശ്വാസത്തിലാണ് ഇവര്‍. നമ്മുടെ മണ്ണില്‍നിന്ന് നഷ്ടപ്പെട്ടുപോയ പല സൂക്ഷ്മജീവികളുടേയും തിരിച്ചുവരവിന് ഇനിയെങ്കിലും മണ്ണറിഞ്ഞുള്ള വളപ്രയോഗമാണ് വേണ്ടതെന്ന് ഇവര്‍ ഓര്‍മിപ്പിക്കുന്നു. മാറിക്കൊണ്ടിരിക്കുന്ന കാര്‍ഷികരീതികള്‍ വയനാടിന്റെ മണ്ണും ജലവും വിഷലിപ്തമാക്കുമ്പോഴും നന്മയുടെ പാഠങ്ങള്‍ ചൊല്ലിക്കൊടുക്കുകയാണ് അമ്പലവയല്‍ കാര്‍ഷിക ഗവേഷണ കേന്ദ്രം.